Rahul Gandhi | വയനാട്ടിൽ രാഹുൽ മത്സരിക്കാൻ വന്നത് മനസില്ലാ മനസോടെയോ?

 


/ മിന്റാ മരിയ തോമസ്

(KVARTHA) എന്തായാലും രാഹുൽ ഗാന്ധി വയനാടിനെക്കൂടാതെ കോൺഗ്രസിന് ജയിക്കാവുന്ന റായ്ബറേലിയിൽ കൂടി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മെയ് 20 നാണ് റായ്ബറേലിയിൽ വോട്ടെടുപ്പ്. കോൺഗ്രസിൻ്റെ ഈ രണ്ട് സുരക്ഷിത സീറ്റിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ വിജയം ഉറപ്പായിരിക്കുകയാണ്. ഈ രണ്ട് സീറ്റിലും രാഹുൽ ഗാന്ധി വിജയിക്കുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കേണ്ടതായും വരും. വയനാടോ റായ്ബറേലിയിലോ ഇതിൽ ഏതെങ്കിലും ഒന്ന് രാഹുലിന് ഉപേക്ഷിച്ചേ തീരു. അങ്ങനെ വരുമ്പോൾ ഈ രാജ്യത്ത് സംഭവിക്കുന്നത് ഒരു ഉപതെരഞ്ഞെടുപ്പ് ആകും. ഈ സമയം പൊതുബോധമുള്ള നമ്മുടെ രാജ്യത്തെ ജനസമൂഹം നിഷ്പക്ഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. വയനാട്ടിൽ രാഹുൽ ഉറപ്പായും വിജയിക്കുമെന്നിരിക്കെ എന്തിനാണ് റായ്ബറേലിയിലെ പരീക്ഷണം. ഇത് നീതി ആണോ?

Rahul Gandhi | വയനാട്ടിൽ രാഹുൽ മത്സരിക്കാൻ വന്നത് മനസില്ലാ മനസോടെയോ?

രണ്ടിടത്തും വിജയിച്ചാൽ ഒന്ന് രാജിവെച്ച് ഉപതെരഞ്ഞടുപ്പിലേയ്ക്ക് രാജ്യത്തെ തള്ളിവിടുകയാണ് ചെയ്യുന്നത്. അതിന് വരുന്ന ചെലവാണെങ്കിൽ കോടികളും. ഇത് ഖജനാവിന് നഷ്ടമാണ്. ജനങ്ങളുടെ മേൽ ആണ് ഇതിൻ്റെ ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നത്. ഇത് ജനനേതാക്കൾക്ക് പറ്റിയ കാര്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തൻ്റെ മണ്ഡലമായ അമേഠിയിൽ നിന്ന് കഴിഞ്ഞ തവണ തോൽവി ഭയന്നാണ് മറ്റൊരു മണ്ഡലത്തിൽ കൂടി അദ്ദേഹം മത്സരിച്ചത്. അങ്ങനെ അമേഠിയിൽ മത്സരിക്കുമ്പോൾ തന്നെ കേരളത്തിലെ വയനാട്ടിലും മത്സരിക്കുകയായിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ നിലവിൽ എം.പി ആയിരുന്ന അമേഠി മണ്ഡലത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.

ഇക്കുറി വയനാട്ടിൽ മത്സരിക്കുമ്പോൾ തന്നെ കൈവിട്ട അമേഠി തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുമെന്നാണ് ജനം പ്രതീക്ഷിച്ചത്. അങ്ങനെയെങ്കിൽ അത് കോൺഗ്രസിനും ഇൻഡ്യാ മുന്നണിയ്ക്കും കൂടുതൽ ഊർജം പകരുന്ന കാര്യവുമായിരുന്നു. ഇനി അമേഠിയിൽ രാഹുൽ വിജയിച്ചില്ലെങ്കിൽ കൂടി അദ്ദേഹത്തിന് ഒരു വീരപോരാളിയുടെ പ്രതിച്ഛായ ഉണ്ടാകുമായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമ്മ സോണിയാ ഗാന്ധി പ്രായാധിക്യം മൂലം രാജ്യസഭാ എം.പിയാകാൻ വേണ്ടി രാജിവെച്ച കോൺഗ്രസിന് വിജയം ഉറപ്പുള്ള റായ്ബറേലി രാഹുൽ ഗാന്ധി വയനാടിനെക്കുടാതെ മത്സരിക്കാൻ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൻ്റെ ഉദ്ദേശശുദ്ധിയാണ് മനസിലാകാത്തത്.

വയനാട് ജയിക്കുമെന്ന് ഉറപ്പായിരിക്കെ ഇപ്പോൾ കോൺഗ്രസിന് അനായാസം ജയിക്കാൻ പറ്റുന്ന റായ്ബറേലിയിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ അത് രാജ്യത്തെ കടക്കെണിയിൽ വീഴ്ത്താനുള്ള പുറപ്പാടാണോ എന്ന് ചിന്തിക്കണം. ഇത്തരമൊരു പ്രവണത നെഹ്റു കുടുംബത്തിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ്. അതോ വയനാടിനെ വഞ്ചിക്കാനുള്ള പുറപ്പാടിലോ. മനസില്ലാ മനസോടെയാണോ അദ്ദേഹം വയനാട്ടിൽ വന്നു മത്സരിച്ചത്. അതോ, വയനാട്ടിൽ നിന്ന് ഓടാനുള്ള മുൻകരുതൽനടപടിയോ? വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിക്കുമെന്നിരിക്കെ റായ്ബറേലിയിൽ മത്സരിക്കാൻ ആളില്ലെന്ന് ഉണ്ടോ?

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അവിടെ മത്സരിക്കാൻ ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരുന്നു. അവർ അവിടെ നിന്ന് വലിയ ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയവും കരസ്ഥമാക്കുമായിരുന്നു. ഒരു എം.പി കൂടി ഇന്ത്യ മുന്നണിക്ക് അധികം കിട്ടുമായിരുന്നു. അങ്ങനെയുള്ള കഴിവുറ്റ പലരും റായ്ബറേലിയിൽ മത്സരിക്കാൻ ഉള്ളപ്പോൾ രാഹുൽ ഗാന്ധി അവിടെ മത്സരിക്കാൻ തീരുമാനിച്ചത് കോൺഗ്രസ് പ്രവർത്തകരോടും ഈ രാജ്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പറയാതെ പറ്റില്ല. 2019 വരെ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി. രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയുമെല്ലാം എം.പിമാരായിരുന്ന മണ്ഡലമായിരുന്നു അമേഠി. രാഹുലിൻ്റെ കൈയ്യിൽ വന്നപ്പോൾ കുരങ്ങിൻ്റെ കൈയ്യിൽ പൂമാല കിട്ടിയപോലെയായി. മണ്ഡലം നശിപ്പിച്ചു. ഇനി വൈകാതെ റായ്ബറേലിയും നശിപ്പിക്കാനുള്ള പുറപ്പാടിലാണ് ഈ പ്രിയ നേതാവ്. അങ്ങനെ കോൺഗ്രസിനെയും അദേഹം നശിപ്പിച്ച് കൈയ്യിൽ കൊടുക്കും.

രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരാൾ കോൺഗ്രസിന് നേതൃത്വം കൊടുക്കുന്നിടത്തോളം കാലം കോൺഗ്രസ് വളരുകയല്ല, തളരുക മാത്രമാവും ഫലം. രാഹുൽ ഗാന്ധിയ്ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പുതിയ തീരുമാനം. അതിന് ജനത്തെ വെറുതെ കുരുതി കൊടുക്കല്ലെ എന്ന് മാത്രമാണ് പറയാനുള്ളത്. ഒരു ഉപതെരഞ്ഞെടുപ്പെങ്കിലും ഒഴിവാക്കാനുള്ള വിവേകമെങ്കിലും നെഹ്റു കുടുംബത്തിൻ്റെ പാരമ്പര്യം അവകാശപ്പെടുന്ന രാഹുൽ ഗാന്ധി കാണിക്കണമായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia