Failure | ഒരു കാലത്ത് അംബാനിയെക്കാളും അദാനിയെക്കാളും സമ്പന്നൻ; ഇപ്പോൾ വാടക വീട്ടിൽ!

 


ന്യൂഡെൽഹി: (KVARTHA) റെയ്മണ്ട് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഗൗതം സിംഘാനിയയെ മിക്കവർക്കും പരിചിതമാണെങ്കിലും അദ്ദേഹത്തിൻ്റെ പിതാവ് വിജയ്പത് സിംഘാനിയയെക്കുറിച്ച് കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. റെയ്മണ്ട് ഗ്രൂപ്പിന് ഏകദേശം 14,280 കോടി രൂപയുടെ വിപണി മൂലധനമുണ്ട്. ഒരു കാലത്ത് മുഴുവൻ റെയ്മണ്ട് സാമ്രാജ്യത്തിൻ്റെയും തലവനായിരുന്നു വിജയ്പത്, ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്നു. ഒരിക്കൽ അനിൽ അംബാനി, മുകേഷ് അംബാനി, ഗൗതം അദാനി, മറ്റ് അറിയപ്പെടുന്ന ശതകോടീശ്വരന്മാർ എന്നിവരേക്കാൾ സമ്പന്നനായിരുന്നു വിജയ്പത് എന്നത് പലർക്കും അത്ഭുതമായി തോന്നാം.

Failure | ഒരു കാലത്ത് അംബാനിയെക്കാളും അദാനിയെക്കാളും സമ്പന്നൻ; ഇപ്പോൾ വാടക വീട്ടിൽ!

കമ്പനി ഉയരങ്ങളിലേക്ക്


1925 ൽ മുംബൈയിൽ ഒരു വസ്ത്രനിർമ്മാണ ശാലയായി ആരംഭിച്ച റെയ്മണ്ട്, ഇന്ന് ഇന്ത്യയിലുടനീളം ഫാഷന്റെ പര്യായമായി മാറിയിരിക്കുന്നു. കൈലാഷ്പത് സിംഘാനിയയാണ് റെയ്മണ്ടിന് തുടക്കമിട്ടത്. 1980-ൽ കൈലാഷ്പത് സിംഘാനിയ തൻ്റെ അനന്തരവൻ വിജയ്പത് സിംഘാനിയയ്ക്ക് അധികാരം കൈമാറി. വിജയ്പത്താണ് റെയ്മണ്ടിനെ ഉയരങ്ങളിലെത്തിച്ചത്. 1986-ൽ, തുണിയ്‌ക്ക് പുറമേ, സിംഘാനിയ പാർക്ക് അവന്യൂ എന്ന ബ്രാൻഡ് ആരംഭിച്ചു. 1990-ൽ ഇന്ത്യക്ക് പുറത്ത് റെയ്മണ്ടിൻ്റെ ആദ്യ ഷോറൂം തുറന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ റെയ്മണ്ട് കുതിച്ചു.

'ജീവിതത്തിലെ അബദ്ധം'


2015ൽ എല്ലാ ഓഹരികളും കമ്പനികളും തൻ്റെ മകൻ ഗൗതം സിംഘാനിയയ്ക്ക് വിജയ്പത് കൈമാറി. തൻ്റെ ജീവിതത്തിലെ അബദ്ധമാണ് ഈ കാണിച്ചതെന്ന് വിജയ്പത് പിന്നീട് പറയുകയുണ്ടായി. ഗൗതം കമ്പനി ഏറ്റെടുത്തതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങി. ഫ്‌ളാറ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിനാൽ ഗൗതം പിതാവിനെ ജെകെ ഹൗസിൽ നിന്ന് പുറത്താക്കി. കാറും ഡ്രൈവറുമടക്കം മകൻ തട്ടിയെടുത്തുവെന്ന് വിജയ്പത് ആരോപിക്കുന്നു. ഒരു കാലത്ത് വിമാനം പറത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ നടന്നുപോവാൻ നിർബന്ധിതനായിരിക്കുന്നു.

ഇത് മാത്രമല്ല, തൻ്റെ പേരിനൊപ്പം ചെയർമാൻ-എമിരിറ്റസ് (റിട്ടയേർഡ് ചെയർമാൻ) എന്ന് എഴുതാനുള്ള അവകാശം പോലും എടുത്തുകളഞ്ഞു. 'ഞാൻ എൻ്റെ മകൻ ഗൗതം സിംഘാനിയയ്ക്ക് എല്ലാം നൽകി. പക്ഷേ, അവൻ എന്നിൽ നിന്ന് എല്ലാം എടുത്തുകളഞ്ഞു. കമ്പനിയുടെ കുറച്ച് ഓഹരി തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പിന്നീട് അതും നൽകിയില്ല. ഗൗതം ഒരു അഹങ്കാരിയാണ്. സ്വത്തുക്കൾ മുഴുവൻ മകന് കൈമാറിയതിലൂടെ താൻ ചെയ്തത് വലിയ തെറ്റാണ്', ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയ്പത് പറയുകയുണ്ടായി.

ഉയരങ്ങളിൽ പറന്നൊരാൾ


തന്റെ പ്രതാപ കാലത്ത് വിജയ്പത് സിംഘാനിയയ്ക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താനുള്ള അവസരം ലഭിച്ചിരുന്നു. 5000 മണിക്കൂർ വിമാനയാത്രാ പരിചയമുണ്ട്. 67-ാം വയസിൽ ഹോട്ട് എയർ ബലൂണിൽ ലോകത്തിലെ ഏറ്റവും ഉയർന്ന വിമാനം പറത്തിയ റെക്കോഡും അദ്ദേഹത്തിനുണ്ട്. വ്യോമയാന രംഗത്തെ പരമോന്നത ബഹുമതിയായ ഫെഡറേഷൻ എയറോനോട്ടിക് ഇൻ്റർനാഷണൽ (എഫ്എഐ) ഗോൾഡ് മെഡൽ ഉൾപ്പെടെ വ്യോമയാന മേഖലയിൽ നിരവധി ബഹുമതികളും പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2006-ൽ 'പത്മഭൂഷൺ' ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ചെറുപ്പം മുതലേ വിജയ്പത് സിംഘാനിയ കുടുംബ കലഹത്തിൽ അകപ്പെട്ടിരുന്നു. തൻ്റെ അമ്മാവൻ്റെ മരണത്തെത്തുടർന്ന്, തൻ്റെ ബന്ധുക്കൾ റെയ്മണ്ടിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തൻ്റെ രണ്ട് ആൺമക്കൾക്കിടയിൽ റെയ്മണ്ട് ഗ്രൂപ്പിനെ വിഭജിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങുന്നത് വരെ കാര്യങ്ങൾ നല്ല നിലയിലായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ മക്കളിലൊരാളായ മധുപതി സിംഘാനിയ സിംഗപ്പൂരിലേക്ക് മാറി, കുടുംബബന്ധം വിച്ഛേദിച്ചു. മാന്യമായ ജീവിതം നയിക്കാൻ ഇപ്പോൾ പാടുപെടുകയാണ് 'മുൻ കോടീശ്വരൻ'.

ഇതിനിടെ, അപ്രതീക്ഷിതമായി ഒരു മാസം മുമ്പ് റെയ്മണ്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പിതാവ് വിജയ്പത് സിംഘാനിയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിടുകയുണ്ടായി. 'ഇന്ന് അച്ഛൻ വീട്ടിലുണ്ട്, അനുഗ്രഹം തേടിയതിൽ സന്തോഷമുണ്ട്. പപ്പാ നിങ്ങൾക്ക് നല്ല ആരോഗ്യം നേരുന്നു', എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Keywords: Gautam Singhania, Raymond Group, Business, Lifestyle, New Delhi, Vijaypat Singhania, Managing Director, Plain, Helicopter, Family Issues, Padma Bhushan, FAI, Meet man, once richer than Mukesh Ambani, Gautam Adani, now lives in rented home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia