Sania Mirza | അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കുമോ? തെലങ്കാനയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്

 


ഹൈദരാബാദ്: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്. ഹൈദരാബാദ് മണ്ഡലത്തില്‍ എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. 

 ഗോവ, തെലങ്കാന, യുപി, ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെക്കുറിച്ചു ചര്‍ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമിറ്റി യോഗത്തിലാണ് സാനിയ മിര്‍സയുടെ പേര് ചര്‍ചയായത്.

Sania Mirza | അസദുദ്ദീന്‍ ഉവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കുമോ? തെലങ്കാനയില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്
 

സാനിയ മിര്‍സയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും തന്നെയാണ് കോണ്‍ഗ്രസ് പിടിമുറുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി ഹൈദരാബാദ് നഗരത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണു പാര്‍ടിയുടെ വിലയിരുത്തല്‍.

മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാര്‍ഥിയായി സാനിയ മിര്‍സയുടെ പേര് നിര്‍ദേശിച്ചതെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദ്ദുദീന്‍ സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയെ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.

1980ല്‍ കെ എസ് നാരായണന്‍ ആണ് ഹൈദരാബാദില്‍ വിജയിച്ച അവസാന കോണ്‍ഗ്രസ് നേതാവ്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ അസറുദ്ദീന്‍ മത്സരിച്ചെങ്കിലും ഭാരത് രാഷ്ട്ര സമിതിയുടെ (BRS) മാഗന്തി ഗോപിനാഥിനോടു 16,000 വോടുകള്‍ക്കു പരാജയപ്പെട്ടു. പതിറ്റാണ്ടുകളായി എഐഎംഐഎമിന്റെ ശക്തികേന്ദ്രമാണു ഹൈദരാബാദ്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തരംഗം പാര്‍ടിക്കു പ്രതീക്ഷ നല്‍കുന്നു.

1984ല്‍ സുല്‍ത്വാന്‍ സലാഹുദ്ദീന്‍ ഉവൈസി ഹൈദരാബാദ് സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും പിന്നീട് 1989 മുതല്‍ 1999 വരെ എഐഎംഐഎം സ്ഥാനാര്‍ഥിയായും വിജയിച്ചു. അദ്ദേഹത്തിനുശേഷം 2004 മുതല്‍ അസദ്ദുദ്ദീന്‍ ഉവൈസിയാണ് ഹൈദരാബാദ് സീറ്റ് കൈവശം വച്ചിരിക്കുന്നത്. 2019ല്‍ ആകെ പോള്‍ ചെയ്ത വോടിന്റെ 58.94% നേടിയാണ് ഉവൈസി വിജയിച്ചത്.

Keywords: Will Sania Mirza fight election from Hyderabad against Owaisi? Details here, Hyderabad, News, Congress, Lok Sabha Election, Candidate, Sania Mirza, Tennis Player, Politics, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia