Congress | തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്, രാഹുൽ ഗ്രൂപ്പും പ്രിയങ്കാ ഗ്രൂപ്പും ആകുമോ?

 


/ മിന്റാ മരിയ തോമസ് 

(KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ അഞ്ചിന് ശേഷം കോൺഗ്രസ് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്. യു.ഡി.എഫ് കോട്ടയായ വയനാട്ടിൽ മത്സരിച്ച രാഹുൽ ഗാന്ധി താൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ അമേഠിയിൽ മത്സരിക്കാതെ മറ്റൊരു കോൺഗ്രസ് മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കാൻ ഇറങ്ങിയതിൽ പല കോൺഗ്രസ് നേതാക്കൾക്കും അമർഷമുണ്ട്. അദ്ദേഹം അമേഠി തിരിച്ചു പിടിക്കാൻ അമേഠിയിൽ തന്നെ മത്സരിക്കാൻ ഇറങ്ങുമെന്നാണ് പലരും പ്രതീക്ഷിച്ചത്. അമേഠിയിൽ തോറ്റാലും വയനാട് നിലനിർത്തുകയും ആവാമായിരുന്നു. പക്ഷേ, അദ്ദേഹം തെരഞ്ഞെടുത്തത് സോണിയാ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചു വിജയിച്ച റായ്ബറേലിയായിരുന്നു.

Congress | തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്, രാഹുൽ ഗ്രൂപ്പും പ്രിയങ്കാ ഗ്രൂപ്പും ആകുമോ? 
ഇവിടെ പലരും കരുതിയത് രാഹുലിൻ്റെ സഹോദരിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നായിരുന്നു. പ്രിയങ്കയ്ക്ക് റായ്ബറേലിയിൽ മത്സരിക്കാൻ താല്പര്യം ഉണ്ടായിരുന്നുവെന്നാണ് വിവരം. അങ്ങനെയിരിക്കെ രാഹുൽ വയനാടിനെക്കുടാതെ റായ്ബറേലിയിൽ കൂടി മത്സരിക്കാൻ ഇറങ്ങിയത് പ്രിയങ്കയെ അനുകൂലിക്കുന്നവരിൽ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ വിജയിക്കുമെന്നിരിക്കെ മറ്റൊരു കോൺഗ്രസ് മണ്ഡലമായ റായ്ബറേലിയിൽ കൂടി മത്സരിക്കുന്നത് കൊണ്ട് എന്ത് നേട്ടമാണ് കോൺഗ്രസിന് ഉണ്ടാകാൻ പോകുന്നതെന്ന് ചോദിക്കുന്ന പ്രിയങ്കാ അനുകൂലികൾ ധാരാളമാണ്.

രാഹുൽ റായ്ബറേലിയിൽ മത്സരിക്കാതെ പ്രിയങ്ക മത്സരിച്ചിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി തന്നെ കോൺഗ്രസിന് ഒരു എം.പിയെ കൂടി ലഭിക്കുമായിരുന്നല്ലോ എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഇനി റായ്ബറേലിയിൽ കൂടി മത്സരിച്ച് അമേഠി പോലെ ഇവിടെയും കോൺഗ്രസിനെ ഇല്ലാതാക്കാനാണോ രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ചോദിക്കുന്നവർ കുറവല്ല. അമേഠിയിൽ മത്സരിക്കാതെ കോൺഗ്രസ് മണ്ഡലമായ റായ്ബറേലി രാഹുൽ തെരഞ്ഞെടുത്തപ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മവീര്യം ചോർന്നുപോയ മട്ടിലാണ്. അമേഠിയിൽ രാഹുൽ വീണ്ടും മത്സരിച്ചിരുന്നെങ്കിൽ ഒരു വീര പോരാളിയുടെ പരിവേഷം രാഹുൽ ഗാന്ധിയ്ക്ക് ലഭിക്കുമായിരുന്നു. അത് ഉത്തരേന്ത്യ മുഴുവൻ കോൺഗ്രസിന് ഒരു ഉണർവ് പകരുമായിരുന്നു. പക്ഷേ, പരാജയഭീതി പൂണ്ട് ഒളിച്ചോടിയ ഒരു ഭീരുവിൻ്റെ രൂപത്തിലാണ് ഇപ്പോൾ ജനം രാഹുലിനെ കാണുന്നത്.

അമേഠിയിൽ മത്സരിച്ച് ജയിച്ച് വയനാട് സീറ്റ് ഒഴിവാക്കിയിരുന്നെങ്കിൽ വയനാട് ജനത പോലും രാഹുലിന് നല്ലൊരു യാത്ര അയപ്പ് നൽകിയേനെ. ഇപ്പോൾ വയനാട് പോലെ ജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിൽ ജയിച്ചിട്ട് വയനാട് ഉപേക്ഷിക്കാൻ നോക്കിയാൽ കഴിഞ്ഞ പ്രാവശ്യവും ഇക്കുറിയും രാഹുലിന് വോട്ട് ചെയ്ത വയനാട് ജനത ഇനി എങ്ങനെയാവും രാഹുലിന് യാത്രയയപ്പ് നൽകുക എന്നത് ചിന്തിക്കാൻ പോലും വയ്യാത്ത കാര്യമാണ്. ഇനി അമേഠിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിക്കെതിരെ പ്രിയങ്കാ ഗാന്ധി തന്നെ മത്സരിച്ചിരുന്നെങ്കിൽ അത് നല്ലത് ആയിരുന്നുവെന്ന് ചിന്തിക്കുന്നവരും ഒരുപാട് ഉണ്ട്. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയുമൊക്കെ വർഷങ്ങളോളം കോൺഗ്രസിന് വേണ്ടി കാത്ത മണ്ഡലമായിരുന്നു അമേഠി. രാഹുൽ എത്തിയ ശേഷം നശിപ്പിച്ച് അത് ബി.ജെ.പി യുടെ കൈയ്യിൽ എത്തിക്കുകയായിരുന്നു. അതുപോലെ റായ് ബറേലിയും രാഹുൽ നശിപ്പിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയ്ക്ക് അമേഠിയിൽ മത്സരിക്കാൻ താല്പര്യമുണ്ടായിരുന്നു. അത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ തൻ്റെ ആശ്രിതന് അമേഠി സീറ്റ് നൽകി രാഹുൽ റായ്ബറേലി കൂടി മത്സരിക്കാൻ തെരഞ്ഞെടുക്കുകയായിരുന്നു. ഇത് ഭാവിയിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ ഭവിഷത്തുകൾക്ക് കാരണമായേക്കാമെന്ന് കരുതുന്നു. ഭാവിയിൽ കോൺഗ്രസ് പാർട്ടി രാഹുൽ ഗ്രൂപ്പ് പ്രിയങ്കാ ഗ്രൂപ്പ് ആയി പിളരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Keywords:  News, Malayalam News, National, Election-News, Lok-Sabha-Election-2024, Rahul Gandhi, Priyanka, What will happen in Congress after the elections?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia