Follow KVARTHA on Google news Follow Us!
ad

Perumani | മജു ചിത്രം 'പെരുമാനി'യുടെ റിലീസ് വെള്ളിയാഴ്ച! പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത് ഇതെല്ലാം

ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന അഞ്ച് പാട്ടുകളും ഉണ്ട്‌ Maju Film Perumani, Released, Theatre, Actors, Kerala News
കൊച്ചി: (KVARTHA) മജു ചിത്രം 'പെരുമാനി' വെള്ളിയാഴ്ച മുതല്‍ (2024 മെയ് 10) തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ആരാധകര്‍ ഒരുപാട് പ്രതീക്ഷകളോടെയായിരിക്കും ചിത്രം കാണാനെത്തുക. സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് ഈ ഘടകങ്ങളൊക്കെയാകും. അത് എന്തൊക്കെയാണെന്ന് നോക്കാം:

'പെരുമാനി'യുടെ ഡയറക്ടറും തിരക്കഥാകൃത്തും മജു തന്നെയാണ് എന്നതാണ് ഒന്നാമത്തെ കാരണം. മജുവിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടവര്‍ക്ക് ഒരുപക്ഷെ അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കണ രീതിയും കഥ പറച്ചിലും ഏറെ ഇഷ്ടപ്പെട്ടിരിക്കാം. 1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തില്‍, സണ്ണി വെയ്ന്‍, ലാല്‍, ചെമ്പന്‍ വിനോദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത 'ഫ്രഞ്ച് വിപ്ലവം' ആണ് മജുവിന്റെ ആദ്യ സിനിമ.

Maju film 'Perumani' release on Friday, Kochi, News, Maju Film Perumani, Released, Theatre, Actors, Director, Song, Kerala News

രണ്ടാമത്തെ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം 'അപ്പന്‍'. ഡാര്‍ക്ക്-കോമഡി ഡ്രാമ എന്ന വിശേഷണത്തോടെ എത്തിയ 'അപ്പന്‍' എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് 'പെരുമാനി'. മറ്റ് രണ്ട് ചിത്രങ്ങളും ഏറ്റെടുത്ത ആരാധകര്‍ ഈ ചിത്രത്തേയും സ്വീകരിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

'പെരുമാനി' എന്നത് ധാരാളം പ്രത്യേകതകള്‍ നിറഞ്ഞ ഫിക്ഷണലൈസ് ഡ് ആയ ഒരു ഗ്രാമമാണ്. ആ ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയിലെ മനുഷ്യരെ കാണുമ്പോള്‍ വൈക്കം മുഹമ്മദ് ബശീറിന്റെ കഥാപാത്രങ്ങളോടോ ഒ വി വിജയന്റെ തസ്‌റാക്കിലെ മനുഷ്യരോടോ ഉപമിക്കാന്‍ പ്രേക്ഷകര്‍ക്ക് തോന്നിയേക്കും. കാരണം, വിചിത്ര സ്വഭാവമുള്ള മനുഷ്യരാണ് പെരുമാനിക്കാര്‍.

വേറിട്ട ഭാവപ്രകടനങ്ങളോടെയും വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെയും അഭിനേതാക്കള്‍ പ്രത്യക്ഷപ്പെടുന്ന 'പെരുമാനി'യില്‍ എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും അവരുടേതായ ചേഷ്ഠകളാല്‍ വ്യത്യസ്തത പുലര്‍ത്തുന്നു. കഥയിലേക്ക് വരികയാണെങ്കില്‍ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന സംഭവങ്ങളും രസകരമായ നിമിഷങ്ങളും ആക്‌സ്മികമായ വിഷയങ്ങളും ചിത്രത്തില്‍ കാണാം. 

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പര്‍ട്ടികളും ചിത്രത്തിന്റെ കളര്‍ പാറ്റേണും മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കും എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഫിക്ഷനാണെങ്കില്‍ വേറിട്ട സമീപനമാണ് ചിത്രത്തിനുള്ളത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക് മാന്‍ അവറാന്‍ എന്നിവരോടൊപ്പം സുപ്രധാന വേഷങ്ങളിലെത്തുന്ന നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, വിജിലേഷ്, ഫ്രാങ്കോ എന്നിവരുടെ ഗെറ്റപ്പും ലുക്കും സിനിമയുടെ മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ ചിത്രീകരണ വേള മുതലേ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ 'മുജി' എന്ന കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുമ്പോള്‍ 'നാസര്‍' എന്ന പേരില്‍ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. ഇവരോടൊപ്പം പെരുമാനിയുടെ കണ്ണും കാതും എന്ന വിശേഷണത്തോടെ 'മുക്രി'യായി നവാസ് വള്ളിക്കുന്നും പെരുമാനിയുടെ പയ്യന്‍ എന്ന അവകാശത്തോടെ 'അബി'യായി ലുക്ക് മാന്‍ അവറാനും പെരുമാനിയിലെ തങ്കത്തിന്‍ മണി 'ഫാത്വിമ'യായി ദീപ തോമസും പെരുമാനിയിലെ വമ്പത്തി 'റംലു'വായി രാധിക രാധാകൃഷ്ണനും പെരുമാനിയിലെ കൊസറാക്കൊള്ളി 'ഉമൈര്‍' ആയി വിജിലേഷുമാണ് വേഷമിടുന്നത്.

ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എല്ലാം ഒന്നിനോടൊന്ന് മികച്ചതാണെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഫിറോസ് തൈരിനിലാണ് 'പെരുമാനി'യുടെ നിര്‍മാതാവ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. സെഞ്ചുറി ഫിലിംസാണ് വിതരണം.

എക്‌സിക്യൂടീവ് പ്രൊഡ്യുസേര്‍സ്: സഞ്ജീവ് മേനോന്‍, ശ്യാംധര്‍. ഛായാഗ്രഹണം: മനേഷ് മാധവന്‍. ചിത്രസംയോജനം: ജോയല്‍ കവി. സംഗീതം: ഗോപി സുന്ദര്‍. സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്. സിങ്ക് സൗണ്ട്: വൈശാഖ് പി വി. ഗാനരചന: മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ. പ്രൊജക്ട് ഡിസൈനര്‍: ശംസുദീന്‍ മങ്കരത്തൊടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്. അസോസിയേറ്റ് ഡയറക്ടേര്‍സ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം. പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്: ഹാരിസ് റഹ് മാന്‍. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: അനൂപ് കൃഷ്ണ. ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി. കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്.

വസ്ത്രാലങ്കാരം: ഇര്‍ശാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട. വി എഫ് എക്‌സ്: സജി ജൂനിയര്‍ എഫ് എക്‌സ്. കളറിസ്റ്റ്: രമേശ് അയ്യര്‍. ആക്ഷന്‍: മാഫിയ ശശി. സ്റ്റില്‍സ്: സെറീന്‍ ബാബു. പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്. ഡിസ്ട്രിബൂഷന്‍: സെഞ്ചുറി ഫിലിംസ്. പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Keywords: Maju film 'Perumani' release on Friday, Kochi, News, Maju Film Perumani, Released, Theatre, Actors, Director, Song, Kerala News.

Post a Comment