K Sudhakaran | തിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തലശ്ശേരി രൂപതാ ആര്‍ച് ബിഷപ്പ് പാംപ്ലാനിയെ സന്ദര്‍ശിച്ചു

 


തലശേരി: (KVARTHA) കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തലശ്ശേരി ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ തിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ചു കൊണ്ട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ അരമനയിലെത്തിയാണ് ആര്‍ച് ബിഷപ്പുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്. തീന്‍മേശയ്ക്ക് ഇരുപുറവും ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ദേശീയ-സംസ്ഥാന രാഷ്ട്രീയവും സംസാരവിഷയമായി.

K Sudhakaran | തിരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ തലശ്ശേരി രൂപതാ ആര്‍ച് ബിഷപ്പ് പാംപ്ലാനിയെ സന്ദര്‍ശിച്ചു
 
ദീര്‍ഘകാലത്തെ ആത്മബന്ധമുള്ള രണ്ടു സുഹൃത്തുക്കളുടെ സംഗമവേദി കൂടിയായി മാറി അരമനയിലെ സന്ദര്‍ശനം. വടകര യുഡിഎഫ് സ്ഥാനാര്‍ഥി ശാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെപിസിസി ജെനറല്‍ സെക്രടറി കെ ജയന്ത് എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ കെ സുധാകരനോടൊപ്പം ഉണ്ടായിരുന്നു.

സ്വാതന്ത്ര്യം കാലം മുതല്‍ ക്രൈസ്തവ വിഭാഗം കോണ്‍ഗ്രസിനൊപ്പം നിന്ന പാരമ്പര്യമാണുള്ളത്. ഏക്കാലവും അത് അങ്ങനെ തന്നെയായിരിക്കും. കേരളത്തിലെ വൈദിക സമൂഹം ഏറ്റവും കൂടുതല്‍ വിശ്വാസം പുലര്‍ത്തുന്നതും അവരോട് എക്കാലവും തിരിച്ച് നീതിപുലര്‍ത്തിയതുമാണ് കോണ്‍ഗ്രസും ക്രൈസ്തവ വിഭാഗവും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിച്ചതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

വിശ്വാസികള്‍ക്ക് വേണ്ടി നിന്ന വൈദികര്‍ക്ക് എതിരെ വരെ കേസെടുത്ത സര്‍കാരാണ് പിണറായി വിജയന്റേത്. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികരെ വേട്ടയാടുകയും റബര്‍ കര്‍ഷകരെ വഞ്ചിക്കുകയും വന്യമൃഗ ആക്രമണത്തിന് മലയോര ജനവാസികളെ എറിഞ്ഞ് കൊടുക്കുകയും ചെയ്ത ബിജെപിയുടെ കേന്ദ്ര സര്‍കാരിനും സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍കാരിനും കനത്ത പ്രഹരം നല്‍കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ ക്രൈസ്തവ സമൂഹം കാണും.

മലയോര കര്‍ഷകരുടെ അതിജീവന പോരാട്ടത്തിനൊപ്പം നിന്ന വ്യക്തിത്വമാണ് തലശ്ശേരി ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടേതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. നേരത്തെ റബര്‍ കര്‍ഷകരെ അവഗണിക്കുന്ന രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടിരുന്ന ന്യൂനനേതാവാണ് മാര്‍ ജോസഫ് പാംപ്ലാനി.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെന്നും കോണ്‍ഗ്രസിനെയാണ് തുണച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മലയോര കര്‍ഷകര്‍ കൈവിട്ടതോടെ പാര്‍ടി വന്‍ പ്രതിസന്ധിയിലായിരുന്നു.

തലശേരി ബ്രണ്ണന്‍ കോളജിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ സുധാകരന്‍ പര്യടനം നടത്തി. താന്‍ പഠിച്ച കോളജിലെത്തിയ കെ സുധാകരനെ വിദ്യാര്‍ഥികള്‍ ആവേശത്തോടെ സ്വീകരിച്ചു.

Keywords: UDF candidate K Sudhakaran visited Thalassery Archbishop Pamplani, Kannur, News, K Sudhakaran, Visited, Thalassery Archbishop Pamplani, Lok Sabha Election, Politics, Meeting, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia