Follow KVARTHA on Google news Follow Us!
ad

Ramakkalmedu | സദാ വീശിയടിക്കുന്ന കുളിർ കാറ്റ്, എപ്പോഴും കോടമഞ്ഞ് പുതച്ചുറങ്ങുന്ന സ്ഥലം; യാത്രപോകാം രാമക്കൽമേടിലേക്ക്

ഇടുക്കിയിലെ നയനമനോഹരമായ പ്രദേശം Travel, Tourism, Tour, Ramakkalmedu, Idukki
/ മിന്റാ മരിയ തോമസ്

(KVARTHA) ഇടുക്കി ജില്ല എന്ന് കേൾക്കുമ്പോൾ പല വിനോദസഞ്ചാരികളുടെയും മനസ്സിൽ തെളിയുന്ന ചിത്രം മൂന്നാർ ആണ്. എന്നാൽ മൂന്നാർ പോലെ എന്നാൽ അതിൽ നിന്നും വിത്യസ്തമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. ഈ സ്ഥലത്തെപ്പറ്റി പലർക്കും വലിയ അറിവുണ്ടാകുകയില്ല. അതിനാൽ ആണ് ഇവിടം പരിചയപ്പെടുത്തുന്നത്. ഇടുക്കി ജില്ലയിൽ ഏറ്റവും അധികം കാറ്റ് വീശുന്ന നയനമനോഹരമായ പ്രദേശമാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. അത് തന്നെയാണ് രാമക്കൽമേട് ആസ്വാദ്യകരമാക്കുന്നത്. തമിഴ് നാടിനോട് വളരെ അടുത്തുകിടക്കുന്ന ഈ സ്ഥലം ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്.
 
Ramakkalmedu: Hill destination in Idukki

ഐതിഹ്യം

രാമക്കൽമേടിൽ നിന്ന് താഴേയ്ക്ക് നോക്കിയാൽ തമിഴ് നാടിൻ്റെ ഒരു വശം പൂർണമായും കാണാമെന്നതും എടുത്തു പറയേണ്ടതാണ്. തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും ഒക്കെ കണ്ട് ആസ്വദിക്കാവുന്ന ഒരു മനോഹര പ്രദേശം കൂടിയാണ് ഇത്. ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമൻ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ.

ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നതെന്നാണ് വിശ്വാസം. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്മാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്. അങ്ങനെയൊക്കെയാണ് ഈ പ്രദേശത്തിന് രാമക്കൽമേട് എന്ന വിളിപ്പേര് ഉണ്ടായതെന്നാണ് പറയുന്നത്.

യാത്രാമാർഗം


എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 37 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗം സഞ്ചരിച്ച് ഇവിടെ എത്താം. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ്‌ രാമക്കൽമേട്. സമുദനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമെന്ന വിശേഷണവും രാമക്കൽമേടിന് ഉണ്ട്. ഇതിൻ്റെ താഴെയാണ് തമിഴ് നാടിൻ്റെ പ്രദേശങ്ങൾ.

ഏറ്റവും അധികം കാറ്റ് വീശുന്ന സ്ഥലങ്ങളിലൊന്ന്

നമ്മുടെ രാജ്യത്തു തന്നെ ഏറ്റവും അധികം കാറ്റ് വീശുന്ന സ്ഥലങ്ങളിലൊന്നായ രാമക്കൽമേട്ടിൽ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ‌ കാറ്റാടികൾ ആണ്. കാറ്റ് ഏത് സമയത്തും ആഞ്ഞുവീശുന്നതിനാൽ തന്നെ ഈ കാറ്റാടികൾ സദാ കറങ്ങിക്കൊണ്ടിരിക്കും.

ഒപ്പം തന്നെ മലമുകളിലെ പാറക്കൂട്ടങ്ങൾ, ആമപ്പാറയിലേക്കു ഉള്ള ഓഫ്‌റോഡ് ജീപ്പ് സഫാരി തുടങ്ങിയവയും ആരെയും ആകർഷിക്കുന്നതാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതി‌ൽ ഉപരി പാറക്കെട്ടുകളിൽ വലിഞ്ഞ് കയറി ആവേശംകൊള്ളാൻ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളിൽ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതൽ ആവേശം പകരുന്നതാണ്. ഇതിനോടൊപ്പം തന്നെ കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമയും, മലമുഴക്കി വേഴാമ്പലും ഇവിടുത്തെ കാഴ്ച മനോഹരമാക്കുന്നു.

എപ്പോഴും വീശി അടിക്കുന്ന കുളിർ കാറ്റിൽ കോടമഞ്ഞു പുതച്ചു ഉറങ്ങുന്ന രാമക്കൽമേട് എന്ന സ്ഥലം നിശ്ചയമായും യാത്ര ഇഷ്ടപ്പെടുന്നവർ കാണേണ്ടതാണ്. മൂന്നാർ, തേക്കടി, വാഗമൺ ഒക്കെ കാണാൻ എത്തുന്ന വിനോദസഞ്ചാരികൾ ആ ലിസ്റ്റിൽ ഈ പ്രദേശം കൂടി ചേർത്താൽ അതൊരു നഷ്ടമാകുകയില്ല. തീർച്ചയായും രാമക്കൽമേട് നല്ലൊരു കുളിർമ മനസ്സിന് സമ്മാനിക്കും എന്നത് തീർച്ചയാണ്.

Ramakkalmedu

Keywords: Travel, Tourism, Tour, Ramakkalmedu, Idukki, Idukki, Munnar, Tamil Nadu, Farm Land, Sita, Raman, Legend, Stone, The Pandavas, Draupadi, Bhimasena, Ernakulam, Thekkady,  Ramakkalmedu: Hill destination in Idukki.

Post a Comment