Movie | പ്രിയദർശൻ എന്ന സംവിധായകനും പൂച്ചക്കൊരു മൂക്കുത്തിയും വന്നിട്ട് 40 വർഷം

 


/ ഡോണൽ മുവാറ്റുപുഴ

(KVARTHA) പ്രിയദർശൻ എന്ന സംവിധായകനും പൂച്ചക്കൊരു മൂക്കുത്തിയും വന്നിട്ട് 40 വർഷം. നമ്മെ പൊട്ടിച്ചിരിപ്പിച്ചതാണ് ഇത് രണ്ടും. പ്രിയദർശൻ ആദ്യമായി സംവിധാന രംഗത്ത് എത്തിയ ചിത്രമായിരുന്നു മോഹൻ ലാൽ, ശങ്കർ, മേനക എന്നിവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച പൂച്ചക്കൊരു മുക്കൂത്തി എന്ന സിനിമ. സൂര്യോദയ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് കുമാറും സനൽകുമാറും ചേർന്ന് നിർമ്മിച്ച പൂച്ചക്കൊരു മൂക്കുത്തി 1980ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഗോപാല റാവു ഗാരി അമ്മായിയിൽ നിന്നും ചാൾസ് ഡിക്കൻസിൻ്റെ ദി സ്ട്രേഞ്ച് ജെൻ്റിൽമാൻ എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ചത്.

Movie | പ്രിയദർശൻ എന്ന സംവിധായകനും പൂച്ചക്കൊരു മൂക്കുത്തിയും വന്നിട്ട് 40 വർഷം

 ഡിന്നി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രത്തിന് വാണിജ്യ വിജയം കൈവരിക്കാനായി. തങ്കമണി രംഗമണി (1989) എന്ന തമിഴ് ചിത്രത്തിന് ഈ ചിത്രം ഭാഗികമായി പ്രചോദനം നൽകി. ഹിന്ദിയിൽ ഹംഗാമ (2003), തെലുങ്കിൽ ഇൻടുലോ ശ്രീമതി വീതിലോ കുമാരി (2004), കന്നഡയിൽ ജൂതത (2005), ബംഗാളിയിൽ ലെ ഹോല ലെ (Le Halua Le - 2012), ബംഗ്ലാദേശിൽ ഭലോബേഷേ ബൗ അൻബോ (Bhalobeshe Bou Anbo - 2009), പഞ്ചാബിയിൽ ലവ്ലി ടെ ലവ്ലി (Lovely Te Lovely - 2015) എന്നിങ്ങനെ വിവിധ ഭാഷകളിലായി പുനർ നിർമ്മിക്കപ്പെട്ടു.

പുതുതലമുറയിലെ പലരും ധരിച്ചു വച്ചിരിക്കുന്നത് മലയാള സിനിമയിൽ കോമഡി ജേണർ ഉണ്ടാവുന്നത് പ്രിയദർശൻ ചിത്രങ്ങളിലൂടെയാണെന്നാണ്. എന്നാൽ വാസ്തവമതല്ല. ഡോ. ബാലകൃഷ്ണൻ്റെ രചനയിൽ ഹരിഹരൻ, പ്രേം നസീറിനെ നായകനാക്കി ധാരാളം കോമഡി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. പിന്നീട് ബാലചന്ദ്ര മേനോനും ഹാസ്യത്തിന് പ്രാധാന്യം നൽകി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. പ്രിയദർശൻ സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് തന്നെ സജീവമായ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളും ഹാസ്യരസത്തിന് ഊന്നൽ നൽകിയവയാണ്. ഇതൊക്കെയാണെങ്കിലും സ്ലാപ്സ്റ്റിക് കോമഡി എന്ന ജേണർ മലയാള സിനിമയിൽ പരീക്ഷിക്കപ്പെടുന്നത് പ്രിയദർശനിലൂടെയാണ്.

വിദേശ ചിത്രങ്ങളുടെ വികലാനുകരണം എന്ന ആക്ഷേപം നിലനിൽക്കെ തന്നെ അത്തരം ചിത്രങ്ങൾ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. എന്തായാലും പ്രിയദർശൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച പൂച്ചക്കൊരു മുക്കുത്തി ഒരു വലിയ വിജയം തന്നെയായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് ശേഷം ശങ്കറും മോഹൻ ലാലുമൊക്കെ മലയാള സിനിമയിൽ കത്തി നിൽക്കുന്ന കാലത്താണ് പ്രിയദർശൻ ഇവർ ഇരുവരെയും വെച്ച് ഒരു ഹാസ്യ സിനിമ പരീക്ഷിച്ചത്. മോഹൻലാലിന് തുടർച്ചയായ വില്ലൻ പരിവേഷത്തിൽ നിന്ന് ഒരു മാറ്റം സമ്മാനിച്ചതും ഈ സിനിമയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതുവരെ വില്ലനിൽ ഒതുങ്ങി നിന്ന മോഹൻലാലിൽ ഒരു ഹാസ്യ നടൻ ഉണ്ടെന്ന് കണ്ടെത്തിയതും ഒരു പക്ഷേ പ്രിയദർശൻ തന്നെ ആയിരിക്കും.

തുടർന്ന് മോഹൻലാൽ നായകനായ ഒരുപിടി ഹാസ്യ ചിത്രങ്ങളാണ് ഇവിടെ ഉണ്ടായത്. ബോയിംഗ് ബോയിംഗ്, കിലുക്കം, താളവട്ടം, ചിത്രം ഒക്കെ ഇതേത്തുടർന്ന് വന്ന സിനിമകൾ ആയിരുന്നു. മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, എം ജി ശ്രീകുമാർ എന്നിവരുടെ കരിയറിലെ നാഴികക്കല്ലായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജി രാധാകൃഷ്ണനാണ്. പൂച്ചക്കൊരു മൂക്കുത്തിയിൽ ശങ്കർ, മേനക, മോഹൻലാൽ എന്നിവരെക്കുടാതെ നെടുമുടി വേണു, എം ജി സോമൻ, സി ഐ പോൾ, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ശ്രീനിവാസൻ, സുകുമാരി, ബൈജു സന്തോഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ബൈജു സന്തോഷിൻ്റെ ബാല്യകാലം അറിയണമെങ്കിൽ ഈ സിനിമ ശ്രദ്ധിച്ചാൽ മതിയാകും

Keywords: News, Malayalam News,   Movies, Entertainment, Cinema, Poochakkoru Mookkuthi, Mohanlal, Priyadharshan, 40 years of director Priyadarshan and 'Poochakkoru Mookkuthi'

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia