Congress | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ അഴിച്ചു പണി; സുധാകരന് പകരക്കാരനെ തേടി ഹൈക്കമാൻഡ്

 


ഭാമനാവത്ത്

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ജനവിധിക്ക് ശേഷം പാർട്ടിയിൽ അടിമുടി അഴിച്ചു പണിക്കൊരുങ്ങി ദേശീയ നേതൃത്വം. കേരളത്തിൽ മിന്നും വിജയം യു.ഡി.എഫ് നേടുകയും കെ സുധാകരൻ കണ്ണൂരിൽ മികച്ച വിജയം നേടുകയും ചെയ്താൽ മാത്രമേ കെ.പി.സി.സി അധ്യക്ഷസ്ഥാനം നിലനിർത്താൻ സുധാകരന് കഴിയുകയുള്ളുവെന്ന വിവരമാണ് പാർട്ടിക്കുള്ളിൽ നിന്നും വരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ മുഴുവൻ സുധാകരന് എതിരായി നിൽക്കുന്നതും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള അഭിപ്രായ ഭിന്നതയും പാർട്ടിക്കുള്ളിൽ സുധാകരന് തിരിച്ചടിയായിട്ടുണ്ട്.
  
Congress | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ അഴിച്ചു പണി; സുധാകരന് പകരക്കാരനെ തേടി ഹൈക്കമാൻഡ്

മുതിർന്ന നേതാക്കളിൽ എ കെ ആൻ്റണി മാത്രമാണ് സുധാകരനെ പാർട്ടിക്കുള്ളിൽ പിന്തുണയ്ക്കുന്നത്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍ തലസ്ഥാനത്തെത്തി അദ്ധ്യക്ഷ സ്ഥാനം തിരികെ ഏറ്റെടുത്തെങ്കിലും സംഘടനയിൽ മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. കെ സുധാകരന് ശേഷം വരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കണം എന്ന ചര്‍ച്ച ഇപ്പോള്‍ പാര്‍ട്ടിയില്‍ വലിയ തോതിലുണ്ട്. നേരത്തെ തന്നെ ഈയൊരു ആവശ്യം ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ശക്തമായി.

മുതിര്‍ന്ന നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനും എ കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടപറഞ്ഞതിനും ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃനിരയില്‍ മുതിര്‍ന്ന ക്രൈസ്തവ നേതാക്കളില്ല. അത് കൊണ്ട് തന്നെ തന്നെ വിവിധ സഭകളുമായും ക്രൈസ്തവ ജനവിഭാഗങ്ങളുമായും ഉള്ള ബന്ധം അത്ര സുഗമമായിട്ടല്ല പോകുന്നത്. അതുകൊണ്ട് പെട്ടെന്ന് തന്നെ ക്രൈസ്തവ വിഭാഗത്തില്‍ നിന്ന്, പ്രത്യേകിച്ച് റോമന്‍ കത്തോലിക്കനായ ഒരു നേതാവിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം.

നേരത്തെ മുസ്‌ലിം ജനവിഭാഗത്തിനുള്ള പ്രാതിനിധ്യം മുസ്‌ലിം ലീഗ് വഴിയും ഹൈന്ദവ പ്രാതിനിധ്യം കോണ്‍ഗ്രസ് വഴിയും ക്രൈസ്തവ പ്രാതിനിധ്യം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് വഴിയും യുഡിഎഫിന് ഉറപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് പോയി. കോണ്‍ഗ്രസിലാണെങ്കില്‍ ക്രൈസ്തവ നേതാക്കള്‍ നേതൃസ്ഥാനത്തില്ലാത്തതിനാല്‍ സമുദായത്തിലേക്ക് കൃത്യമായെത്താന്‍ യുഡിഎഫിന് കഴിയുന്നില്ല. അതേ സമയം സിപിഎമ്മും ബിജെപിയും സമുദായത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്.

സണ്ണി ജോസഫ് എംഎല്‍എയുടെ പേരാണ് ചര്‍ച്ചകളില്‍ അധ്യക്ഷസ്ഥാനത്തേക്ക് പ്രധാനമായും ഉയരുന്നത്. ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന നേതാവെന്ന നിലയിലും വിവിധ സഭാ നേതൃത്വങ്ങളുമായി പുലര്‍ത്തുന്ന ബന്ധവുമാണ് സണ്ണി ജോസഫിനെ പ്രിയങ്കരനാക്കുന്നത്. യുവമുഖങ്ങളെ പരിഗണിക്കുകയാണെങ്കില്‍ റോജി എം ജോണിനെയോ ആന്റോ ആന്റണിയെയോ പരിഗണിക്കണമെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുയരുന്നുണ്ട്. എന്നാൽ യുവ നേതാക്കളിൽ ആരെയെങ്കിലും കെ.പി.സി.സി അധ്യക്ഷനാക്കാനാണ് രാഹുൽ ഗാന്ധിക്ക് താൽപ്പര്യം. വി.ടി ബലറാമിൻ്റെ പേരാണ് ഹൈക്കമാൻഡിൻ്റെ പരിഗണനയിലുള്ളത്.
  
Congress | ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ അഴിച്ചു പണി; സുധാകരന് പകരക്കാരനെ തേടി ഹൈക്കമാൻഡ്

Keywords:  Lok Sabha Election, Congress, Politics, Congress preparing for organisational overhaul.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia