Follow KVARTHA on Google news Follow Us!
ad

Kanthapuram | പുരോഗതി സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമ പ്രധാനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ; മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ അന്താരാഷ്‌ട്ര മതനേതൃത്വ സമ്മേളനം

57 രാഷ്ട്രങ്ങളിൽ നിന്നുള്ള 2000 ത്തോളം അതിഥികൾ സംബന്ധിച്ചു, Kanthapuram A P Aboobacker Musliyar,
ക്വലാലംപൂർ: (KVARTHA) ശരിയായ വികസനവും പുരോഗതിയും സാധ്യമാവണമെങ്കിൽ മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മതങ്ങൾക്കിടയിലെ ഐക്യവും സൗഹാർദവും സഹവർത്തിത്വവും ലക്ഷ്യം വെച്ച് മലേഷ്യൻ സർക്കാരിന്റെയും മുസ്‌ലിം വേൾഡ് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്താരാഷ്‌ട്ര മതനേതൃത്വ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
News, News-Malayalam-News, Kerala, World, Kanthapuram A P Aboobacker Musliyar said that if progress is to be possible, unity among people important.

'ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമായ ഇക്കാലത്തും സമൂഹങ്ങൾക്കും മതങ്ങൾക്കുമിടയിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന സംഭവങ്ങൾക്ക് ആധുനിക ലോകം സാക്ഷ്യം വഹിക്കുന്നുണ്ട്. വിശ്വസിക്കുന്ന മതത്തിന്റെയും സംസാരിക്കുന്ന ഭാഷയുടെയും ചർമ നിറത്തിന്റെയും വ്യത്യാസങ്ങൾക്കപ്പുറത്തേക്ക് മനുഷ്യനെ കാണാനും ആശയവിനിമയം നടത്താനും സാധിച്ചെങ്കിൽ മാത്രമേ പുരോഗമന ജനതയെന്ന് അവകാശപ്പെടുന്നതിൽ അർഥമുള്ളൂ.

മതത്തിന്റെ പേരിൽ ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകളും പിഞ്ചുകുട്ടികളുമടങ്ങുന്ന ആയിരങ്ങൾക്ക് വേണ്ടി ശബ്‌ദിക്കാനും ഇസ്രയേലിന്റെ മനുഷ്യത്വ രഹിത നടപടികളെ എതിർക്കാനും എല്ലാ വ്യത്യാസങ്ങളും മറികടന്ന് ലോകജനത ഒന്നിക്കണമെന്ന് ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു.

സെലാൻഗോറിലെ പെറ്റാലിങ് ജയയിൽ നടന്ന സമ്മേളനത്തിൽ 57 രാഷ്ട്രങ്ങളിൽ നിന്നുള്ള 2000 ത്തോളം അതിഥികൾ സംബന്ധിച്ചു. മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ അധ്യക്ഷത വഹിച്ച സമ്മേളനം പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് അബ്ദുൽ കരീം അൽ ഇസ്സ പ്രമേയാനുബന്ധ വിഷയാവതരണം നടത്തി. മതനേതാക്കൾ ഒരുമിച്ചിരിക്കുന്ന ചർച്ചകൾക്കും നടപ്പാക്കുന്ന പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ടെന്നും വൈവിധ്യങ്ങൾ നിലനിൽക്കുമ്പോഴും ഒരുമയിലൂടെ മാത്രമേ പുരോഗതി സാധ്യമാവൂ എന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം പറഞ്ഞു.

'വർഗീയമോ രാഷ്ട്രീയമോ മതപരമോ ആയ സംഘർഷങ്ങളെ കുറിച്ച് കേൾക്കാത്ത ഒരു ദിവസവും ലോകത്തെവിടെയും കടന്നുപോവുന്നില്ല. മതങ്ങളും സമൂഹങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിലൂടെ മാതമേ ഇത് പരിഹരിക്കാനാവുകയുള്ളൂ എന്നും ഇത്തരം വേദികൾക്ക് വരും വർഷങ്ങളിലും മലേഷ്യ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യൻ മന്ത്രിമാരായ ഫഹ്മി ഫാദ്സിൽ, സാംബ്രി അബ്ദുൽ ഖാദിർ, ചീഫ് സെക്രട്ടറി മുഹമ്മദ് സുകി അലി, കംബോഡിയൻ ഇസ്‌ലാമിക് അഫേഴ്‌സ് സീനിയർ മന്ത്രി ഹസൻ ഒസ്മാൻ, മലേഷ്യൻ മുഫ്‌തി ഡോ. ലുഖ്മാൻ ബിൻ ഹാജി അബ്ദുല്ല, ഇൻസ്റിറ്യൂട്ട് ഓഫ് ഇസ്‌ലാമിക് അണ്ടർസ്റ്റാൻഡിങ് ചെയർമാൻ ഡോ. മുഹമ്മദ് നൂർ മാനുട്ടി, ക്രിസ്ത്യൻ ഫെഡറേഷൻ ചെയർമാൻ ബിഷപ് ഫിലിപ് തോമസ്, വിവിധ രാഷ്ട്രങ്ങളെയും മതങ്ങളെയും ആരാധനാലയങ്ങളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മത നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.

ഗ്രാൻഡ് മുഫ്തിയെ അനുഗമിച്ച് ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്. എസ്. എഫ്‌ ഇന്ത്യ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി സമ്മേളനത്തിന്റെ ഭാഗമായി. ഇന്ന്(മെയ് 8 ബുധൻ) മലേഷ്യൻ സർക്കാരിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ തലസ്ഥാനമായ ക്വലാലംപൂരിൽ നടക്കുന്ന ഏഷ്യൻ ഉലമാ മജ്‍ലിസിലും ഗ്രാൻഡ് മുഫ്തി അതിഥിയായി പങ്കെടുക്കും.

Keywords: News, News-Malayalam-News, Kerala, World, Kanthapuram A P Aboobacker Musliyar said that if progress is to be possible, unity among people important.

Post a Comment