Follow KVARTHA on Google news Follow Us!
ad

Obituary | മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ നിര്യാതനായി

കണ്ണൂര്‍ ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റായിരുന്നു Senior CPM leader, OV Narayanan, Passed Away, Died, Communist, Funeral, Hospital, Treatment, CPM,
കണ്ണൂര്‍: (KVARTHA) മുതിര്‍ന്ന സി പി എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ വി നാരായണന്‍ (85) വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു അന്ത്യം. ഏപ്രില്‍ 28ന് പുലര്‍ചെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗം, മാടായി മണ്ഡലം സെക്രടറി, അവിഭക്ത മാടായി ഏരിയാ സെക്രടറി, കര്‍ഷക സംഘം സംസ്ഥാന കമിറ്റിയംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ക്ലേ ആന്‍ഡ് സിറാമിക്‌സ് ചെയര്‍മാന്‍, കണ്ണൂര്‍ സ്പിനിങ് മില്‍ ചെയര്‍മാന്‍, കെല്‍ട്രോണ്‍ ഡയറക്ടര്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2021ല്‍ എരിപുരത്ത് നടന്ന സി പി എം, സമ്മേളനത്തില്‍ വെച്ച് ജില്ല കമിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. നിലവില്‍ സി പി എം മാടായി കമിറ്റിയംഗവും കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂടീവ് കമിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു.

ഭാര്യ: പി എം ലീല (വിരമിച്ച അധ്യാപിക മുത്തേടത്ത് എച് എസ് തളിപ്പറമ്പ്). മക്കള്‍: മധു ( ദിനേശ് ഐ ടി കണ്ണൂര്‍), മഞ്ജുള , മല്ലിക. മരുമക്കള്‍: ബ്രിഗേഡിയര്‍ ടി വി പ്രദീപ് കുമാര്‍, കെ ഉണ്ണികൃഷ്ണന്‍ (മുംബൈ) സീനമധു (കണ്ണപുരം). സഹോദരി ഒ വി ദേവി.

ജില്ലയില്‍ സി പി എം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ഒ വി നാരായണന്‍. അടിയന്തരാവസ്ഥയിലും, ഉള്‍പാര്‍ടി പ്രതിസന്ധികളിലും ജില്ലയിലെ പാര്‍ടിയെ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കുന്നതില്‍ ഒ നാരായണന്‍ കാണിച്ച ധീരതയും സംഘടനാ വൈഭവം ശ്രദ്ധേയമാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കല്യാശേരി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

ഏഴോം ഓലക്കല്‍ തറവാട്ടില്‍ 1939 ജൂണ്‍ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എല്‍ പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയര്‍ എലിമെന്ററി സ്‌കൂള്‍ (ബോയ്‌സ് ഹൈസ്‌കൂള്‍) എസ് എസ് എല്‍ സി പാസായി. ദാരിദ്ര്യമൂലം തുടര്‍പഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയില്‍ തൊഴിലാളിയായി. നാട്ടില്‍ മടങ്ങിയെത്തി കര്‍ഷക തൊഴിലാളിയായി. 1959 വരെ ഇതില്‍ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് - കര്‍ഷകസംഘം നേതാക്കളായ ടി പി, പി വി അപ്പക്കുട്ടി, പയ്യരട്ട രാമന്‍, പരിയാരം കിട്ടേട്ടന്‍, കാക്കാമണി കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

1958 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയംഗമായി. സാധാരണ പാര്‍ടിയംഗത്തില്‍ നിന്നും ജില്ലാ സെക്രടറിയേറ്റംഗം വരെയായി ഉയര്‍ന്നു. സംഘാടകന്‍, സഹകാരി, ഭരണകര്‍ത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. പാര്‍ടി സിദ്ധാന്തവും പ്രേയോഗവും കൂട്ടിയിണക്കുന്നതില്‍ അസാമാന്യ പാടവമുള്ളനേതാവായിരുന്നു ഒ വി.

ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലുടെ എതിരാളികളില്‍പോലും മതിപ്പുളവാക്കി. പാര്‍ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസില്‍ ഒ വി എന്ന ചുരുക്കപേരില്‍ നിറഞ്ഞുനിന്നു. കാര്‍ഷിക ഗ്രാമമായ ഏഴോത്തെ കൃഷിക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച ഒ വി കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റായി 16 വര്‍ഷം പ്രവര്‍ത്തിച്ചു. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളിലടക്കം ഇടപെടാനും സമരങ്ങള്‍ നയിക്കാനും ഈ അനുഭവ പാഠം സഹായകമായി.

ജില്ലാ പഞ്ചായത് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ കാര്‍ഷിക മേഖലയിലടക്കം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായതിനുള്ള സ്വരാജ് ട്രോഫി നേടി. സി പി ഐയുടെ ജില്ലയിലെ പ്രധാന നേതാവെന്ന നിലയില്‍ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. ഏഴോത്തെ ചെമ്മീന്‍കണ്ടി പ്രശ്‌നം രമ്യമായി പരിഹരിച്ചതിന്റെ പേരില്‍ മുതലാളിമാരുടെ താല്‍പര്യത്തിന് വഴങ്ങി പൊലീസ് അകാരണമായി വേട്ടയാടി. വീട് റെയ്ഡ് ചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഒ വി യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചു. അടിയന്തരാവസ്ഥയില്‍ മിസാ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലടച്ചു. രണ്ടു വര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിച്ചു.

1970ലെ മാടായി മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ലീഗുകാര്‍ അഴിച്ചുവിട്ട തേര്‍വാഴ്ചയെ അതിജീവിച്ചത് ഒ വി യുടെ നേതൃപാടവം കൊണ്ടു കൂടിയായിരുന്നു. സി പി എം പ്രവര്‍ത്തകരുടെ വീടും മറ്റും അക്രമിക്കപ്പെട്ടു. വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഭീഷണി വകവെക്കാതെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാട്ടൂലില്‍ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിലെ ഒ വി യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് അതിക്രമത്തിന് അയവ് വന്നത്.


സഹകരണ മേഖലകളെ ഭാവനപൂര്‍ണമായ ഇടപെടലിലൂടെ മുന്നോട്ടു നയിച്ചു. കേരള സിറാമിക്‌സും, സ്പിനിങ് മിലും ഉല്‍പാദനക്ഷമമാക്കുന്നതില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ജില്ലാ പഞ്ചായത് പ്രസിഡന്റായി പ്രവര്‍ത്തിച്ച കാലയളവില്‍ ജില്ലയിലെ വിദ്യാഭ്യാസ മികവിന് അടിത്തറ പാകി. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. സ്വാതന്ത്ര്യപൂര്‍വകാലത്ത് ജനിച്ച്, സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം വളര്‍ന്ന് കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച സഹന- സമര ഭരിതമായ ഒരു ജീവിതത്തിന്റെ കൂടി വിടവാങ്ങലാണ് ഒ വി നാരായണന്റെ വിയോഗത്തില്‍ സി പി എം മാടായി ഏരിയ കമിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിക്ക് പരിയാരം മെഡികല്‍ കോളജില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങും. വിലാപയാത്രയായി എരിപുരം സി പി എം മാടായി ഏരിയകമിറ്റി ഓഫീസില്‍ എത്തിക്കും. രാവിലെ 9.30 മുതല്‍ 11.30 വരെ എരിപുരം എ കെ ജി മന്ദിരത്തിലും തുടര്‍ന്ന് സി പി എം ഏഴോം ലോകല്‍കമിറ്റി ഓഫീസില്‍ രണ്ട് മണിവരെയും പൊതുദര്‍ശനത്തിന് വെക്കും. രണ്ടുമണിക്കൂറിന് ശേഷം വീട്ടില്‍ എത്തിക്കുന്ന ഭൗതിക ദേഹം 3.30 മണിക്ക് ഏഴോം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. വൈകിട്ട് നാലുമണിക്ക് ഏഴോം പഞ്ചായതിന് സമീപം അനുശോചനയോഗം ചേരും.

Keywords: News, Kerala, Kannur, Kannur-News, Obituary, Senior CPM leader, OV Narayanan, Passed Away, Died, Communist, Funeral, Hospital, Treatment, CPM, Panchayath President, Senior CPM leader OV Narayanan passed away.

Post a Comment