Follow KVARTHA on Google news Follow Us!
ad

Compensation | 'ഇന്‍ഡ്യയില്‍ 175 കോടിയോളം തവണ ഈ മരുന്ന് ഉപയോഗിച്ചു, ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കൂടി'; കൊവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പരാതിയുമായെത്തിയത് Covishield Vaccine, Plea, Filed, SC, Seek, Formation, Expert Panel, Study, Side-Effects,
ന്യൂഡെല്‍ഹി: (KVARTHA) യുകെ ഫാര്‍മസ്യൂടികല്‍ കംപനിയായ ആസ്ട്രസെനെക നിര്‍മിച്ച കോവിഡ് വാക്സിനായ കൊവിഷീല്‍ഡ് ചുരുക്കം ചിലരില്‍ ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്നതായി കംപനി സമ്മതിച്ചതോടെ രാജ്യത്ത് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധവുമായെത്തിയത്.

ചുരുക്കം ചിലരില്‍ മാത്രം ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം പോലുള്ള അപൂര്‍വ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് കംപനി സമ്മതിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായെന്ന് ചൂണ്ടിക്കാട്ടി പരാതികള്‍ കംപനിക്കെതിരെ നിലനില്‍ക്കുന്നു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി സഹകരിച്ചാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്. ഇന്‍ഡ്യയില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചത്.

ഇപ്പോഴിതാ, കൊവിഷീല്‍ഡ് വാക്‌സിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. കൊവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വാക്‌സിന്‍ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കൊവീഷില്‍ഡ് നിര്‍മിച്ച ആസ്ട്രസെന്‍ക കംപനി വാക്‌സിന് ചെറിയ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാമെന്ന് സമ്മതിച്ചതായി റിപോര്‍ടുകള്‍ വന്നതിന് പിന്നാലെയാണ് അഭിഭാഷകനായ വിശാല്‍ തിവാരി ഹര്‍ജി നല്‍കിയത്. ഇന്‍ഡ്യയില്‍ 175 കോടിയോളം തവണ കൊവീഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കോവിഡിന് ശേഷം ഹൃദയാഘാതം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കൂടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം (ടിടിഎസ്)?

കോവിഡിനെതിരെ വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തികളില്‍ കാണപ്പെടുന്ന അപൂര്‍വ രോഗമാണ് ടിടിഎസ്. സെറിബ്രല്‍ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സമാനമാണ് ഇത്. തലച്ചോറില്‍ നിന്നുള്ള രക്തപ്രവാഹം തടയുന്നതിന് വാക്‌സിന്‍ കാരണമാകുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തസ്രാവമോ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യാമെന്നും വിലയിരുത്തുന്നു. കൂടാതെ ഈ രോഗാവസ്ഥയുള്ളവര്‍ക്ക് പലപ്പോഴും തലച്ചോറിലും ആമാശയത്തിലുമാണ് രക്തം കട്ടപിടിക്കുന്നത്.

നിലവില്‍ വാക്‌സിന്‍ സ്വീകരിച്ച ചില ആളുകളില്‍ ടിടിഎസ് കണ്ടെത്തിയതായും ഇതില്‍ 60 വയസിന് താഴെയുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗാവസ്ഥ കണ്ടെത്തിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.


കഠിനമായ തലവേദന, വയറുവേദന, കാലുകളില്‍ നീര്, ശ്വാസതടസ്സം, മലബന്ധം എന്നിവയാണ് ടിടിഎസിന്റെ ചില ലക്ഷണങ്ങള്‍. വാക്‌സിനേഷനുശേഷം, ആളുകളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

അതേസമയം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എങ്കിലും രക്തം കട്ടപിടിക്കുന്നതില്‍ ഉള്‍പെട്ടിരിക്കുന്ന പ്രോടീനുകളെ ആക്രമിക്കുന്ന ആന്റിബോഡികള്‍ നിര്‍മിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വാക്‌സിനിനോട് പ്രതികരിക്കുന്നതിനാലാണ് ഈ രോഗാവസ്ഥ സംഭവിക്കുന്നതെന്നാണ് കരുതുന്നത്.

നിലവില്‍ വാക്‌സിന്‍ സ്വീകരിച്ച ആളുകളും അവരുടെ ബന്ധുക്കളും ഉള്‍പെടെ 100 മില്യന്‍ പൗന്‍ഡില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈകോടതിയില്‍ എത്തിയിരിക്കുന്നത്. വാക്‌സിന്‍ എടുത്തശേഷം രക്തം കട്ടപിടിച്ചെന്ന് ആരോപിച്ച് ജാമി സ്‌കോട് എന്നയാളാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. 2021 ഏപ്രിലില്‍ വാക്‌സിനേഷന്‍ എടുത്തതിന് ശേഷം തന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും രക്തസ്രാവം ഉണ്ടായതായും സ്‌കോട് പരാതിയില്‍ പറയുന്നു.

Keywords: News, National, National-News, Health, Health-News, Covishield Vaccine, Plea, Filed, SC, Seek, Formation, Expert Panel, Study, Side-Effects, Risk Factors, AstraZeneca, Supreme Court, Reason, Compensation, Death, Covishield vaccine: Plea filed in SC seeking formation of expert panel to study side-effects, risk factors.

Post a Comment