Follow KVARTHA on Google news Follow Us!
ad

Vadakara | ഇഞ്ചോടിഞ്ച് പോരാട്ടം, മനസ് പോലെ പ്രവചനവും അസാധ്യം; വടകര അടുത്തറിയാം

സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം Politics, Election, Vadakara, Lok Sabha Election
/ കെ ആർ ജോസഫ്

(KVARTHA)
ഇടതുപാർട്ടികൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് വടകര ലോക്സഭാ മണ്ഡലം. എന്നാൽ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഈ മണ്ഡലം യു.ഡി.എഫിനെ വിജയിപ്പിച്ചുകൊണ്ടുമിരിക്കുന്നു. നിലവില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ് വടകര ലോക്‌സഭാ മണ്ഡലത്തിലെ എംപി. ഇക്കുറി യൂ.ഡി.എഫ് സ്ഥാനാർത്ഥിയായി വടകരയിൽ മത്സരിക്കുന്നത് കോൺഗ്രസിൻ്റെ യുവനേതാവും പാലക്കാട് എം.എൽ.എയുമായ ഷാഫി പറമ്പിലാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിലേയ്ക്ക് കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം മാറ്റിയതിനാലാണ് ഷാഫിക്ക് വടകരയിൽ നറുക്ക് വീണത്. മറ്റൊരു എം.എൽ.എ യും മുൻ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചറാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും അധ്യാപകനും വടകര സ്വദേശിയുമായ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ആണ് വടകരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി.


ഉറച്ച എല്‍ഡിഎഫ് കോട്ട, പക്ഷെ ഏത് നിമിഷവും യുഡിഎഫിന് കൈക്കലാക്കാം. വടകര ലോക്‌സഭാ മണ്ഡലത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലം കൂടിയാണ് ഇത്. തലശ്ശേരിയും കൂത്തുപറമ്പും വടകരയും നാദാപുരവും കുറ്റ്യാടിയും പേരാമ്പ്രയും കൊയിലാണ്ടിയുമുൾപ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. കടലിനോട് ചേർന്ന് വടകരയും തലശ്ശേരിയും കൊയിലാണ്ടിയുമുണ്ട്. പേരാമ്പ്രയും കുറ്റ്യാടിയും മലയോരമുൾപ്പെടുന്ന സ്ഥലങ്ങളാണ്. കണ്ണൂർ ജില്ലയിലുൾപ്പെടുന്ന തലശ്ശേരിയും കൂത്തുപറമ്പും സംശയമേതുമില്ലാതെ ഇടതുപക്ഷത്തോടൊപ്പമാണെന്ന് പറയാവുന്നത് തന്നെയാണ്.

കോഴിക്കോട് ജില്ല നോക്കിയാൽ കൊയിലാണ്ടിയും പേരാമ്പ്രയും ഇതുപോലെതന്നെ ഇടതു ശക്തികേന്ദ്രങ്ങളാണ്. പക്ഷേ ഇവിടെ പരാമർശിക്കാത്ത മൂന്നു സ്ഥലങ്ങളുണ്ട് അത് വടകരയും നാദാപുരവും കുറ്റ്യാടിയുമാണ്. ഈ മൂന്നു മണ്ഡലങ്ങളുടെ ഉള്ളിലെന്താണെന്ന് പ്രവചനം അസാധ്യം. കുറ്റ്യാടിയും നാദാപുരവും മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ്. അവസാന നിമിഷം ഷാഫി പറമ്പിലിനെ അവതരിപ്പിക്കുകയെന്ന സർജിക്കൽ സ്‌ട്രൈക്കിന് കോൺഗ്രസ് മുതിർന്നതിനു കാരണവും ഇതുതന്നെ. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ നാദാപുരത്തും കുറ്റ്യാടിയും തലശ്ശേരിയും പക്ഷേ മുസ്ലിം വോട്ടുകൾ കണ്ണുംപൂട്ടി തങ്ങൾക്ക് കിട്ടുമെന്ന് മുസ്ലിം ലീഗിന് ഒരുതരത്തിലും അവകാശപ്പെടാൻ സാധിക്കില്ല. അത് അറിയാവുന്നതുകൊണ്ടുതന്നെയാണ് ഷാഫി പറമ്പിലിനെപ്പോലെ ആളെക്കൂട്ടാനും വോട്ട് പിടിക്കാനും കഴിയുന്ന ഒരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് അവതരിപ്പിച്ചത്.

എല്‍ഡിഎഫിനായി മട്ടന്നൂര്‍ എംഎല്‍എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ശൈലജയാണ് മത്സരിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം എന്നതിനാലും ആരോഗ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും ശൈലജക്ക് അനുകൂലമാകും എന്ന് ഇടതു മുന്നണി വിശ്വസിക്കുന്നു. നിപ ബാധയുടെ സമയത്ത് പേരാമ്പ്രയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചതിനാലും കണ്ണൂരൂകാരിയായതിനാലും വടകരയിലെ വോട്ടര്‍മാര്‍ക്ക് അന്യയല്ല ശൈലജ. എന്‍ഡിഎക്കായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയാണ് മത്സരിക്കുന്നത്. ബിജെപിക്ക് ഇത്തവണയെങ്കിലും ഒരു ലക്ഷം വോട്ടെങ്കിലും മണ്ഡലത്തില്‍ നേടിക്കൊടുക്കുക എന്നതായിരിക്കും പ്രഫുല്‍ കൃഷ്ണയുടെ പ്രഥമ ഉത്തരവാദിത്തം.

മണ്ഡലത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രം

1957 മുതൽ മത്സര രംഗത്തുള്ള മണ്ഡലം ആണ് വടകര ലോക്സഭാ മണ്ഡലം. 1957 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ ബി മേനോനാണ് വടകരയെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയത്. 1971ല്‍ കെപി ഉണ്ണികൃഷ്ണനിലൂടെയാണ് ആദ്യമായി കോണ്‍ഗ്രസ് മണ്ഡലം പിടിക്കുന്നത്. 77 ലും ഉണ്ണികൃഷ്ണന്‍ തന്നെ ജയിച്ചു. 1980 ല്‍ കോണ്‍ഗ്രസ് (യു), 1984 ല്‍ കോണ്‍ഗ്രസ് (എസ്), 1989 ലും 1991 ലും ഐഎന്‍എസ് (എസ്‌സിഎസ്) എന്നീ ലേബലിലും കെപി ഉണ്ണികൃഷ്ണന്‍ തന്നെ ജയിച്ചു. വടകര മണ്ഡലത്തില്‍ എന്നല്ല കേരളത്തിലെ തന്നെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെ റെക്കോഡ് ഇതുവഴി കെപി ഉണ്ണികൃഷ്ണന്‍ സ്വന്തമാക്കുകയും ചെയ്തു. 1996 ലും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കെപി ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ ആ തവണയാണ് ആദ്യമായി സിപിഎം മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഒ ഭരതനിലൂടെ സിപിഎം ഉണ്ണികൃഷ്ണന്റെ റെക്കോഡ് തേരോട്ടം അവസാനിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

പിന്നീട് 2004 ലെ തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്റെ കൈയില്‍ ഭദ്രമായിരുന്നു വടകര. എന്‍കെ പ്രേമജം, സതീദേവി എന്നീ സിപിഎം നേതാക്കളെ വടകരയിലെ വോട്ടര്‍മാര്‍ ജയിപ്പിച്ച് വിട്ടു. 2004-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 1,30,583 വോട്ടാണ് സതീദേവിക്ക് ലഭിച്ചത്. എന്നാല്‍ അതിന് ശേഷം മണ്ഡലത്തിലെ സിപിഎമ്മിന്റെ അടിത്തറ തകരാന്‍ തുടങ്ങി. വിഎസ് - പിണറായി പോര് സിപിഎമ്മില്‍ ഉടലെടുത്ത സമയമായിരുന്നു അത്. സിപിഎമ്മിന്റെ നയവ്യതിയാനം ചൂണ്ടിക്കാട്ടി വിഎസ് പാര്‍ട്ടിക്കുള്ളില്‍ നടത്തിയ പോര് വടകരയില്‍ ശക്തമായി തന്നെ പ്രതിഫലിച്ചു. ജില്ലയിലെ തന്നെ സിപിഎമ്മിന്റെ പ്രധാനനേതാക്കളായ ടി പി ചന്ദ്രശേഖരനും വേണുവും പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നു. ഒഞ്ചിയം അടക്കം പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ആര്‍എംപി എന്ന പുതിയ പാര്‍ട്ടി ശക്തിപ്പെടാന്‍ തുടങ്ങി.

വിഎസ് അനുകൂല നിലപാട് മുറുകെ പിടിച്ച നേതാക്കളായിരുന്നു ആര്‍എംപിയുടെ രൂപീകരണത്തിന് പിന്നില്‍. സിപിഎമ്മിന്റെ വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ആര്‍എംപിക്ക് സാധിച്ചു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി സിറ്റിംഗ് എംപി സതീദേവി തന്നെ കളത്തിലിറങ്ങി. കോണ്‍ഗ്രസ് മുല്ലപ്പള്ളി രാമചന്ദ്രനെയാണ് മത്സരിപ്പിച്ചത്. ആര്‍എംപിക്കായി സാക്ഷാല്‍ ടിപി ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കാനിറങ്ങി. 56186 വോട്ടിനാണ് മുല്ലപ്പള്ളി ആ മത്സരത്തില്‍ വിജയിച്ചത്. ടിപി ചന്ദ്രശേഖരന്‍ 21833 വോട്ടാണ് പിടിച്ചത്. 2012 ല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുകയും പ്രതിസ്ഥാനത്ത് സിപിഎം നേതാക്കള്‍ അടക്കമുള്ളവര്‍ എത്തുകയും ചെയ്തതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു കണ്ടത്.

സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രനെ തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എഎന്‍ ഷംസീറായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. ബിജെപി, ആം ആദ്മി, എസ്ഡിപിഐ എന്നിവര്‍ കൂടി മത്സരിച്ച ആ തിരഞ്ഞെടുപ്പ് പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ബലപരീക്ഷണമായി. അഞ്ച് വര്‍ഷം മുന്‍പ് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മുല്ലപ്പള്ളിയെ 3000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഒതുക്കാന്‍ ഷംസീറിന് സാധിച്ചു. ടിപി വധത്തിന് രണ്ട് വര്‍ഷം ശേഷം നടന്ന തിരഞ്ഞെടുപ്പ് എന്ന പ്രതികൂല സാഹചര്യത്തിലും സിപിഎം അടിത്തറ തിരിച്ചുപിടിച്ച കാഴ്ചയായിരുന്നു അന്ന് കണ്ടത്. മുല്ലപ്പള്ളിക്ക് 416479 വോട്ട് ലഭിച്ചപ്പോള്‍ ഷംസീര്‍ നേടിയത് 413173 വോട്ടാണ്.

2019 ല്‍ ഈ നേരിയ ഭൂരിപക്ഷം മറികടക്കാം എന്ന സിപിഎം പ്രതീക്ഷ പക്ഷെ വിലപ്പോയില്ല. രാഹുല്‍ ഗാന്ധി ഫാക്ടര്‍ സംസ്ഥാനത്താകെ അലയടിച്ചപ്പോള്‍ വടകരയും അതിനൊപ്പം നിന്നു. പി ജയരാജന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെ മുരളീധരന്‍ തോല്‍പ്പിച്ചത് 80,000 ത്തിലേറെ വോട്ടിനാണ്. കോൺഗ്രസിൻ്റെ പ്രതീക്ഷകൾ പോലെ 526,755 വോട്ടുകൾ സ്വന്തമാക്കി കോൺഗ്രസിൻ്റെ കെ മുരളീധരൻ ലോക്സഭയിലെത്തിയപ്പോൾ 4,42,092 വോട്ടുകളാണ് എൽ.ഡി.എഫിലെ പി ജയരാജൻ നേടിയത്. ബിജെപി സ്ഥാനാർഥി വി കെ സജീവൻ 80,128 വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. വടകരക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് സീറ്റില്ല. ഇതില്‍ നിന്ന് തന്നെ വ്യക്തമാകും മണ്ഡലത്തിലെ വോട്ടര്‍മാരുടെ അപ്രവചനീയത.

അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മും ഒരിടത്ത് ആര്‍എംപിയും ഒരിടത്ത് എല്‍ജെഡിയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. സിപിഎം - കോൺഗ്രസ് - ബി.ജെ.പി പോരിനപ്പുറം ആർഎംപിയുടെ സാന്നിധ്യമാണ് മണ്ഡലത്തെ ചൂടുള്ള ചർച്ചാ വിഷയമാക്കി തീർക്കുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആര്‍എംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരന്‍ ഫാക്ടര്‍ മണ്ഡലത്തിലെ വോട്ട് നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകമായിട്ടുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ 20,504 വോട്ടുകൾ നേടിയിരുന്നു. ഇപ്പോൾ വടകരയിൽ നിന്നുള്ള എം.എൽ.എ ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമയാണ്.

ബോംബ് സ്ഫോടനം, ലീഗ്-സമസ്ത പടലപ്പിണക്കം, റിയാസ് മൗലവി വധക്കേസ് വിധി ഇങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിരവിധി വിഷയങ്ങളാണ് പ്രചാരണതെരുവുകളില്‍ ചര്‍ച്ച ചെയ്ത് പോയത്. നാളികേരകൃഷിയുടെ കേന്ദ്രമായ വടകരയിൽ തേങ്ങയുടെ വിലത്തകർച്ച, റബ്ബർ വിലയിടിവ്, ദേശീയപാതാ വികസനം, തീരദേശമേഖലയിലെ പ്രശ്നങ്ങൾ, വന്യജീവിശല്യം തുടങ്ങിയവയും സജീവ ചർച്ചാ വിഷയങ്ങളാണ്. ചരിത്രവും പാരമ്പര്യവും ആവോള ധീര രക്തസാക്ഷിത്വങ്ങളുടെയും അനുഭവമുള്ള വടകര ലോക് സഭാ മണ്ഡലം ഇത്തവണ കടുത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് വടകരയിൽ നടക്കുന്നത്. വടകരയുടെ എക്കാലത്തെയും മനസ്സുപോലെ തന്നെ വടകര ഇക്കുറി ആരെ തുണയ്ക്കുമെന്ന് പറയുക അസാധ്യം.

Keywords: News, Kerala, Vadakara, Politics, Election, Lok Sabha Election, Socialist, Communist, High-voltage fight in Vadakara.
< !- START disable copy paste -->

Post a Comment