Vysakha Mahotsavam | വൈശാഖ മഹോത്സവത്തിന് ഒരുങ്ങി കൊട്ടിയൂര്‍; അക്കരെ കൊട്ടിയൂരില്‍ കയ്യാല നിര്‍മാണം പുരോഗമിക്കുന്നു

 


കണ്ണൂര്‍: (KVARTHA) ദക്ഷിണകാശിയെന്ന് അറിയിപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 16 നു അക്കരെക്കൊട്ടിയൂരില്‍ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്തും 21 ന് ഉത്സവത്തിലെ പരമപ്രധാന ചടങ്ങായ നെയ്യാട്ടവും നടക്കാനിരിക്കേ ഇക്കരെ കൊട്ടിയൂരിലും അക്കരെ കൊട്ടിയൂരിലും ഇതുസംബന്ധിച്ച നിര്‍മ്മാണ പ്രവൃത്തികൾ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിപുലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇത്തവണ ഒരുക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്.
  
Vysakha Mahotsavam | വൈശാഖ മഹോത്സവത്തിന് ഒരുങ്ങി കൊട്ടിയൂര്‍; അക്കരെ കൊട്ടിയൂരില്‍ കയ്യാല നിര്‍മാണം പുരോഗമിക്കുന്നു

ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ വിപുലമായ സജ്ജീകരണങ്ങളും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി അക്കരെ കൊട്ടിയൂരില്‍ പുതിയ കിണറും വാട്ടര്‍ടാങ്കും നിര്‍മ്മിച്ച് കഴിഞ്ഞു. പ്രദേശത്തെ പത്തോളം കിണറുകളും ശുചീകരിച്ചു കഴിഞ്ഞു. അക്കരെ കൊട്ടിയൂരില്‍ കയ്യാലകളുടെ നിര്‍മ്മാണ പ്രവൃത്തികളും ദ്രുതഗതിയില്‍ നടന്നുവരികയാണ്. നീരെഴുന്നള്ളത്തിന് മുന്‍പായി 55 കയ്യാലകളുടെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. അക്കരേയും ഇക്കരേയുമായി വിപുലമായ അന്നദാന സൗകര്യങ്ങളും ഒരുക്കും. ശൗച്യാലയങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇത്തവണ നാല്‍പ്പതോളം ശൗചാലയങ്ങള്‍ പുതുതായി നിര്‍മ്മിക്കാനാണ് തീരുമാനം. ഉത്സവത്തോടനുബന്ധിച്ചുള്ള ലേലങ്ങളും മറ്റും ഏതാണ്ട് അവസാനിച്ചു.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും ഉത്സവകാലത്ത് ഭക്തജനങ്ങള്‍ കൊട്ടിയൂരില്‍ എത്തിച്ചേരുന്നുണ്ട്. വിവിധ ട്രാവല്‍ ഏജന്‍സികളും മറ്റും തീര്‍ത്ഥാടന ടൂറിസം പാക്കേജില്‍ കൊട്ടിയൂര്‍ മഹോത്സവത്തെ ഉള്‍പ്പെടുത്തിയതോടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളുടെ ബാഹുല്യം കഴിഞ്ഞ തവണ കൊട്ടിയൂരിനെ ദിവസങ്ങളോളം ഗതാഗതക്കുരുക്കിലാക്കിയിരുന്നു. വാഹനപാര്‍ക്കിങ് വേണ്ടത്ര ഇല്ലാഞ്ഞതാണ് ഇതിനു പ്രധാന കാരണമായത്.

ഇത് പരിഹരിക്കാന്‍ ഇത്തവണ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ളതും മന്ദം ചേരിയിലുള്ളതുമായ പാര്‍ക്കിങ് മൈതാനങ്ങള്‍ക്ക് പുറമേ ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര പരിസരത്തോട് ചേര്‍ന്നും പാര്‍ക്കിങ് സൗകര്യം ഒരുക്കും. നാലു ഏക്കറോളം വരുന്ന സ്ഥലത്ത് ഒരുക്കുന്ന പാര്‍ക്കിങ് ഏരിയയില്‍ 1500 ഓളം വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. പുഴക്ക് കുറുകേ ബണ്ട് നിര്‍മ്മിച്ച് ഇതുവഴിയാണ് വാഹനങ്ങള്‍ ഇവിടേക്ക് കടത്തി വിടുക. ആകെ ഇത്തരത്തിലുള്ള ക്രമീകരങ്ങളിലൂടെ നാലായിരത്തോളം വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും എന്നാണ് കരുതുന്നത്.

Keywords:  News, News-Malayalam-News, Kerala, Kannur, Kottiyoor getting ready for Vysakha Mahotsavam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia