Court Rejected | മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

 


തിരുവനന്തപുരം: (KVARTHA) മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിക്ക് തിരിച്ചടി. ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. 

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ വാദം കേട്ട ശേഷം ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.

Court Rejected | മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

സിഎംആര്‍എലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് മകള്‍ വീണാ വിജയന് സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിന് സിഎംആര്‍എല്‍ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് എസ് ശശിധരന്‍ കര്‍ത്തായുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെട്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതിന് ശേഷമാണ് മകള്‍ വീണാ വിജയന് മാസപ്പടി ലഭിച്ചതെന്നുമാണ് മാത്യുവിന്റെ ആരോപണം. വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ഹര്‍ജിയിലെ ആദ്യ ആവശ്യം. കോടതി ഹര്‍ജിയില്‍ വിധി പറയാനിരിക്കെ മാത്യു നിലപാട് മാറ്റുകയായിരുന്നു.

തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കോടതി വേണോ വിജിലന്‍സ് വേണോയെന്ന് ഹര്‍ജിക്കാരന്‍ ആദ്യം തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി മതിയെന്ന് മാത്യുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

പിന്നാലെ കോടതി കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ രണ്ട് തവണ കോടതി ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്‍ വിവിധ രേഖകള്‍ ഹാജരാക്കി. കരിമണല്‍ ഖനനത്തിന് മുഖ്യമന്ത്രി നേരിട്ട് അനധികൃതമായി അനുമതി നല്‍കാന്‍ ഇടപെട്ടു എന്ന് തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന അഞ്ച് രേഖകളായിരുന്നു കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ രേഖകളിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂടര്‍ കോടതിയെ ധരിപ്പിച്ചത്.

തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കലക്ടറുടെ കത്ത്, കെ എം ഇ ആര്‍ എലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍കാര്‍ തള്ളിയതിനെതിരെ ഹൈകോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരെ സര്‍കാര്‍ വീണ്ടും സിഎംആര്‍എലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി. തുടര്‍ന്ന് കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Keywords: Vigilance court dismisses Kuzhalnadan's plea seeking probe against CM, daughter, Thiruvananthapuram, News, Vigilance Court, Dismissed, Mathiew Kuzhalnadan, Politics, Chief Minister, Pinarayi Vijayan, Veena Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia