Coral Reefs | കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം

 


കൊച്ചി: (KVARTHA) കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസ വ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആര്‍ ഐ) പഠനത്തിലാണ് കണ്ടെത്തിയത്.

അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സി എം എഫ് ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ ഷല്‍ട്ടണ്‍ പാദുവ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണുള്ളത്.

Coral Reefs | കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം

സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ കാലാവസ്ഥാ സ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 

താപ സമ്മര്‍ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി എച് ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാര്‍ന്ന സമുദ്രജൈവസമ്പത്തിന്റെ തകര്‍ചക്കും വഴിയൊരുക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

അമിതമായ താപസമ്മര്‍ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീചിംഗിന് കാരണമാകുന്നതെന്ന് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡി എച് ഡബ്ല്യൂ 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സി എം എഫ് ആര്‍ ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ കെ ആര്‍ ശ്രീനാഥ് പറഞ്ഞു.

Coral Reefs | കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം

പവിഴപ്പുറ്റ് പോലുള്ള സമുദ്ര ജൈവ വൈവിധ്യങ്ങളുടെ തകര്‍ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശ സമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്. കടല്‍പ്പുല്ല് പോലെയുള്ള മറ്റ് സമുദ്ര സമ്പത്തിനും ഉഷ്ണതരംഗം ഭീഷിണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യം കടല്‍ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്‍പ്പിനെ ഇത് അപകടത്തിലാക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ സി എം എഫ് ആര്‍ ഐ നടത്തിവരുന്നുണ്ട്. ഇന്‍ഡ്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാന്‍ ഒരു സമഗ്ര ദേശീയ ഗവേഷണ പദ്ധതി സി എം എഫ് ആര്‍ ഐ തുടങ്ങിയിട്ടുണ്ട്. വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന-പരിപാലന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

Coral Reefs | കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം


Keywords: Study shows that the coral reefs of Lakshadweep dying on massive scale due to the warming of the sea, Kochi, News, Coral Reefs, Heat Wave, Scientist, Study, Fish, CMFRI, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia