VVPAT Case | വോടിങ് യന്ത്രത്തില്‍ ഹാകിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (KVARTHA) വോടിങ് യന്ത്രത്തില്‍ ഹാകിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. എന്നാല്‍ പേപര്‍ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകള്‍ തേടുകയാണു ചെയ്തതെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.

വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത വരുത്താന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ ഉദ്യോഗസ്ഥരോട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമിഷന്‍ മറുപടിയും നല്‍കിയിരുന്നു.

VVPAT Case | വോടിങ് യന്ത്രത്തില്‍ ഹാകിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി

ഇതനുസരിച്ച് പോളിങ്ങിനു ശേഷം വോടിങ് മെഷീനും കണ്‍ട്രോള്‍ യൂനിറ്റും വിവി പാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോള്‍ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണ്. ചിഹ്നം ലോഡ് ചെയ്യുന്ന യൂനിറ്റുകളുടെ കണക്കുകളും കമിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.

മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂനിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂനിറ്റുകള്‍ എത്ര, വോടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂനിറ്റും വിവി പാറ്റും സീല്‍ ചെയ്യുന്നുണ്ടോ, ഇലക്ട്രോണിക് വോടിങ് മെഷീനിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

അതേസമയം, ഇലക്ട്രോണിക് വോടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമിഷന്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോടിങ് യന്ത്രത്തില്‍ ഒരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്നും കമിഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂതുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.

Keywords: VVPAT case: Supreme Court says 'we can't control elections, poll body cleared doubts', New Delhi, News, VVPAT Case, Supreme Court, Election Commission, Lok Sabha Election, Politics, Booth, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia