Motivation | 4 ലക്ഷം കൊടുത്ത് 'തെണ്ടി' എന്ന് കേൾക്കണോ? ഇവരെന്ത് കച്ചവടക്കാരാണ്!
മനുഷ്യനായാൽ ആദ്യം വേണ്ടത് ക്ഷമയാണ്
/ സോണി കല്ലറയ്ക്കൽ
(KVARTHA) ഇന്ന് മോട്ടിവേഷൻ എന്നതും ഒരു ബിസിനസ് ആയി മാറുകയാണ്. അല്പം വാചകം അടിക്കാനും സ്റ്റേജിൽ കയറി എന്തെങ്കിലും ഒക്കെ കസർത്തു കാണിക്കാനും അറിയാമെങ്കിൽ ആർക്കും ഇന്ന് ഒരു മോട്ടിവേഷണൽ ട്രെയിനർ ആയി മാറാമെന്നായിരിക്കുന്നു. ചുമ്മാ സോഷ്യൽ മീഡിയായിൽ കൂടിയൊക്കെ വലിയ പബ്ലിസിറ്റിയൊക്കെ ഉണ്ടാക്കി വലിയ രീതിയിൽ ഇവർ ഡിമാൻ്റ് ഉണ്ടാക്കിയെടുക്കും. എന്നാൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് ഇവർക്ക് ലവലേശം അറിവുകാണില്ല. യൂട്യൂബിലൂടെയും മറ്റും കണ്ടതും കേട്ടതുമൊക്കെ പകർത്തി അതുമാത്രമാകും ഇവർ സ്റ്റേജിൽ അവതരിപ്പിക്കുന്നത്. യാതൊരു ഉളുപ്പുമില്ലാതെ എന്ത് പേക്കൂത്തും കാണിക്കാൻ തൊലിക്കട്ടിയുള്ളവർക്ക് നാല് ലക്ഷവും പത്തു ലക്ഷവും ഒക്കെ ഒരു പ്രോഗ്രാമിന് കൊടുക്കുന്ന വിഡ്ഢികളായി അധപതിച്ചുകൊണ്ടിരിക്കുന്നു മലയാളികളായ നമ്മൾ.
കൂടെ ഡോക് ടറേറ്റ് എന്ന മേൽ വിലാസം കൂടി ആയാൽ കച്ചവടം പൊടിപൊടിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം മോട്ടിവേറ്റർമാരും. എന്നാൽ നല്ലൊരു ശതമാനത്തിൻ്റെയും ഈ ഡോക്ടറേറ്റ് ഒന്ന് പരിശോധിച്ചാൽ കൂടുതലും വ്യാജനാണെന്ന് മനസ്സിലാകും. ഇതുപോലെയുള്ള ഉഡായിപ്പ് മോട്ടിവേഷണൽ ട്രെയിനർമാർ ഈ കാലഘട്ടത്തിൽ ഉള്ളപ്പോൾ അവർക്ക് ഡോക്ടറേറ്റ് കൊടുക്കാൻ വ്യാജസ്ഥാപനങ്ങളും വർദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതും ഇപ്പോൾ ഒരു വലിയ ബിസിനസ് ആയിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന പ്രധാന ചർച്ച മോട്ടിവേഷണൽ ട്രെയിനർ എന്ന് പറയപ്പെടുന്ന അനിൽ ബാലചന്ദ്രനെക്കുറിച്ചാണ്. അദ്ദേഹം കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച് നടന്ന റോട്ടറി ഇന്റർനാഷണലിന്റെ മെഗാ ബിസിനസ് കോൺക്ലേവിൽ തുടർച്ചയായി അസഭ്യവാക്ക് വാക്ക് ഉപയോഗിച്ചതാണ് സംസാരമായിരിക്കുന്നത്. 'എന്തുകൊണ്ടാണ് സെയിൽസ് ക്ലോസ് ചെയ്യാൻ പറ്റാത്തത്?' എന്ന വിഷയത്തിലായിരുന്നു അനിൽ ബാലചന്ദ്രന്റെ സംസാരം. കസ്റ്റമറുടെ പിറകെ തെണ്ടാൻ നാണമില്ലേ എന്നു പറഞ്ഞാണ് അനിൽ ബാലചന്ദ്രൻ അധിക്ഷേപം തുടങ്ങിയത്. തുടർന്ന് വ്യവസായികളെ 'തെണ്ടികൾ' എന്നു വിളിച്ച് തെറിവിളി തുടർന്നതോടെയാണ് കേട്ടുനിന്നവർ പ്രതിഷേധിച്ചത്.
പരിപാടിക്കെത്തിയവർ ബഹളം വച്ചതോടെ സംഘാടകർ ഇടപെട്ട് പരിപാടി നിർത്തിക്കുകയായിരുന്നു. ഇപ്പോൾ സംഘാടകർ പറയുന്നു, ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയിൽ സദസ്സിൽ ആളുകുറവാണെന്ന് പറഞ്ഞ് അനിൽ ബാലചന്ദ്രൻ ഹോട്ടലിൽനിന്ന് വേദിയിലേക്കു വരാൻ തയാറായില്ലെന്ന്. ഒരു മണിക്കൂറോളം വൈകിയായിരുന്നു പരിപാടി തുടങ്ങിയത്. ശരിക്കും ബിസിനസുകാരെ മോട്ടിവേറ്റ് ചെയ്യാൻ വന്ന ഇയാൾ വല്ല മാനസികരോഗിയുമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശരിക്കും ഇയാൾക്ക് നല്ലൊരു കൗൺസിലിംഗ് കൊടുക്കേണ്ടത് അല്ലെ. ഇയാളെപ്പോലുള്ളവർ ട്രെയിനിംഗ് കൊടുത്താൽ ട്രെയിനിംഗിന് വന്നവർ എങ്ങനെ നന്നാകും. എന്തായാലും നല്ല മോട്ടിവേറ്റർ തന്നെ.
ഇദ്ദേഹത്തെപ്പോലെയുള്ളവരെ പരിപാടിക്ക് ക്ഷണിച്ച ഇതിൻ്റെ സംഘാടകരെ എന്താണ് വിളിക്കേണ്ടത്. ഇങ്ങനത്തെ ഒരാളാണെന്ന് ആദ്യം അറിയാമെങ്കിൽ പിന്നെ എന്തിനാണ് പരിപാടിയുടെ സംഘാടകർ ഇദ്ദേഹത്തെ വിളിച്ചുവരുത്തി സ്റ്റേജിൽ കയറ്റിയത്. അപ്പോൾ അയാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല സംഘാടകരും കുറ്റക്കാരാണ് എന്ന് പറയേണ്ടിവരും. ഇതിൽ പങ്കെടുക്കാൻ എത്തിയവരോട് ഒരു ചോദ്യം, ഗ്രാസ് റൂട്ടിൽ ബിസിനസ് ചെയ്തു വളർന്നു പന്തലിച്ചവർ പിന്നെ എന്തിനാണ് ഈ കോട്ടും സൂട്ടും ഇട്ട് വായിൽ വരുന്ന തെറി മുഴുവൻ വിളിച്ചുപറയുന്ന ഇമ്മാതിരി ജന്മങ്ങളുടെ മുമ്പിൽ പോയിരുന്നു സമയം കളയുന്നത്. മനുഷ്യനായാൽ ആദ്യം വേണ്ടത് ക്ഷമയാണ്. അതില്ലാത്തവൻ ഒരു ബിസിനസ് ക്ലാസും, ഒരു മോട്ടിവേഷൻ ക്ലാസും നടത്തിയിട്ട് കാര്യമില്ല. പോരാത്തതിന് അഹങ്കാരം കൊട്ടയിൽ ചുമന്നാണ് നടപ്പ്.
അനിൽ ബാലചന്ദ്രൻ തന്നെ പറയുന്നുണ്ട് ഒരു കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളുടെയും വ്യാജ സീലുകളും രസീതുകളും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു, അങ്ങനെയൊക്കെ ആളുകളെ പറ്റിച്ചാണ് ഞാൻ ഇവിടം വരെയെത്തിയത് എന്നൊക്കെ, ഇളിച്ചു കാണിച്ചിട്ട് അങ്ങനെയല്ലേ നിങ്ങളും ഇവിടെ വന്നത് എന്നും പറയുന്നുണ്ട്. എന്നിട്ടും ഇയാളെയൊക്കെ പൊക്കി നടക്കുന്ന ആളുകൾക്ക് ശരിക്കും ആക്രാന്തം അല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാല് ലക്ഷം കൊടുത്ത് തെണ്ടി എന്ന് കേൾക്കുന്ന വിഡ്ഢികൾ. പണം കൊടുത്തു തെറി കേൾക്കാൻ പോകുന്നവരുടെ പേരോ ബിസിനസുമാൻ. നിങ്ങളുടെ കഴിവും അധ്വാനവും കൊണ്ട് ബിസിനസുമാൻ ആയി. എന്നിട്ട് പൈസയും കൊടുത്ത് ഇയാളുടെ തെറി കേൾക്കാൻ പോകുന്നു.
സത്യത്തിൽ ഇവരു പറയുന്നത് കേട്ടൊന്നും ബിസിനസ് ചെയ്യാനാവില്ലന്ന് ബിസിനസ് ചെയ്ത് പരിചയമുള്ളവരെങ്കിലും മനസിലാക്കേണ്ടതായിരുന്നു. ബിസിനസ് മോട്ടിവേഷന് ബിസിനസ് ചെയ്ത് പരിചയമുള്ളവരെയാണ് കൊണ്ട് വരേണ്ടത്. ഇയാൾ എവിടെനിന്നൊക്കെയോ കേട്ടതൊക്കെ സ്റ്റേജിൽ കയറി ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറയുന്നു. ഇയാൾക്ക് ഇയാൾ ട്രെയിനിംഗ് കൊടുക്കുന്ന വിഷയത്തിൽ എന്ത് അടിസ്ഥാന യോഗ്യത, പരിചയമെന്തെന്ന് പരിശോധിക്കേണ്ടതായിരുന്നു. ഇത് പോലത്തെ മോട്ടിവേഷൻ ക്ലാസ്സ് കഴിഞ്ഞ് അല്ല യൂസഫ് അലിയും, രവി പിള്ളയും ഒന്നും വളർന്നത്. അവരുടെ അധ്വാനവും, അനുഭവവും കൊണ്ടാണ്. മേലനങ്ങി പണിയെടുക്കാൻ തയ്യാറുണ്ടെങ്കിൽ ഇമ്മാതിരി ഒരു മോട്ടിവേഷന്റെയും ആവശ്യമില്ല. തെറിയും കേൾക്കേണ്ടെന്ന് മനസിലാക്കുക.
കത്തി മൂർച്ച കൂട്ടുന്ന അരം കണ്ടിട്ടില്ലേ. അത് കൊണ്ട് കത്തിയും വാളുമെല്ലാം മൂർച്ച കൂട്ടി കാണ്ടാമൃഗത്തെ പോലും വെട്ടി കൊല്ലാൻ പറ്റും. പക്ഷെ അരം കൊണ്ട് ഒരു തക്കാളി പോലും മുറിക്കാൻ കഴിയില്ല. അത് പോലെയാണ് മോട്ടിവേഷൻ ക്ലാസ് എടുക്കുന്നവർ. ചില ബിസിനസുകാർ മണ്ടന്മാർ ആണോ എന്ന് ഇതുപോലെയുള്ള ആളുകൾക്ക് പൈസ ഉണ്ടാക്കി കൊടുക്കുമ്പോൾ തോന്നിപ്പോകും. ബിസിനസ് തുടങ്ങാൻ ഇതുപോലെ ഉള്ള ഒരാളുടെയും ആവശ്യമില്ല. എന്നാൽ, ഒന്ന് പച്ച പിടിച്ചാൽ പിന്നെ ഇതുപോലെ ഉള്ളവരുടെ മോട്ടിവേഷൻ ക്ലാസ്സിൽ ഒക്കെ ചെന്ന് പെടുന്നതാണ് ഇന്ന് കാണുന്നത്. വായിൽ ഇരിക്കുന്നതും കേട്ട് അടുത്ത ലെവലിൽ ബിസിനസ് ചെയ്യാൻ ഇറങ്ങും. പിന്നെ എല്ലാം ശുഭം.
ശരിക്കും ഇപ്പോൾ സംഭവിച്ചതിനെപ്പറ്റി പറഞ്ഞാൽ നാല് ലക്ഷം കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതിന് തുല്യം. സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് വളർന്നു വന്നവർക്ക് ഇതു പോലുള്ളവന്മാരുടെ വാചക കസർത്തു മോട്ടിവേഷൻ കിട്ടിയാലെ മതിയാകൂ എന്ന ചിന്ത ആദ്യം ഉപേക്ഷിച്ചാൽ ബിസിനസ് രക്ഷപ്പെടുത്താം. സ്വന്തം അധ്വാനം കൊണ്ട് ബിസിനസ് സ്വയം വളർത്തിയവരാണ് ആ സ്ഥാപനത്തിലെ ഏറ്റവും മികച്ച മോട്ടിവേറ്റർ എന്ന് തിരിച്ചറിയുക. യൂസഫ് അലിയുടെ സ്ഥാപനത്തിലെ ഏറ്റവും വലിയ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്. ഈ സത്യം മനസ്സിലാക്കി ബിസിനസുകാർ പ്രവർത്തിക്കുകയാണ് വേണ്ടത്. ഒപ്പം, മോട്ടിവേഷൻ ക്ലാസ്സുകാർ എല്ലാ വിഭാഗത്തിലും ഉണ്ട്. അതിൽ 99 ശതമാനവും വ്യാജന്മാർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുക.