E - Scooter | ഇലക്ട്രിക് സ്കൂട്ടറുകളുടെ ചെറിയ അശ്രദ്ധ മാരകമായേക്കാം; അബദ്ധത്തിൽ ഈ 5 തെറ്റുകൾ വരുത്തരുത്; ഡെൽഹിയിൽ സംഭവിച്ചത്!
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ട്
ന്യൂഡെൽഹി: (KVARTHA) രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യം അതിവേഗം വർധിക്കുന്നു. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം സർക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ തന്നെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിക്കുന്നത് അടക്കമുള്ള സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, ഒരു ഇലക്ട്രിക് സ്കൂട്ടറിൽ നിന്നുണ്ടായ തീ ഒരു ബഹുനില കെട്ടിടത്തെ വിഴുങ്ങി. മൂന്ന് പേർ ദാരുണമായി മരിക്കുകയും നിരവധി ആളുകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
ഡെൽഹിയിൽ സംഭവിച്ചത്
ഡെൽഹി കൃഷ്ണ നഗറിലെ നാല് നില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ താഴത്തെ ഭാഗത്ത് 11 ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം ചാർജിന് വെച്ച് ഉടമ പോയിരുന്നു. ഈ സ്‌കൂട്ടറിലാണ് ആദ്യം തീപ്പിടുത്തമുണ്ടായതെന്നും ഇതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്കു പടരുകയായിരുന്നുവെന്ന് ആജ് തക് റിപ്പോർട്ട് ചെയ്‌തു. അൽപസമയത്തിനകം തീ മുകളിലത്തെ നിലകളിലേക്ക് പടരുകയും കെട്ടിടം മുഴുവൻ വിഴുങ്ങുകയും ചെയ്തു.
അത്തരമൊരു സാഹചര്യത്തിൽ, ഇലക്ട്രിക് സ്കൂട്ടറുകളുടെ ഉപയോഗം എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം ഉയർന്നുവരുന്നു. ചാർജിംഗിനിടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിച്ച നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ, നിങ്ങൾക്ക് ഇലക്ട്രിക് സ്കൂട്ടർ ഉണ്ടെങ്കിൽ ചില അശ്രദ്ധകൾ മാരകമായ അപകടങ്ങൾക്ക് കാരണമാകും.
* പാർക്കിംഗ്:
എപ്പോഴും വായുസഞ്ചാരമുള്ളതും അമിത ചൂടില്ലാത്തതുമായ തണലുള്ള സ്ഥലത്ത് ഇലക്ട്രിക് സ്കൂട്ടർ പാർക്ക് ചെയ്യുക. ഇടുങ്ങിയ തെരുവുകളിലോ തിരക്കേറിയ സ്ഥലങ്ങളിലോ നിർത്തിയിടുന്നത് നല്ലതല്ല. ഇതുകൂടാതെ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്തും പാർക്ക് ചെയ്യരുത്.
* സവാരി കഴിഞ്ഞയുടനെ ചാർജ് ചെയ്യരുത്
ഓട്ടം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ സ്കൂട്ടർ ചാർജ് ചെയ്യരുത്. കുറഞ്ഞത് 30 മിനിറ്റ് എങ്കിലും കാത്തിരിക്കുക.
സ്കൂട്ടർ ഉപയോഗിക്കുമ്പോൾ ബാറ്ററി ചൂടാകും. ചാർജ് ചെയ്യുന്നതിനുമുമ്പ് ബാറ്ററിക്ക് തണുക്കാൻ അനുവദിക്കേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽ ബാറ്ററി ചാർജ് ചെയ്യുമ്പോൾ സ്ഫോടനത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. അതിനാൽ, സുരക്ഷിതത്വം ഉറപ്പാക്കാൻ സവാരി കഴിഞ്ഞയുടനെ ചാർജ് ചെയ്യരുത്.
* യഥാർത്ഥ ചാർജർ മാത്രം ഉപയോഗിക്കുക
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ, വാഹന നിർമ്മാതാവ് നൽകുന്ന യഥാർത്ഥ ചാർജർ മാത്രം ഉപയോഗിക്കുക. നിങ്ങളുടെ ചാർജർ കേടാകുകയോ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കരുത്. കമ്പനിയുടെ സേവന കേന്ദ്രത്തിൽ ബന്ധപ്പെട്ട് വിവരം തേടുക. ഗുണനിലവാരമില്ലാത്ത ചാർജറുകൾ തീപിടുത്തം, സ്ഫോടനം അല്ലെങ്കിൽ മറ്റ് അപകടസാധ്യതകൾക്ക് കാരണമാകും.
* ബാറ്ററി നീക്കം ചെയ്യുമ്പോൾ
ബാറ്ററി നീക്കം ചെയ്യാവുന്ന സൗകര്യമുള്ള ഇലക്ട്രിക് സ്കൂട്ടറാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ശ്രദ്ധാപൂർവം സ്കൂട്ടറിൽ നിന്ന് ബാറ്ററി പുറത്തെടുത്ത് സുരക്ഷിതമായി വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. ബാറ്ററി നീക്കം ചെയ്യുന്നതിനുമുമ്പ് എല്ലായ്പ്പോഴും സ്കൂട്ടർ ഓഫ് ചെയ്യുകയും ബാറ്ററി കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്യുക. ബാറ്ററികൾ ഭാരമുള്ളതും ദുർബലവുമാണ്. അവ നീക്കം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ബാറ്ററികൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും കഠിനമായ ചൂടിൽ നിന്നും അകറ്റി സൂക്ഷിക്കുക.
* അമിതമായി ചാർജ് ചെയ്യരുത്
ചിലർക്ക് രാത്രിയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജിംഗിന് വെച്ച് രാവിലെ ഓഫ് ചെയ്യുന്ന ശീലമുണ്ട്. അമിതമായി ചാർജ് ചെയ്യുന്നത് ബാറ്ററി സെല്ലുകളെ നശിപ്പിക്കുകയും അതിന്റെ ആയുസ് കുറയ്ക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, ഇത് സ്ഫോടനത്തിനോ തീപ്പിടുത്തത്തിനോ കാരണമാകും. അതിനാൽ, കമ്പനി നിർദേശിച്ച സമയം മാത്രം സ്കൂട്ടർ ബാറ്ററി ചാർജ് ചെയ്യുക.