Cyber Attack | 'ആ പരിപ്പ് ഇവിടെ വേവില്ല'! മമ്മൂട്ടിക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; താരത്തെ പിന്തുണച്ച് പ്രമുഖരും നെറ്റിസൻസും

 


കൊച്ചി: (KVARTHA) സിനിമ താരം മമ്മൂട്ടിക്ക് നേരെ ഒരു വിഭാഗം നടത്തുന്ന സൈബർ ആക്രമണത്തിൽ താരത്തിന് പിന്തുണയുമായി പ്രമുഖരും നെറ്റിസൻസും രംഗത്തെത്തി. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷര്‍ഷാദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് വിദ്വേഷവും വർഗീയ നിറവും ചാർത്തിയുള്ള പോസ്റ്റുകളും കമന്റുകളും ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ടർബോ ഈ മാസം 23 ന് റിലീസാവാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ.

Cyber Attack | 'ആ പരിപ്പ് ഇവിടെ വേവില്ല'! മമ്മൂട്ടിക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; താരത്തെ പിന്തുണച്ച് പ്രമുഖരും നെറ്റിസൻസും


തുടക്കം, അഭിമുഖത്തിലെ വാക്കുകൾ

ജാതി രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന ചിത്രമാണ് പുഴു. ഈ ചിത്രം ചെയ്യാൻ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നവെന്ന സിനിമയുടെ സംവിധായക റത്തീനയുടെ മുൻ പങ്കാളി മുഹമ്മദ് ഷർഷാദിന്റെ പരാമർശമാണ് ചിലർ വിവാദമാക്കിയത്. ഇതിന് പിന്നാലെ ചില പ്രൊഫൈലുകളിൽ നിന്ന് താരത്തിനെതിരെ വർഗീയ പരാമർശങ്ങൾ ഉണ്ടായി. ഹൈന്ദവരെ മോശക്കാരാക്കാൻ വേണ്ടി മമ്മൂട്ടി മനഃപൂർവം ചെയ്‌ത സിനിമയാണ് പുഴുവെന്നും മമ്മൂട്ടി വെറും മുഹമ്മദ് കുട്ടി മാത്രമാണെന്നും മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും സിനിമകൾ കാണരുതെന്നും പ്രചാരണമുണ്ടായി.

താരത്തെ പിന്തുണച്ച് പ്രമുഖരും നെറ്റിസൻസും

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മമ്മൂട്ടിക്ക് വൻതോതിൽ പിന്തുണ ലഭിക്കുന്നുണ്ട്. 'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം,' എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഫേസ്‍ബുകിൽ കുറിച്ചത്.
മമ്മൂട്ടി മലയാളികളുടെ അഭിമാനമാണെന്ന് മന്ത്രി കെ രാജനും പ്രതികരിച്ചു. 'മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്,' കെ രാജൻ കുറിച്ചു.



അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടിക്കുള്ളതെന്ന് എഐസിസി ജെനറൽ സെക്രടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാർശക്തികൾ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുകിൽ കുറിച്ചു. മമ്മൂട്ടിക്ക് ശക്തമായ പിന്തുണയുമായി നെറ്റിസൻസും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.



Keywords:  News, Malayalam News, Kerala,  Cyber Attack, Mammootty, Movie, Facebook, Social Media, Strong protest against cyber attack on Mammootty


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia