Thyroid & Food | ആരോഗ്യം നിയന്ത്രിക്കുന്നതിന് സമീകൃതാഹാരം പ്രധാനം; തൈറോയ്ഡ് രോഗികള്‍ പോഷകങ്ങള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പെടുത്താന്‍ മറക്കരുത്!

 


കൊച്ചി: (KVARTHA) ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയിലായി കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥി. ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപര്‍ തൈറോയ്ഡിസം, ഹൈപോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. എന്നാല്‍ ഇലക്കറികള്‍, വിത്തുകള്‍, സിട്രസ് പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കിയാല്‍ തൈറോയിഡിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സംരക്ഷിക്കാന്‍ സഹായിക്കും.

Thyroid & Food | ആരോഗ്യം നിയന്ത്രിക്കുന്നതിന് സമീകൃതാഹാരം പ്രധാനം; തൈറോയ്ഡ് രോഗികള്‍ പോഷകങ്ങള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പെടുത്താന്‍ മറക്കരുത്!
 

എന്താണ് ഹൈപര്‍തൈറോയിഡിസം (Hyperthyroidism)?

തൈറോയ്ഡ് ഗ്രന്ഥി ഉയര്‍ന്ന അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍, പ്രത്യേകിച്ച് ടി3, ടി4 ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ തകരാറിനെയാണ് ഹൈപര്‍തൈറോയിഡിസം സൂചിപ്പിക്കുന്നത്.

അതേസമയം തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. അതിനാല്‍ ശരീരത്തിന്റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം. ഉത്കണ്ഠ, അമിതവിയര്‍പ്, വര്‍ധിച്ച ഹൃദയമിടിപ്പ് തുടങ്ങിയവയും ലക്ഷണങ്ങളാണ്.

എന്താണ് ഹൈപോതൈറോയിഡിസം (Hypothyroidism)?

തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണുകളോ തൈറോക്‌സിനോ ഉത്പാദിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തപ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വൈകല്യത്തെയാണ് ഹൈപോതൈറോയിഡിസം സൂചിപ്പിക്കുന്നത്.

ഹൈപോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. കാരണം ചില ഭക്ഷണങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ശരീരഭാരം കൂടുന്നത് മുതല്‍ തലമുടി കൊഴിച്ചില്‍ വരെ, തൈറോയ്ഡ് (ഹൈപോതൈറോയിഡിസം) കുറവായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന പലതരം ലക്ഷണങ്ങള്‍ ആണ്.

ഹൈപോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്:

1. കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുക, കാഴ്ചയില്‍ കഴുത്തില്‍ മുഴപോലെ വീര്‍പ് കാണുക തുടങ്ങിയവ ഒരു സൂചനയാകാം. അടഞ്ഞ ശബ്ദവും ഒരു ലക്ഷണമാണ്.

2. പ്രവര്‍ത്തനക്ഷമമല്ലാത്ത തൈറോയ്ഡ് ഗ്രന്ഥി മെറ്റബോളിസത്തെ പതുക്കെയാക്കുകയും ശരീരഭാരം കൂട്ടാനും കാരണമാകുന്നു. മാത്രമല്ല, അമിത ഭാരം കുറയ്ക്കുന്നതും വെല്ലുവിളിയാകാം. കഠിനമായ ഹൈപോതൈറോയിഡിസം ഉള്ളവരില്‍ ശരീരഭാരം കൂടുന്നത് പലപ്പോഴും സാധാരണമാണ്.

3. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറവായതിനാല്‍ ചര്‍മം വരണ്ടതാകനും ചൊറിച്ചില്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്.

4. ഹൈപോതൈറോയിഡിസം ഉള്ളവര്‍ക്ക് പലപ്പോഴും കൈകളും കാലുകളും തണുക്കുകയും എപ്പോഴും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

5. തലമുടി കൊഴിച്ചില്‍ ഹൈപോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, മുടിയുടെ കനം കുറയുക, പുരികവും കണ്‍പീലികളും നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്.

6. അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നമാകാം.

7. മറ്റ് പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നമായി രോഗികള്‍ തിരിച്ചറിയാറില്ല.

അതേസമയം, മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയുമാണ് ചെയ്യേണ്ടത്.

ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്ന തൈറോയ്ഡ് രോഗികള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ:

* മുട്ട ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വളരെ ഗുണം ചെയ്യും.

* വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കും.

* ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലും നിയന്ത്രണത്തിലും പങ്ക് വഹിക്കുന്ന സിങ്ക്, മത്തങ്ങ വിത്തില്‍ വലിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്.

* ചിയ വിത്ത് വളരെ ആരോഗ്യപ്രദമായ ഒന്നാണ്. ശരീരത്തിലെ വീക്കം തടയാന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തില്‍ അടങ്ങിയിട്ടുണ്ട്.

* കൂടാതെ, തൈറോയ്ഡ് രോഗികള്‍ ഭക്ഷണത്തില്‍ നട്‌സ് ഉള്‍പെടുത്തുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്സിഡന്റ് പ്രതിരോധത്തിന് കാരണമാകുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണ് നട്‌സുകള്‍.

Keywords: News, Kerala, Lifestyle-News, Health, Health-News, Thyroid, Patients, Five Foods, Diet, Nutrients, Thyroid patients must include these five foods in diet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia