Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | സംസ്ഥാനത്ത് കാണാന്‍ കഴിഞ്ഞത് യുഡിഎഫിന് അനുകൂലമായ തരംഗം; കാര്യങ്ങള്‍ പോകുന്നത് ഞങ്ങള്‍ ട്വന്റി ട്വന്റി അടിക്കും എന്ന നിലയില്‍; ജനങ്ങള്‍ നടത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായിട്ടുള്ള വിധിയെഴുത്തെന്നും ചെന്നിത്തല

ഭംഗിയായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സംവിധാനം ഉണ്ടായിട്ടും ഇലക്ഷന്‍ കമ്മീഷന് എന്തു പറ്റിയെന്നും ചോദ്യം Ramesh Chennithala, Criticized, Election
തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ കാണാന്‍ കഴിഞ്ഞത് യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞങ്ങള്‍ 20 ല്‍ 20 സീറ്റ് - ട്വന്റി ട്വന്റി അടിക്കും എന്ന നിലയിലാണ് കാര്യങ്ങള്‍. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളും കേന്ദ്ര ഗവണ്‍മെന്റിനെതിരായിട്ടുള്ള ജനങ്ങളുടെ രോഷവും ഈ തെരഞ്ഞെടുപ്പില്‍ വളരെ പ്രകടമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വഴുതക്കാട്ടെ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായിട്ടാണ് വിധിയെഴുത്ത് നടത്തിയത്. ഇത്രമാത്രം ജനങ്ങളെ ദ്രോഹിക്കുന്ന, ജനങ്ങളെ പറ്റിക്കുന്ന കേരളത്തിലെ ഗവണ്‍മെന്റിനും കേന്ദ്രത്തിലെ ഗവണ്‍മെന്റിനും എതിരായിട്ടുള്ള ജനവികാരം കടുത്തതാണ് എന്ന് കഴിഞ്ഞദിവസം ബോദ്ധ്യപ്പെട്ടു. അതുകൊണ്ടുതന്നെ യുഡിഎഫി ന് അനുകൂലമായ ഒരു വിധിയെഴുത്തുണ്ടാകുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത് എന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala Says the wave in favor of UDF could be seen in the state, Thiruvananthapuram, News, Ramesh Chennithala, Criticized, Election News, UDF, LDF, BJP, Election Commission, Allegation, Kerala
 
തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സമയം മുതല്‍ ഇവിടെ സിപിഎം ഉം ബിജെപി യും തമ്മില്‍ ഒരു അന്തര്‍ധാര നിലനില്‍ക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഇപി ജയരാജന്റെ പ്രസ്താവനയോടെ അത് സത്യമാണെന്ന് തെളിഞ്ഞു. ഇപി ജയരാജന്‍ പറഞ്ഞത് അദ്ദേഹം ജാവഡേക്കറെ കണ്ടുവെന്നാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ജയരാജന്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തുമോ? അപ്പോള്‍ ഇതിലെ ഒന്നാമത്തെ പ്രതി പിണറായി വിജയന്‍ തന്നെയാണ് എന്നും ചെന്നിത്തല പറഞ്ഞു.

സിപിഎം ഉം ബിജെപി യും തമ്മിലുള്ള അന്തര്‍ധാര ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലം മുതല്‍ ആരംഭിച്ചതാണ്. തുടര്‍ഭരണം ഉണ്ടായതുതന്നെ ബിജെപിയുടെ വോട്ടു വാങ്ങിയിട്ടാണ്. യുഡിഎഫ് - 40 % വോട്ട്, എല്‍ഡിഎഫ് - 44 % വോട്ട്, ബി ജെ പി - 14% എന്നത് 10 ശതമാനമായി കുറഞ്ഞു. നാല് ശതമാനമാണ് തുടര്‍ ഭരണത്തിലേക്ക് നയിച്ചത്.

അപ്പോള്‍ ഇതിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍ പിണറായി തന്നെയാണ്. പിണറായി അറിയാതെ എന്തായാലും ഇതൊന്നും നടക്കില്ല. അതുകൊണ്ട് ഇപി ജയരാജന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാകില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നടപടിയെടുത്താല്‍ അദ്ദേഹത്തിനു കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരും. അതുകൊണ്ട് ഒരു നടപടിയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.

കാരണം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞുവന്ന സിപിഎം - ബിജെപി അന്തര്‍ധാര എത്രമാത്രം ശരിയാണെന്ന് വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്. കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ദൂതനാണ് ഇപി ജയരാജന്‍. രാഷ്ട്രീയ ചര്‍ച്ചയല്ലായിരുന്നു എങ്കില്‍ എന്തിനുവേണ്ടിയാണ് ഇപി ജയരാജന്‍ ജാവഡേക്കറെ കണ്ടത്? ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതുപോലെതന്നെ കഴിഞ്ഞദിവസം പലയിടത്തും വോട്ടിങ് മെഷീന്‍ മണിക്കൂറുകള്‍ കേടായി. വോട്ടുചെയ്യാനെത്തിയ ആളുകള്‍ക്ക് വെള്ളംപോലും കൊടുത്തില്ല, പലയിടങ്ങളിലും വെദ്യുതിയില്ലാതായി, വലിയ തോതിലുള്ള പ്രയാസങ്ങളാണ് ജനങ്ങള്‍ അനുഭവിച്ചത്, ഇതെല്ലാം കൃത്യമായി പരിശോധിച്ച് പരിഹാരമുണ്ടാക്കേണ്ട, ഇലക്ഷന്‍ കമ്മീഷന് എന്തുപറ്റിയെന്നും അദ്ദേഹം ചോദിച്ചു. പലയിടത്തും വോട്ടുചെയ്യാനെത്തിയവരുടെ പേരുകള്‍ പട്ടികയിലുണ്ടായില്ല, കുറ്റമറ്റ വോട്ടര്‍പ്പട്ടികപോലും ഉണ്ടായില്ല. ഏതായാലും ഇതിനെയെല്ലാം അതിജീവിച്ച് യുഡിഎഫ് മികച്ച വിജയം നേടുമെന്ന ശുഭപ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്.

യുഡിഎഫിന് സാധ്യതയുള്ള കേന്ദ്രങ്ങളിലാണ് യന്ത്രത്തകരാറും മറ്റ് പ്രയാസങ്ങളും ഏറെ ഉണ്ടായത്. അതൊരു ഘടകമാണ്. വോട്ടുചെയ്യാന്‍ പറ്റാതെ ആളുകള്‍ തിരിച്ചു വീട്ടില്‍ പോയി. പിന്നെ വന്നില്ല. ഭംഗിയായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സംവിധാനം കേരളത്തിലുണ്ടായിട്ടും ഇലക്ഷന്‍ കമ്മീഷന് എന്തു പറ്റി എന്നുചോദിച്ച ചെന്നിത്തല ഇതൊക്കെ വളരെ ഗൗരവമുള്ള കാര്യമാണെന്നും വ്യക്തമാക്കി.

Keywords: Ramesh Chennithala Says the wave in favor of UDF could be seen in the state, Thiruvananthapuram, News, Ramesh Chennithala, Criticized, Election News, UDF, LDF, BJP, Election Commission, Allegation, Kerala. 

Post a Comment