Ponnani | എത്ര പരീക്ഷിച്ചാലും മാറാത്ത ലീഗിന്റെ പൊന്നാപുരം കോട്ട ഇക്കുറി ചുവക്കുമോ? പൊന്നാനി അടുത്തറിയാം

 



സാമുവൽ സെബാസ്റ്റ്യൻ

(KVARTHA)
എത്ര ചുവപ്പിക്കാൻ ഇടതുമുന്നണി ശ്രമിച്ചാലും ചുവക്കാത്ത ലോക്സഭാ മണ്ഡലമാണ് പൊന്നാനി. സി.പി.എം സി.പി.ഐയിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്ത അന്നുമുതൽ സി.പി.എമ്മിൻ്റെ പരീക്ഷണ ശാലയാണ്. ലീഗിന്റെ പൊന്നാപുരം കോട്ട എന്ന് പൊന്നാനിയെ വിശേഷിപ്പിക്കുമ്പോഴും പൊന്നാനി ലോക്‌സഭയിലെ ഏഴ് നിയമയഭാ മണ്ഡലത്തില്‍ മൂന്നും എല്‍ഡിഎഫിനൊപ്പമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റായ ഡോ. എം പി അബ്ദുസമദ് സമദാനി, ലീഗില്‍ നിന്ന് പുറത്താക്കിയ തൃശൂര്‍ സ്വദേശിയും വ്യവസായിയുമായ, ഇടത് ചിഹ്നത്തില്‍ മത്സരിക്കുന്ന കെ.എസ്. ഹംസ, ബിജെപി മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ പൊന്നാനിയിൽ മത്സരിക്കാനിറങ്ങിയതോടെ ഇക്കുറി പൊടിപാറുന്ന മത്സരമാണ് നടക്കുന്നത്.
  
Ponnani | എത്ര പരീക്ഷിച്ചാലും മാറാത്ത ലീഗിന്റെ പൊന്നാപുരം കോട്ട ഇക്കുറി ചുവക്കുമോ? പൊന്നാനി അടുത്തറിയാം

പൊന്നാനിയില്‍ കെ എസ് ഹംസ സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. ഇതോടെ പൊതുസ്വതന്ത്രന്‍ എന്ന ആശയം രണ്ട് പതിറ്റാണ്ടിനുശേഷം അവസാനിപ്പിക്കുകയാണ് ഇടതുപക്ഷം. ഒപ്പം പാര്‍ട്ടി വോട്ട് വിഹിതം കൂട്ടുകയെന്നതും ലക്ഷ്യം വെയ്ക്കുന്നു. കെ എസ് ഹംസയിലൂടെ ലീഗിലെ അസംതൃപ്തരുടെ വോട്ടുകള്‍ ഇടത് പാളയത്തിലേക്ക് എത്തിക്കാം എന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. കെ എസ് ഹംസ സമസ്തയുടെ നോമിനിയാണെന്നാണ് പൊതുവിലുള്ള സംസാരം. മണ്ഡലത്തിലെ ലീഗ് വിരുദ്ധ മനോഭാവം സമസ്തയുടെ പിന്തുണയോടെ വോട്ടാക്കാനാണ് ഇടത് പാളയത്തിലെ നീക്കം. മുസ്‌ലിം ലീഗിൽ താഴെത്തട്ടിൽ നിന്ന് സംസ്ഥാന സംഘടനാ സെക്രട്ടറി പദവിവരെയെത്തിയ കെ എസ് ഹംസ പതിറ്റാണ്ടുകളായി സി.പി.എമ്മുമായി നല്ല ബന്ധത്തിലാണ്.

എൺപതുകളിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കി പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റായാണ് തുടക്കം. ലീഗിനുള്ളിലെ അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധനായിരുന്നു. പൊന്നാനിയിലെ നിലവിലെ എം.പി ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഇക്കുറി യു.ഡി.എഫിനായി മത്സരിക്കാൻ ഇറങ്ങുമ്പോൾ മലപ്പുറം എം.പി ആയിരുന്ന സമദാനി യു.ഡി.എഫിനായി പൊന്നാനിയിൽ മത്സരിക്കാൻ എത്തുകയായിരുന്നു. മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് ഇ ടി കുറച്ചുകൂടി സുരക്ഷിതമായ മലപ്പുറത്തേക്ക് മാറുന്നതെന്നാണ് ഒരു വശം. എന്നാല്‍ സമസ്തയുടെ ആശീര്‍വാദത്തോടെ ഇടത് സ്ഥാനാര്‍ഥി മത്സരത്തിന് ഇറങ്ങുന്ന പൊന്നാനിയില്‍ മുജാഹിദ് വിഭാഗക്കാരനായ ഇ ടി മുഹമ്മദ് ബഷീറിന്റെ സാന്നിധ്യം പ്രതികൂലമായേക്കുമോയെന്നും ലീഗിന് ഭയമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഏറെ. സമദാനിയുടെ വ്യക്തിപ്രഭാവം എത്തുമ്പോള്‍ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും ലീഗ് കണക്കാക്കുന്നു.

എന്‍ഡിഎയ്‌ക്ക് ഒരു ലക്ഷത്തിലധികം വോട്ടുള്ള മണ്ഡലമാണ് പൊന്നാനി. ബിജെപി പ്രതിപക്ഷമായിരിക്കുന്ന താനൂര്‍ നഗരസഭയും പൊന്നാനിയിലാണ്. ഏഴ് നിയോജക മണ്ഡലങ്ങൾ ആണ് പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉള്ളത്. 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ് ഇന്നത്തെ പുതുക്കിയ പൊന്നാനി ലോക്സഭാ മണ്ഡലം നിലവിൽ വരുന്നത്. 2004 വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്ക് ചേർക്കപ്പെട്ടു. പുതുതായി രൂപീകരിച്ച തവനൂർ, കോട്ടയ്‌ക്കൽ മണ്ഡലങ്ങൾ പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതിനു പുറമെ പൊന്നാനി, താനൂർ, തിരൂർ, തിരൂരങ്ങാടി പാലക്കാട് ജില്ലയിലെ തൃത്താല എന്നിവയാണ് നിലവിൽ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ നിയോജക മണ്ഡലങ്ങൾ. ഇതിൽ താനൂർ, പൊന്നാനി, തൃത്താല എന്നിവിടങ്ങളിൽ സിപിഎം പ്രതിനിധികളും ബാക്കിയുള്ള സീറ്റുകളിൽ മുസ്ലിം ലീഗ് എംഎൽഎ മാരുമാണുള്ളത്.


മണ്ഡലത്തിൻ്റെ രാഷ്ട്രീയചരിത്രം

ലീഗിലെ ജി.എം ബനാത്ത്‌വാല 1977ല്‍ സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത ലോക്സഭാ മണ്ഡലത്തില്‍ പിന്നെ മറ്റൊരു പതാകയും പാറിയിട്ടില്ല എന്നതാണ് ചരിത്രം. 2008 ലെ മണ്ഡല പുനർനിർണ്ണയത്തിനു ശേഷം ഈ ലോക് സഭാ മണ്ഡലം സി.പി.ഐയിൽ നിന്ന് സി.പി.എം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മൂന്നു തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി മത്സരിപ്പിച്ചത് സ്വതന്ത്രരെ, സ്വതന്ത്ര ചിഹ്നത്തിൽ. മുന്നണി വോട്ടുകൾക്കൊപ്പം പരമാവധി പൊതു വോട്ടുകൾ എന്നതായിരുന്നു തന്ത്രം. 2009-ൽ കാന്തപുരം വിഭാഗം സുന്നികളുടെയും പി.ഡി.പി.യുടെയും പിന്തുണയോടെ ഡോ. ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കി. 2014-ൽ മുൻ കോൺഗ്രസുകാരൻ വി. അബ്ദുറഹ്‌മാനെയും. 2019-ൽ മുൻ കോൺഗ്രസുകാരനും നിലമ്പൂർ എം.എൽ.എ.യുമായ പി.വി. അൻവറും ഇടത് സ്ഥാനാർത്ഥികളായി. 2019 -ൽ ഒരു ലക്ഷത്തിനു മുകളിലായിരുന്ന ലീഗ് ഭൂരിപക്ഷം. ആദ്യ രണ്ടുതവണയും കുറയ്ക്കാനുമായി.

മൂന്നു തിരഞ്ഞെടുപ്പുകളിലും ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറിനായിരുന്നു ജയം. ഭൂരിപക്ഷം യഥാക്രമം 82,684, 25,410, 1,93,273 വോട്ടുകൾ. 2019 ലെ തെരഞ്ഞെടുപ്പില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിച്ച വോട്ട് 521824. അതായത് 51.29 ശതമാനം. ഇടത് സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വറിന് 328551 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.ടി രമ 110603 വോട്ടാണ് നേടിയത്. 2009 ല്‍ 385801, 2014 ല്‍ 378503 വോട്ടുകളാണ് ലീഗിലെ ഇ.ടി നേടിയത്. ഇവിടെ നിന്നാണ് 2019ല്‍ അഞ്ച് ലക്ഷത്തില്‍ അധികം വോട്ടായി വര്‍ധിപ്പിച്ചത്. 2011 ലെ സെന്‍സസ് പ്രകാരം പൊന്നാനിയിലെ ജനസംഖ്യയില്‍ 62.4 ശതമാനവും മുസ്ലീം വിഭാഗമാണ്. 37 ശതമാനം ഹിന്ദു വിഭാഗക്കാരും 0.6 ശതമാനം ക്രിസ്ത്യന്‍ വിഭാഗക്കാരും. മണ്ഡലത്തില്‍ 7.2 ശതമാനം പട്ടികജാതി വിഭാഗക്കാരും 0.2 ശതമാനം പട്ടികവര്‍ഗ വിഭാഗക്കാരും ഉള്‍പ്പെടുന്നു. സാക്ഷരത നിരക്ക് 80.4 ശതമാനം. ഈ കണക്കുകളാണ് പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെയും രാഷ്ട്രീയസമവാക്യങ്ങളുടെയും അടിസ്ഥാനം.

പൊന്നാനി ലോക് സഭാ മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2019 ലെ കണക്ക് പ്രകാരം 14, 70, 804 പേരാണ്. മുത്തലാഖ് നിരോധനം, പൊതുസിവില്‍ കോഡ്, വിലവർധനവ്, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, കുടിവെള്ള ക്ഷാമം തുടങ്ങിയവയൊക്കെയാണ് ഈ തെരഞ്ഞെടുപ്പിൽ പൊന്നായിലെ ചർച്ചാ വിഷയങ്ങൾ. പൊന്നാനിയില്‍ നിലം ഒരുങ്ങുമ്പോള്‍ പരസ്പരം മത്സരിക്കുന്നത് ലീഗ് വിരുദ്ധ വികാരവും സംസ്ഥാനത്ത് നിലവിലുള്ള സര്‍ക്കാര്‍ വിരുദ്ധ മനോഭാവവും തന്നെയാണ്. കേന്ദ്ര വിരുദ്ധ വികാരവും ഈ മണ്ഡലത്തിൽ വലിയ രീതിയിൽ ഉണ്ട്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ലീഗിനെതിരായ വികാരം മതിയാകുമോ എന്നാണ് ഇനി തെളിയേണ്ടത്. കടലുണ്ടിപ്പുഴ മുതല്‍ ഭാരതപ്പുഴവരെ, ഏറനാടും വള്ളുവനാടും ഉള്‍പ്പെടുന്ന പൊന്നാനി ലോക് സഭാ മണ്ഡലത്തിൽ അല്ലെങ്കിൽ ഒരുകാലത്ത് ലോകത്തെ വിസ്മയിപ്പിച്ച മാമാങ്കത്തിന്റെ മണ്ണില്‍ സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കിക്കഴിഞ്ഞു. ശരിക്കും ഇവിടെ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം തന്നെ. പൊന്നാനി ഇക്കുറി മാറിചിന്തിക്കുമെന്ന് അത്ര പെട്ടെന്ന് വിശ്വസിക്കാൻ പറ്റുമോ? ഫലം വരെ കാത്തിരിക്കാം.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha polls: All about Ponnani Constituency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia