Follow KVARTHA on Google news Follow Us!
ad

Good deeds | നല്ല പ്രവൃത്തികൾ എന്നും ഓർമ്മിക്കപ്പെടും

സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത് Success Tips, Lifestyle, Career
/ മിൻ്റാ സോണി

(KVARTHA) നമ്മുടെ സ്വാർത്ഥതയെ എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ സംസാരിക്കുന്നത്. സ്വാർത്ഥത വളരുമ്പോൾ നമ്മിൽ നല്ല ഗുണങ്ങൾ ഇല്ലാതായി ദുർഗുണങ്ങൾ വളരുകയാണ് ചെയ്യുന്നത്. സ്വാർത്ഥതയെ ജയിക്കാൻ ഏറ്റവും നല്ല മാർഗ്ഗം മറ്റുള്ളവരുടെ സുഖത്തിൽ സംതൃപ്തി കണ്ടെത്താൻ നമ്മൾ ശീലിക്കുകയെന്നുള്ളതാണ്. അവിടെ നമ്മിലുള്ള ദയ, കരുണ എന്നീ നല്ല ഗുണങ്ങൾ തെളിയുകയും സ്വാർത്ഥത അല്ലെങ്കിൽ ദുർഗുണങ്ങൾ പതിയെ പതിയെ ഇല്ലാതാവുകയുമാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കഥയാണ് പറയാൻ പോകുന്നത്.

Good deeds are always remembered

ഒരിക്കൽ ഒരു യുവാവ് ഒരു മഹാത്മാവിനോട് ചോദിച്ചു. എന്തുകൊണ്ടാണ് കാരുണ്യമുള്ള പ്രവൃത്തി ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്ന് അങ്ങു പറയുന്നത്?. മഹാത്മാവ് മറുപടി പറഞ്ഞു. നിങ്ങൾ ഒരു തെരുവിലൂടെ നടക്കുമ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടെന്നു കരുതുക. നിങ്ങൾ അവളെ നോക്കുമോ?. അപ്പോൾ യുവാവ് പറഞ്ഞു. ഉവ്വ്, എൻ്റെ ഭാര്യ എന്നോടൊപ്പം ഇല്ലെങ്കിൽ ഞാൻ അവളെ നോക്കും. ഉടനെ മഹാത്മാവ് ചോദിച്ചു. നിങ്ങൾ എത്ര സമയം ആ സ്ത്രീയുടെ മുഖം ഓർക്കും?. അഞ്ച് അല്ലെങ്കിൽ 10 മിനിറ്റ് നേരത്തേയ്ക്ക്, ആകർക്ഷകമായ മറ്റ് എന്തെങ്കിലും കാണുന്നതുവരെ എന്ന് യുവാവ് പറഞ്ഞു.

മഹാത്മാവ് ഉടനെ ചോദിച്ചു. കുറച്ചു കഴിഞ്ഞ് നിങ്ങൾ റോഡ് മുറിച്ചു കടക്കുകയാണെന്ന് കരുതുക. ഒരു വാഹനം നിങ്ങളുടെ നേർക്ക് വേഗത്തിൽ വരുന്നു. നിങ്ങൾ വാഹനം വരുന്നതറിഞ്ഞില്ല. ഒരു നല്ല മനുഷ്യൻ ഓടിവന്ന് നിങ്ങളെ വാഹനമിടിക്കുന്നതിനു മുൻപായി പിടിച്ചുമാറ്റുന്നു. നിങ്ങളുടെ ജീവൻ രക്ഷിച്ചതിന് നിങ്ങൾ അയാളോട് അങ്ങേയറ്റം നന്ദി പറയുന്നു. എത്രകാലം നിങ്ങൾ ആ സംഭവം ഓർക്കും?. യുവാവ് ഇതുകേട്ട് മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു. എൻ്റെ ജീവിതാവസാനം വരെ ഞാൻ ആ സംഭവം ഓർക്കും. എന്നെന്നും എനിക്ക് അയാളോട് നന്ദി ഉണ്ടാകും. അതിൽ യാതൊരു സംശയവുമില്ല.

യുവാവിൻ്റെ ഈ മറുപടിക്ക് ഉത്തരമായി മഹാത്മാവ് പ്രതിവചിച്ചു. മനോഹരമായ ഒരു മുഖം ഏതാനും നിമിഷത്തേയ്ക്ക് മാത്രം ഓർമ്മിക്കപ്പെടുന്നു. എന്നാൽ, നല്ല പ്രവൃത്തികൾ വളരെക്കാലം ഓർമ്മിക്കപ്പെടും. കരുണാപൂർവമായ നമ്മുടെ ഓരോ പ്രവൃത്തിയും നല്ലകാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്നു. അതിനാൽ കരുണാർദ്രമായ കർമ്മം തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യം. ഇതുകേട്ട് യുവാവിന് മറിച്ചൊന്നും പറയാൻ വാക്കുകൾ ഇല്ലായിരുന്നു.

ഇന്ന് എല്ലാവർക്കും തങ്ങളെക്കാൾ മേൽത്തട്ടിലുള്ളവരെ ഉറ്റുനോക്കാനാണ് താല്പര്യം. താണവരുടെ ദുരവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ കൂടി ആരും കൂട്ടാക്കുന്നില്ല. മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ മിക്കവാറും കടന്നുവരാറുണ്ട്. എന്നാൽ, പലപ്പോഴും നമ്മൾ അവയെ ശ്രദ്ധിക്കാറില്ല. അഥവാ, മറ്റുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും സൗകര്യപൂർവം അവഗണിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാൽ സഹായം അർഹിക്കുന്നവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ നമ്മൾ കഴിവതും പാഴാക്കരുത്. മറ്റുള്ളവരോട് കരുണകാട്ടുമ്പോഴാണ് സ്വാർത്ഥത ഇല്ലാതായി നാം ഏറ്റവുമധികം സംതൃപ്തി അനുഭവിക്കുന്നത്. ഒപ്പം നമ്മൾ ഈശ്വരകൃപയ്ക്ക് അർഹരാകുന്നു എന്ന കാര്യവും മറക്കാതിരിക്കുക.

(കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)

Keywords: Good deeds, Article, Editors Pick, Selfishness, Kindness, Mercy, Youth, Great Soul, Good deeds are always remembered.

Post a Comment