കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്ന 'ഡോപ്ലര്‍ റഡാര്‍' ഇതാ വരികയായി

 

(www.kvartha.com 09.01.2016) 'ഇന്നു മുതല്‍ കനത്ത മഴക്കു സാധ്യത, അടുത്ത 24 മണിക്കുറിനുള്ളില്‍ സംസ്ഥാനമൊട്ടാകെ ഇടിയോടു കുടിയ മഴ പെയ്‌തേക്കും , കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക'... തുടങ്ങി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള മുന്നറിയിപ്പുകള്‍ കേട്ടു പഴകിയവരാണ് നാം. സാധ്യത എന്ന പദത്തില്‍ ഊന്നിക്കൊണ്ടാണ് ഇതുവരെയുള്ള മുന്നറിയിപ്പുകളെങ്കില്‍ അറിയിപ്പു വന്നാലും മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെങ്കിലും ഇനി അങ്ങനെയാവില്ല.

ഒന്നു പുറത്തേക്ക് ഇറങ്ങുമ്പോള്‍ അരമണിക്കൂറിനുള്ളില്‍ തിരിച്ചു വരാന്‍ കുട കരുതണോ വേണ്ടയോ എന്ന് ഡോപ്ലര്‍ സംവിധാനം മുന്‍കുട്ടി പറഞ്ഞു തരും. അരമണിക്കുറിനുള്ളില്‍ മഴയുണ്ടാകുമെങ്കില്‍ അക്കാര്യം കാട്ടി രണ്ടു മണിക്കൂറിനു മുമ്പെത്തന്നെ അറിയിപ്പു ലഭിക്കും. അക്ഷരാര്‍ത്ഥത്തില്‍, തലനാരിഴ കീറി , വളരെ കൃത്യമായി പ്രവചനം സാധ്യമാക്കുന്ന സംവിധാനം ഇതാ വരികയായി.

ആധുനിക ഡോപ്ല നിരീക്ഷണ റഡാറുകള്‍ സ്ഥാപിച്ച് പ്രകൃതിയിലെ മാറ്റങ്ങള്‍ കടുകിട തെറ്റാതെ മുളയില്‍ നിന്നു തന്നെ കണ്ടെത്താനുള്ള അത്യന്താധുനിക സംവിധാനം കേരളത്തില്‍ ആദ്യമായി സ്ഥാപിക്കുന്നത് മധ്യ കേരളത്തിലേക്കായി കൊച്ചിയിലാണെങ്കില്‍ തെക്കന്‍ കേരളത്തെ ലക്ഷ്യമാക്കി തിരുവന്തപുരത്തും, മലബാറിനെ നിരീക്ഷിക്കാന്‍ മംഗലാപുരത്തും ഏര്‍പ്പാടായി വരുന്നു .

ഇതിനാവശ്യമായ രീതിയിലുള്ള 15മീറ്റര്‍ കെട്ടിടം പണി തുടങ്ങിക്കഴിഞ്ഞുവെന്നും കേന്ദ്രത്തിന് ഇതിനായി എട്ടു കോടി ചിലവായെന്നും, യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്റ്റര്‍ സന്തോഷ് പറഞ്ഞു.

കാറ്റിന്റെ ദിശ, സംസ്ഥാനത്തു ലഭിച്ച മഴയുടെ കൃത്യമായ സ്ഥിതിവിവരങ്ങള്‍, പ്രകൃതിയില്‍ സ്ഥുലമായി വരുന്ന ഭാവ വ്യത്യാസങ്ങള്‍ അതുണ്ടാക്കാന്‍ പോകുന്നതിന്റെ ഭീഷണി മുതല്‍ ആശങ്ക വരെ പ്രവചിക്കാന്‍ ഡോപ്ലര്‍ റഡാര്‍ സംവിധാനത്തിനു കഴിയുന്നു. അതിനാല്‍ വ്യക്തമായ കാലാവസ്ഥാ പ്രവചനം, ചുഴലി അമിത താപം, തണുപ്പ്, മറ്റു വ്യതിയാനങ്ങള്‍ പ്രവചിക്കാന്‍ സാധ്യമാകും.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സാധ്യതാ പ്രവചനങ്ങള്‍ക്കു മാത്രമേ മാര്‍ഗമുള്ളു. സ്ഥാപിച്ച സ്ഥലത്തിനു 500 കിലോമീറ്റര്‍ ചുറ്റളവിലെ പ്രവചനം ഇതു മൂലം ഏതാണ്ട് കൃത്യതയോടെ വിലയിരുത്താനാകും. 250 കിലോമീറ്റര്‍ വരെ കണിശമായിരിക്കും. കാസര്‍കോട് അടക്കമുള്ള മലബാറിലെ കാലാവസ്ഥാ നിരീക്ഷണം മംഗലാപുരത്ത് സ്ഥാപിക്കുന്ന റഡാറിന്റെ സഹായത്തോടു കൂടിയായിരിക്കുമെന്ന് സന്തോഷ് അറിയിച്ചു.

റഡാര്‍ അയച്ചു തരുന്ന ശബ്ദ - പ്രകാശ തരംഗങ്ങളുടെ ഭൗതിക പ്രതിഭാസം വിശകലനം ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ആപേക്ഷിക ദൂരത്തിനകത്തെ തരംഗ ദൈര്‍ഘ്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ചുള്ള പഠനം ഉള്‍പ്പെടുന്ന ഡോപ്ലര്‍ തത്വത്തിന്റെ പിന്‍ബലത്തിലായിരിക്കും ഇനി കലാവസ്ഥാ നിരീക്ഷണം നടത്തുക . 1842ല്‍ ജനിച്ച കൃസ്റ്റ്യന്‍ യഹാന്‍ ഡോപ്ലര്‍ എന്ന ആസ്ട്രിയക്കാരനാണ് ഈ തത്വത്തിന്റെ പിതാവ്.

ലോകം കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും ഭീകരനായ ടോര്‍ണാഡോ വായുസ്തംഭത്തിന്റെ ഉറവിടം പോലും അന്തരീക്ഷത്തില്‍ മുള പൊട്ടുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ ഇനി കഴിയും. കാറ്റിന്റെ പ്രവേഗ വിവരങ്ങളും, അവയില്‍ നിന്നുമുള്ള ശബ്ദ ധ്വനികളും ഉല്‍പ്പാദിപ്പിക്കുന്ന പള്‍സ് കണ്ടെത്തിയാണ് ഈ സംവിധാനത്തിലൂടെ വളരെ കണിശമായി പ്രവചനം സാധ്യമാക്കുന്നത്.

പ്രകൃതി ദുരന്തങ്ങളും ഉരുള്‍പ്പൊട്ടലും ഏറെയുണ്ടാകുന്ന കേരളത്തിലും പ്രത്യേകിച്ച് പഞ്ചിമ ഘട്ട നിരകളിലും പ്രപഞ്ചമാകെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം സജീവ ശ്രദ്ധയില്‍ പെട്ടതിന്റെ ഫലമായി രൂപപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശ പ്രദേശങ്ങളും മറ്റും ഇനി ഈ സംവിധാനത്തിന്റെ നിരീക്ഷണത്തില്‍ വരും.

2014 സെപ്തംബര്‍ എട്ടിന് നിലവില്‍ വന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രം തികച്ചും സൗജന്യമായി കേരളത്തിന് ഈ സംവിധാനം നല്‍കുന്നത്. ചെന്നെയില്‍ നടന്ന പ്രളയം കേരളത്തില്‍ ഇതിന്റെ ആവശ്യകതയ്ക്കു വേഗം കൂട്ടി. പ്രകൃതി ദുരന്തം വന്നതിനു ശേഷം പുനര്‍പാര്‍പ്പിക്കാന്‍ എത്ര ലക്ഷം കോടി ചിലവിട്ടാലും ജനങ്ങള്‍ക്ക് തൃപ്തി വരില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് സാധ്യമാകുന്നതിന്റെ പരമാവധി ദുരന്തങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കേന്ദ്രം ഇതിലിടപെടുന്നത്.

കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്ന  'ഡോപ്ലര്‍ റഡാര്‍' ഇതാ വരികയായി
KVARTHA

Also Read:
വാഹനാപകടത്തില്‍ അധ്യാപകന് ഗുരുതരം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്


Keywords:   On the use of advanced Doppler radar techniques to determine horizontal wind fields for operational weather surveillance, Mangalore, Warning, Article.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia