Follow KVARTHA on Google news Follow Us!
ad

Kozhikode | ഖൽബിൽ ഇക്കുറി കരീമിക്കയോ രാഘവേട്ടനോ? കോഴിക്കോട് അടുത്തറിയാം

ഇരുവരും മണ്ഡലത്തിൽ ജനകീയർ Politics, Election, Kozhikode, Lok Sabha election
/ ഡോണൽ മുവാറ്റുപുഴ

(KVARTHA) കോഴിക്കോട് ലോക്സഭാ സീറ്റിൽ ഇക്കുറി തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കേമന്മാർ എന്നതു തന്നെ ഇതിന് കാരണം. യു.ഡി.എഫിന് വേണ്ടി നാലാം തവണയും വിജയമുറപ്പിച്ച് നിലവിലെ എം.പി എം.കെ രാഘവൻ ഇറങ്ങുമ്പോൾ 15 കൊല്ലം മുമ്പ് കൈ വിട്ടുപോയ മണ്ഡലം തിരിച്ച് പിടിക്കാൻ എൽ.ഡി.എഫ് നിയോഗിച്ചിരിക്കുന്നത് മുൻ മന്ത്രി എളമരം കരീമിനെയാണ്. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പി യുടെ ജനകീയ നേതാവ് എം.ടി രമേശും മത്സരിക്കുന്നു. ബിജെപി ഓരോ വർഷവും വോട്ട് വർദ്ധിപ്പിക്കുന്ന മണ്ഡലമാണ് കോഴിക്കോട്. ഇക്കുറി വിജയത്തിൽ കുറഞ്ഞതൊന്നും ഇല്ലെന്നാണ് എം.ടി.രമേശും അവകാശപ്പെടുന്നത്.

News, Malayalam News, Politics, Election, Kozhikode, Lok Sabha election, Elamaram Kareem,

കോൺഗ്രസിന്റെയും ലീഗിന്റെയും വോട്ടുകൾ ഏകീകരിച്ച് വിജയം നേടാൻ കഴിയുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ വിശ്വാസം, എന്നാൽ കോഴിക്കോടുമായി ചിരകാല ബന്ധമുള്ള എളമരം കരീം പരമ്പരാഗത ഇടതുപക്ഷ വോട്ടുകൾക്കൊപ്പം തൊഴിലാളി വോട്ടുകൾ കൂടി ഏകീകരിച്ച് വിജയത്തിൽ എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഇഞ്ചോടിഞ്ച് മത്സരമാണ് 2024 ൽ കോഴിക്കോട് നടക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ ഒരേപോലെ മണ്ഡലത്തിലെ ജനപ്രിയർ തന്നെയാണ്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ കോഴിക്കോട് ലോക്‌സഭാ മണ്ഡലം. ഇതിൽ ആറിടത്തു നിന്നും നിയമസഭയെ പ്രതിനീധികരിക്കുന്നത് ഇടത് എംഎൽഎമാർ ആണ്. കൊടുവള്ളി മാത്രമാണ് യു.ഡി.എഫ് അനുകൂല മണ്ഡലം. അതേസമയം ലോക്‌സഭയുടെ കാര്യത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷമായി കോണ്‍ഗ്രസിന്റെ 'കൈക്കുമ്പിളിലാണ്' കോഴിക്കോട്. നിയമസഭയില്‍ ഇടതുതരംഗം ആഞ്ഞടിച്ച 2016 ലും 2021 ലും കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു.

2016 ല്‍ കോഴിക്കോട് നോർത്തില്‍ എ പ്രദീപ് കുമാര്‍ (സിപിഎം) , കോഴിക്കോട് സൗത്ത് എംകെ മുനീര്‍ (മുസ്ലിം ലീഗ് ), ബേപ്പൂര്‍ വി കെ സി മമ്മദ് കോയ (സിപിഎം), ബാലുശ്ശേരി പുരുഷന്‍ കടലുണ്ടി (സിപിഎം), കൊടുവള്ളി കാരാട് റസാഖ് (ഇടത് സ്വതന്ത്രന്‍), കുന്ദമംഗലംപി ടി എ റഹീം (ഇടത് സ്വതന്ത്രന്‍ ) എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി) എന്നിവരായിരുന്നു വിജയികള്‍. 2021 ല്‍ കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ (സിപിഎം), കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍ (ഐഎന്‍എല്‍), ബേപ്പൂര്‍ പി എ മുഹമ്മദ് റിയാസ് (സിപിഎം), ബാലുശ്ശേരി സച്ചിന്‍ ദേവ് (സിപിഎം), കൊടുവള്ളി എം കെ മുനീര്‍ (മുസ്‌ലിം ലീഗ്), കുന്ദമംഗലം പിടിഎ റഹീം, എലത്തൂര്‍ എ കെ ശശീന്ദ്രന്‍ (എന്‍സിപി) എന്നിവരായിരുന്നു വിജയികള്‍.
ചുരുക്കിപ്പറഞ്ഞാല്‍ ലോക്സഭ തിരഞ്ഞെടുപ്പിൽ വലതുപക്ഷവും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മേൽക്കൈ നേടുന്ന അവസ്ഥ.

കോഴിക്കോടിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രം

കോഴിക്കോടിന്റെ വൈവിധ്യങ്ങൾ പോലെ തന്നെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും ഈ മണ്ഡലത്തിൽ സ്വാധീനം ഉണ്ട്. സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ്, എന്നിവയ്ക്ക് പുറമെ ജനതാദൾ, എൻസിപി തുടങ്ങിയ പാർട്ടികൾക്കും കോഴിക്കോട് നല്ല വേരോട്ടമുണ്ട്. 1951-52 വർഷങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിൽ തന്നെ ഞെട്ടിച്ച മണ്ഡലമാണ് കോഴിക്കോട്. അന്ന് കോൺഗ്രസിന് വെല്ലുവിളിയായ കിസാൻ മസ്ദൂർ പ്രജാപാർട്ടി സ്ഥാനാർഥിയായ അച്യുത ദാമോദരൻ മേനോൻ ആയിരുന്നു ആദ്യ വിജയി. പിന്നീട് 1957 ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ പി കുട്ടികൃഷ്ണൻ നായരിലൂടെ കോൺഗ്രസ് സീറ്റ് തിരികെ പിടിച്ചു. 62-ൽ സി എച്ച് മുഹമ്മദ് കോയ, 1967, 1971 വർഷങ്ങളിൽ ഇബ്രാഹിം സുലൈമാൻ സേഠ് എന്നിവർ മുസ്‌ലിം ലീഗ് സ്ഥാനാർഥികളായും വിജയിച്ചു.

1.w977 ൽ കോൺഗ്രസിന്റെ വി എ സെയ്ദ് മുഹമ്മദ് വിജയി ആയി. എന്നാൽ 1980 ൽ ഇ കെ ഇമ്പിച്ചി ബാവയിലൂടെ ഇടതുപക്ഷം ആദ്യമായി കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ചു. പിന്നീട് കെ. ജി അടിയോടി, കെ മുരളീധരൻ എന്നിവർ മണ്ഡലത്തിൽ നിന്ന് പാർലിമെന്റിൽ എത്തി. 1996 ൽ ജനതാദൾ സ്ഥാനാർഥിയായി എംപി വീരേന്ദ്രകുമാർ വിജയിച്ചെങ്കിലും 1998 ലും 1999 ലും കോൺഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 2004 ൽ എംപി വീരേന്ദ്രകുമാർ വീണ്ടും വിജയം നേടി. 2009 ലാണ് നിലവിലെ എംപിയായ എംകെ രാഘവൻ ആദ്യമായി മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണിയുടെ അഡ്വ. പി എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുന്നത്. 2009 ൽ എം കെ രാഘവനും പി എ മുഹമ്മദ് റിയാസും നേർക്ക് നേർ പോരാടിയപ്പോൾ 838 വോട്ടുകൾക്കാണ് രാഘവൻ അന്ന് വിജയിച്ചത്. എം കെ രാഘവൻ 42.92 % വോട്ടുകൾ നേടിയപ്പോൾ പി എ മുഹമ്മദ് റിയാസ് 42.81 % വോട്ടുകൾ നേടി. ബിജെപിയുടെ വി മുരളീധരൻ 11.25 % വോട്ടുകളായിരുന്നു സ്വന്തമാക്കിയത്.

2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ എ വിജയരാഘവൻ ആയിരുന്നു എംകെ രാഘവന്റെ എതിരാളിയായത്. 2014 ൽ നരേന്ദ്രമോദിയുടെ പ്രഭാവം കുറയ്ക്കുന്നതിന് വേണ്ടി കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ആഹ്വാനത്തിന് പിന്നാലെയാണ് എംകെ രാഘവൻ 16883 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്. 42.15 % വോട്ടുകളായിരുന്നു എംകെ രാഘവൻ നേടിയത്. എ വിജയരാഘവൻ 40.36 % വോട്ടുകളും ബിജെപിയുടെ സി കെ പത്മനാഭൻ 12.27 % വോട്ടുകളും നേടി. 2019 ൽ രാഹുൽ ഗാന്ധി എഫക്ട് കൂടി ഉണ്ടായതോടെ റെക്കോർഡ് ഭൂരിപക്ഷമാണ് എംകെ രാഘവന് ഉണ്ടായത്. 2019 ൽ ലീഡ് നില 85225 ആയി ഉയർത്താൻ എംകെ രാഘവന് കഴിഞ്ഞു. കോഴിക്കോടിന്റെ ജനകീയനായ എംഎൽഎ എ പ്രദീപ് കുമാറായിരുന്നു സിപിഎം സ്ഥാനാർത്ഥി ആയതെങ്കിലും പക്ഷേ ജനകീയത വോട്ടിൽ പ്രതിഫലിച്ചില്ല.

45.97 ശതമാനം വോട്ട് എംകെ രാഘവൻ നേടിയപ്പോൾ 37.92 ശതമാനം വോട്ട് മാത്രമാണ് എ പ്രദീപ് കുമാർ നേടിയത്. അതേസമയം ബിജെപിയുടെ അഡ്വ. എ പ്രകാശ് ബാബു വോട്ട് ശതമാനം 15.53 ശതമാനമായി ഉയർത്തി. സാമുദായിക പരിഗണ നോക്കിയാൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ തെരഞ്ഞെടുപ്പിൽ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. ചില മേഖലകളിൽ ക്രിസ്ത്യൻ സമുദായത്തിനും നിർണ്ണായ സ്വാധീനമുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽ തന്നെ കത്തോലിക്കാ വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുണ്ട്.

എം.പിയുടെ വികസനവും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നയങ്ങളുമായ ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ പ്രധാന ചർച്ചാ വിഷയം. വികസനവും ഭാവി വാഗ്ദാനങ്ങളുമാണ് പ്രധാന പ്രചരണ ആയുധങ്ങൾ. സിഎഎ, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവയിൽ മുന്നണികൾ എടുത്ത നിലപാടുകളും കോഴിക്കോട് മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്. ഇത്തവണ കോഴിക്കോട് ലോക് സഭാ മണ്ഡലത്തിൽ 14,29,631 വോട്ടർമാരാണ് ഉള്ളത്. ബി.ജെ.പി യുടെ എം.ടി രമേശിനെ സംബന്ധിച്ച്, കിട്ടുന്ന വോട്ടിംഗ് ശതമാനം ഉയർത്തുക എന്നതാവും ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് അതല്ല, ജയിച്ചേ തീരു. എംകെ രാഘവന്റെ 'ഏട്ടൻ' ഇമേജിനെ തടുക്കാൻ എളമരം കരീം 'ഇക്കായ്ക്ക് ആകുമോ? കോഴിക്കോട് ഉറ്റുനോക്കുന്നത് അതാണ്. അതിനായി തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

Keywords: News, Malayalam News, Politics, Election, Kozhikode, Lok Sabha election, Elamaram Kareem, Lok Sabha polls: M.K. Raghavan vs Elamaram Kareem in Kozhikode

Post a Comment