Hajj | ഹജ്ജ് യാത്രയ്ക്ക് ഹാജിമാരോട് ഇപ്പോഴും 6 - 7 ലക്ഷം വാങ്ങുന്നു; അബ്ദുല്ലക്കുട്ടി ഇതറിയുന്നുണ്ടോ?

 

/ സോണി കല്ലറയ്ക്കൽ

(KVARTHA) മുൻപ് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു ഹാജിമാരെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന്. മറ്റ് സംസ്ഥാനങ്ങൾ ഹജ്ജിന് നാല് ലക്ഷം വാങ്ങുമ്പോൾ ഇവിടെ ആറ് ലക്ഷവും ഏഴ് ലക്ഷവും ഒക്കെയാണ് വാങ്ങുന്നതെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. അദ്ദേഹം മുൻപ് പറഞ്ഞ വാക്കുകൾ ഒന്ന് ശ്രദ്ധിക്കാം: 'ഞങ്ങൾ ഇപ്പോൾ തീരുമാനിച്ചത് സ്പെഷ്യൽ ക്വാട്ട വേണ്ട എന്നുള്ളതാണ്. അല്ലാഹുവിൻ്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നുള്ള പ്രഖ്യാപനം ഹജ്ജ് നയത്തിലുണ്ട്. ഈ ഹജ്ജ് നയത്തിലുള്ള ഒരു പ്രധാനപ്പെട്ട പ്രത്യേകത സാധാരണ നമ്മുടെ ക്വാട്ട 30 ശതമാനം പ്രൈവറ്റ് ഓപ്പറേറ്റർമാർക്ക് ആണ്. 70 ശതമാനം ഞങ്ങൾക്ക്. ഞങ്ങൾ അത് ഇക്കുറി 10 ശതമാനം പ്രൈവറ്റ് ക്വാട്ട വെട്ടിക്കുറച്ചു. അവർക്ക് 20 ശതമാനമായി.

Hajj | ഹജ്ജ് യാത്രയ്ക്ക് ഹാജിമാരോട് ഇപ്പോഴും 6 - 7 ലക്ഷം വാങ്ങുന്നു; അബ്ദുല്ലക്കുട്ടി ഇതറിയുന്നുണ്ടോ?

ഈ വർഷം ഹജ്ജിന് പോകുന്നവരിൽ ഏറ്റവും കൂടുതൽ ഹാജിമാരെ ചൂഷണം ചെയ്യുന്ന സ്ഥലം കേരളമാണ്. ഞാൻ കേട്ടത് ഏഴ് ലക്ഷം മുതലാണ് വാങ്ങിക്കുന്നത് എന്നാണ്. എന്നാൽ ഹൈദ്രാബാദിൽ നാലര ലക്ഷമാണ്. മുബൈയിൽ നാല് ലക്ഷമാണ്. കർണാടകയിൽ ഏജൻസികൾ വാങ്ങുന്നത് നാലര ലക്ഷമാണ്. എന്തുകൊണ്ട് കേരളത്തിൽ മാത്രം ഏഴ് ലക്ഷം വാങ്ങുന്നു എന്നുള്ളത് സാമുദായിക നേതാക്കൾ ചിന്തിക്കണം. അതുസംബന്ധിച്ച പരാതി ഹജ്ജ് കമ്മറ്റിക്ക് നൽകുകയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കും. കേരളത്തിലെ സ്വകാര്യഗ്രൂപ്പുകൾ കാണിക്കുന്നത് ശരിയല്ല എന്നുള്ള ശക്തമായ അഭിപ്രായം എനിക്കുണ്ട്.

ഏത് ബിസിനസിലും കുറച്ച് ലാഭം ഒക്കെ ആകാം. എന്നാൽ കൊള്ളലാഭം ആകരുതെന്ന് ഇവിടെ ഇരിക്കുന്ന ഹാജിമാരെ സാക്ഷി നിർത്തി പറയാൻ ആഗ്രഹിക്കുകയാണ്. കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ചെലവ് എന്നുപറയുന്നത് മൂന്നര ലക്ഷം മുതൽ മൂന്നേ മുക്കാൽ ലക്ഷം വരെ വരും. എന്നാൽ ഇവിടെ സ്വകാര്യ മേഖലയിൽ മറ്റ് ചെറിയ ചെലവിൽ ആളെ കൊണ്ടുപോകുമ്പോൾ എന്തുകൊണ്ട് കേരളത്തിൽ മാത്രം ഈ തീവെട്ടിക്കൊള്ളയുണ്ടാകുന്നുവെന്ന് ഇവിടുത്തെ സാമുദായിക നേതാക്കന്മാരും ജനപ്രതിനിധികളും കേരളത്തിലെ മുഴുവൻ ആളുകളും കൂടി ചിന്തിക്കണമെന്ന് ഈ സന്ദർഭത്തിൽ പറയാൻ ആഗ്രഹിക്കുകയാണ്', ഇതായിരുന്നു മുമ്പ് അബ്ദുല്ലക്കുട്ടി പ്രസംഗിച്ചത് .

ഇതിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്നും ഹജ്ജ് യാത്രയ്ക്ക് ഇവിടെ കൊള്ളയാണ് നടക്കുന്നത്. ആറ് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെ കൊടുക്കേണ്ട അവസ്ഥ. കഴിഞ്ഞ തവണ അബ്ദുല്ലക്കുട്ടി ഇങ്ങനെ പറഞ്ഞിട്ടു പോലും ഇതിന് ഒരു മാറ്റം ഇതുവരെ വന്നിട്ടില്ല. ഇത് ഇപ്പോഴും ഒരു ബിസിനസായി കൊണ്ടുനടക്കുന്നു എന്നതാണ് മനസിലാക്കേണ്ടത്. ഈ അവസരത്തിൽ തന്നെ മറ്റൊരു കാര്യം കൂടി അബ്ദുല്ലക്കുട്ടി സൂചിപ്പിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് നയത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന്. ഹജ്ജ് രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി. 300 രൂപയായിരുന്നു ഹജ്ജ് രജിസ്ട്രേഷൻ ഫീസ്. ഇത് പൂർണമായും സൗജന്യമാക്കി. 'അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും ഒരുപോലെയാണ് എന്ന ഉജ്ജ്വല സന്ദേശമാണ് ഇതിലൂടെ നൽകുന്നത്', എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ക്വാട്ട വെട്ടിച്ചുരുക്കി. എംബാർകേഷൻ കേന്ദ്രങ്ങൾ 10ൽ നിന്ന് 25ലേക്ക് ഉയർത്തി. ഏറ്റവും ചുരുങ്ങിയ ചിലവിലാണ് തീർത്ഥാടകർക്ക് ഹജ്ജ് യാത്ര ഒരുക്കിയിരിക്കുന്നത് എന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും ഇവിടുത്തെ ചെലവിന് ഒരു കുറവും വന്നിട്ടില്ല, ഇവിടെ നിന്ന് ഹജ്ജിന് പോകാൻ ചുരുങ്ങിയത് ആറ് അല്ലെങ്കിൽ ഏഴ് ലക്ഷം തുക വരുന്നു. ഇത് ഈ പറഞ്ഞ അബ്ദുല്ലക്കുട്ടി അറിയുന്നുണ്ടോ. എല്ലാ രാജ്യത്തെയും പ്രതിനിധീകരിച്ച് വർഷം തോറും ഒരു സംഘത്തെ ഹജ്ജിനു അയക്കുന്നത് ഇന്ത്യ മാത്രമല്ല, മിക്ക രാജ്യങ്ങളിലും ഉള്ള കീഴ് വഴക്കമാണ്, ഇവർക്ക് വിമാനയാത്രയെ കൂടാതെ മറ്റു ചില ചിലവുകൾ വഹിക്കുന്നത് സൗദി സർക്കാരാണ്.

ഇന്ത്യക്ക് പുറത്ത് തീർത്ഥാടനത്തിനു പോകുന്ന എല്ലാ മത വിഭാഗത്തിൽ പെട്ട തീർത്ഥാടകർക്കും ഇന്ത്യ സർക്കാർ സബ്സിഡി കൊടുത്തിരുന്നു. നേപാളിലെ പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഹിന്ദു തീർത്ഥാടകർക്കും വത്തിക്കാൻ, ജെറുസേലം സന്ദർശിക്കുന്ന ക്രിസ്ത്യൻ തീർത്ഥാടകർക്കും ഹജ്ജിനു സൗദിയിലേക്ക് വരുന്നവർക്കും കാലകാലങ്ങളായി സബ്‌സിഡി കൊടുക്കുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഇത് തീർത്ഥാടകർക്ക് കൈത്താങ്ങുമാണ്. മതേതര ജനാധിപത്യ രാജ്യമെന്ന നിലയിൽ മാറിമാറി വന്നിരുന്ന കേന്ദ്ര സർക്കാറുകൾ തുടർന്നും നൽകി കൊണ്ടിരുന്നു, കോൺഗ്രസ്‌ സർക്കാർ മാത്രമല്ല വാജ്പേയി സർക്കാരും അഞ്ച് വർഷം നൽകിയിരുന്നു, നരേന്ദ്രമോഡിയാണ് ഈ സബ്‌സിഡി നിർത്തലാക്കിയത്. ഇതിനെയാണ് കോൺഗ്രസ്‌ ഹറാം ആക്കിയ ഹജ്ജ് നരേന്ദ്രമോഡി ഹലാലാക്കിയെന്നു പറഞ്ഞു അബ്ദുല്ലക്കുട്ടി അട്ടഹസിക്കുന്നത്.

ഹജ്ജ് അല്ലാത്ത സമയം ചുരുങ്ങിയ തുക വിമാനക്കമ്പനി ഈടാക്കുമ്പോൾ ഹജ്ജ് സമയത്ത് ഉയർന്ന തുക ഈടാക്കുന്നു. ഈ കൊള്ള നിര്‍ത്തിയാല്‍ സബ്സിഡിയേക്കാള്‍ ലാഭമായിരിക്കും. അല്ലെങ്കിൽ തന്നെ ഇതെന്താ സ്വർണം കൊണ്ടുള്ള വിമാനമാണോ? ഈ അവസരത്തിൽ ഒരാൾ ഇത് സംബന്ധിച്ച് എഴുതിയ ലേഖനമാണ് ശ്രദ്ധയിൽപ്പെടുത്തുന്നത്. 'ഹജ്ജ് എന്നത് ഒരു വിശ്വാസിയുടെ ആത്മാവിനെയും ശരീരത്തെയും പൂർണ്ണമായും സംസ്കരണത്തിന് വിധേയമാക്കുന്ന ആരാധനയാണ്. അതിനാൽ അതിനായി ചിലവഴിക്കുന്ന പണത്തിലും ആ ഘട്ടത്തിലുള്ള പ്രവൃത്തികളിലും സൂക്ഷ്മത പുലർത്തുന്നത് നല്ലതാണ്. അപ്പോൾ മാത്രമേ ഹജ്ജ് പരിപൂർണമാകുകയുള്ളു. അതാണ് ഇസ്ലാമിക നിയമം എന്നാണ് മനസിലാക്കുന്നത്. ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയെന്ന് കേൾക്കുമ്പോൾ സമുദായത്തിലെ വികാര ജീവികൾ മാനസരോവരമോ ജറുസലേമോ കൊണ്ട് വന്ന് ഹജ്ജുമായി താത്മ്യം ചെയ്യരുത്. അതിനെ അതിന്റെ വഴിക്ക് വിടുക.

പകരം നിർത്തലാക്കിയ ആനുകൂല്യം ഹജ്ജിനു പകരം രാജ്യത്ത് വിദ്യാഭ്യാസപരമായും സാംസ്‌കാരിക പരമായും സാമ്പത്തീക പരമായും രാജ്യത്തെ ഏറ്റവും വലിയ ന്യുനപക്ഷ വിഭാഗമായ മുസ്ലിങ്ങളുടെ ഈ മേഖലയിലേക്കുള്ള വളർച്ചയ്ക്ക് വേണ്ടി വിനിയോഗിക്കാൻ ആവശ്യപ്പെടുകയാണ് വേണ്ടത് (ഒരിക്കലും നടക്കാത്ത സ്വപ്നമാണ്). സബ്‌സിഡിയെന്നത് സത്യത്തിൽ ഹജ്ജിനെ മുന്നിൽ നിർത്തി സർക്കാരും എയർ ഇന്ത്യയും കളിക്കുന്ന നാടകമാണ്. സ്വകാര്യ മേഖലയിൽ നിന്നും പോവുന്ന ഒരു യാത്രക്കാരൻ 2,25,000 കൊടുക്കുമ്പോൾ സർക്കാർ പ്രതിനിധിയായി പോവുമ്പോൾ 1,90,000 കൊടുക്കേണ്ടതുണ്ട് (മുൻ വർഷത്തെ കണക്കാണ്). സാധാരണ കാലത്തെ വിമാനയാത്ര നിരക്ക് 14000 ആണെങ്കിൽ ഹജ്ജ് സീസണിൽ സഞ്ചാരപഥം കിലോമീറ്ററിലോ ഇന്ധന ക്ഷമതയിലോ വിമാനത്തിന്റെ സൗകര്യങ്ങളിലോ യാതൊരു മാറ്റത്തിനും വിധേയമാകാതെ തന്നെ 55,000 നു മുകളിലേക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടാണ് ഈടാക്കുന്നത്.

ഈ കാര്യം മറച്ചു വെച്ച് സബ്‌സിഡിയുടെ പേരിൽ സമുദായത്തെ ആക്രമിക്കുന്നത് വർഷങ്ങളായി ഓരോ ഹജ്ജ് സീസണിലും പൊങ്ങി വരുന്നത് കാണാം. അതിനാൽ സബ്‌സിഡി സഹായം ഹജ്ജ് യാത്രക്കാർക്ക് നൽകാത്തത് തന്നെയാണ് നല്ലത് എന്നാണെന്റെ അഭിപ്രായം. അങ്ങനെയെങ്കിലും സമുദായത്തെ അപമാനിക്കാനുള്ള ഒരു വടി നഷ്ടമാവട്ടെ. ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി അംഗീകരിക്കുമ്പോൾ തന്നെ ഹജ്ജ് ഇനത്തിൽ ഹാജിമാരോട് വാങ്ങുന്ന പണത്തിലും സുതാര്യത വരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഒരു ഹജ്ജ് യാത്രക്കാരനും എയർ ഇന്ത്യയിൽ പോയാലെ അവന്റെ ഹജ്ജ് യാത്ര പൂർണ്ണമാവുകയുള്ളൂ എന്ന കാഴ്ചപ്പാടൊന്നുമില്ല. അതിനാൽ വരുന്ന ഹജ്ജ് സീസണിൽ യാത്ര സൗകര്യത്തിനായി ആഗോള ടെണ്ടർ വിളിക്കൂ. എന്നിട്ടു ഏറ്റവും ചുരുങ്ങിയ നിരക്കിൽ സന്ദർശകരെ കൊണ്ട് പോവുന്നവരെ അതിനായി പരിഗണിക്കൂ.

സർക്കാർ വാങ്ങുന്ന പണം, മക്ക സന്ദർശകർക്ക് ഒരുക്കുന്ന താമസ സൗകര്യത്തിനും മക്ക മദീന താമസ സൗകര്യവും സന്ദർശന വേളയിൽ നൽകുന്ന തുച്ഛമായ ക്യാഷ് മണിയുമാണ്. അത് കഴിച്ചുള്ള പണം തിരിച്ചു നൽകാനോ അതല്ലങ്കിൽ ഇന്ത്യയിൽ നിന്നും യാത്ര തിരിക്കുന്നതിലും മുൻപ് കൃത്യമായ ചിലവാവുന്ന പണത്തിനപ്പുറം ഈടാക്കാതെ ഇരിക്കുക. ഇതും കൂടി ചെയ്യാൻ സർക്കാരോ ഹജ്ജ് കമ്മിറ്റിയോ തയ്യാറായാൽ നിങ്ങൾ പറയുന്ന തുച്ഛമായ സബ്‌സിഡിയോളം വലിയ തട്ടിപ്പ് മറ്റൊന്നില്ല എന്ന് തെളിയും. ഹജ്ജ് യാത്രക്കാർക്ക് ഒരു ലാഭവും ഇല്ലാത്ത ഈ സബ്‌സിഡി നിർത്തി വസൂൽ ചെയ്യുന്ന പണത്തിനു സുതാര്യത വരുത്തി ന്യായം പറയാൻ വരുക.

ശരിക്കും, മുസ്ലിം വിശ്വാസികളിൽ ഭൂരിഭാഗം പേരും അവരുടെ വിശുദ്ധസ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് സർക്കാരിൻ്റെ സബ്‌സിഡി ആഗ്രഹിക്കുന്നവരല്ല. അവർ തങ്ങൾ അധ്വാനിച്ചുകൊണ്ടുണ്ടാക്കിയ പണം ഉപയോഗിച്ച് തന്നെ വിശുദ്ധസ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അവർക്ക് അർഹതപ്പെട്ട തുകയ്ക്ക് യാത്ര ചെയ്യാൻ ഹാജിമാരെ അനുവദിക്കുകയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിയും സർക്കാരുകളുമൊക്കെ ചെയ്യേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ മാന്യമായ ചിലവിൽ ഹജ്ജിന് പോകാൻ ഹാജിമാരെ അനുവദിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ, അതിൽ കൊള്ളലാഭം കാണുകയല്ല വേണ്ടത്. ശരിക്കും ഇത് ഒരു തീവെട്ടിക്കൊള്ളയാണ്. ഒരു സമുദായത്തോട് കാണിക്കുന്ന കൊടിയ വഞ്ചനയും. അതിന് ഒരു അറുതി വരുത്തപ്പെടുകയാണ് ഇവിടെ വേണ്ടത്. മുസ്ലിം പേരുകൊണ്ട് ആരും മുസ്ലിം സമൂഹത്തിന്റെ രക്ഷിതാക്കളായിട്ട് കാര്യമുണ്ടോ? അത് എ പി അബ്ദുല്ലക്കുട്ടി ആണെങ്കിലും.

താങ്കൾ വാക്കാൽ മാത്രം പറഞ്ഞ് പൊടി തട്ടി പോയാൽ പോരാ. പ്രവർത്തിയിലും അത് കാണിച്ചു കൊടുക്കണം. ആദ്യം സൗദിയിലേക്കുള്ള വിമാന നിരക്ക് കുറയ്ക്കാനുള്ള ഏർപ്പാടാണ് ചെയ്യേണ്ടത്. ഇപ്പോൾ അത് ഇരട്ടിയോളമാണ്. ഈ സബ്സിഡിയുടെ നാലിരട്ടി ഇപ്പോൾ വിമാന ടിക്കറ്റിനായി കൂടുതൽ വാങ്ങുന്നുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കി വേണ്ട നടപടി സ്വീകരിച്ചാൽ നന്ന്. ഇത്രയും കൂടുതൽ പണം നൽകി ഹജ്ജിനു പോകുമ്പോൾ സർക്കാരും വിമാന കമ്പനികളും ചേർന്ന് അത് ഊറ്റി എടുക്കുകയാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. സബ്‌സിഡി എന്ന പേരു പറഞ്ഞ് ഒരു വശത്ത് സമുദായത്തെ കളിപ്പിക്കുമ്പോഴും മറുവശത്തുകൂടി ഇതിൻ്റെ നാലിരട്ടി ലാഭം എല്ലാവരും വീതിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഒത്തുകളിക്കാണ് ഒരു അറുതി വരേണ്ടത്. ശരിക്കും പറഞ്ഞാൽ എല്ലാവരും കൂടി കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നതാണ് സത്യം. ഹജ്ജ് യാത്രയുടെ പേരിൽ ചിലർ കോടികൾ കൊയ്യുന്നു എന്നത് യാഥാർത്ഥ്യവും.

Keywords: News, Kerala, National, Hajj, Pilgrims, AP Abdullakutty, Hajj Committee of India, BJP, Business, Registration Fees, Subsidy, 6 - 7 lakhs are still charged to pilgrims for Hajj.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia