Thankamani | 'തങ്കമണി' സിനിമയിൽ ആ സംഭവം തന്നെയോ?

 


_കെ ആർ ജോസഫ് മുണ്ടക്കയം_

(KVARTHA) ഇന്ന് ജീവിച്ചിരിക്കുന്നവരിൽ 40 വയസിനു മുകളിലുള്ളവർക്ക് തങ്കമണി എന്ന് കേൾക്കുമ്പോൾ ഒരു വലിയ പരിചയം തോന്നും. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് തങ്കമണി. അവിടെ നടന്ന പൊലീസ് വെടിവെയ്പ്പ് ഇന്നും പഴയ തലമുറയിലെ മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്നു. ഒരു വേദനയായി , നൊമ്പരമായി തന്നെ ഒരോ മനുഷ്യ ഹൃദയങ്ങളിലുമുണ്ട്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് നടൻ ദിലീപ് നായകനായി എത്തിയ തങ്കമണി എന്ന സിനിമയിൽ പറയുന്നതും കേരളത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായ തങ്കമണി വെടിവെപ്പിന്റെ ചരിത്രമാണ്. തങ്കമണി വെടിവെപ്പ് നടന്നിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. പല കാലങ്ങളിൽ, പലപ്പോഴായി രാഷ്ട്രീയ ചർച്ചയായ ആ സംഭവത്തെ വളരെ സത്യസന്ധമായി ചർച്ച ചെയ്യാനും അതിനെ പക്ഷഭേദമില്ലാതെ സമീപിക്കാനും സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

Thankamani | 'തങ്കമണി' സിനിമയിൽ ആ സംഭവം തന്നെയോ?

സംവിധായകൻ രതീഷ് രഘുനന്ദൻ ആ സംഭവത്തെ മാത്രം സ്‌ക്രീനിൽ എത്തിക്കാതെ അതിന്റെ തുടർച്ചകളെ അന്വേഷിക്കുകയും ചെയ്തു. പക്ഷേ ദിലീപും അദ്ദേഹം അവതരിപ്പിച്ച സാങ്കല്പിക കഥാപാത്രമായ ആബേൽ ജോഷുവ മാത്യുവിന്റെ ഒറ്റക്കുള്ള പ്രതികാരവും സ്‌ക്രീനിൽ ബാക്കിയാവുന്നു. ഒരു പ്രദേശത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും അധികാര സ്വാധീനമുള്ളവരും ചേർന്ന് തകർത്തു ഇല്ലാതാക്കുന്നതിന്റെ ഉദാഹരണമാണ് തങ്കമണി സംഭവം. അതിന്റെ ഇരകൾ ഇന്നും ജീവിച്ചിരിക്കുന്നു. സ്വാഭാവികമായും അത്തരമൊരു വിഷയം ഒരു റിവഞ്ച് ഡ്രാമയായി ചുരുക്കാമോ എന്ന് സംശയമാണ്. തങ്കമണിയിലെ പൊലീസ് ഭീകരത അനുഭവിച്ചവരിൽ ഒരാൾ ഒറ്റക്ക്, ആ കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവരെ തേടി പോകുന്നത് സിനിമാറ്റിക്ക് ആയി നോക്കുമ്പോൾ രസകരമായ ചിന്തയാണ്. അതാണ് ഈ സിനിമയുടെ പശ്ചാത്തലം.

Thankamani | 'തങ്കമണി' സിനിമയിൽ ആ സംഭവം തന്നെയോ?

നല്ല ഹൈപ്പ് ഒക്കെ കൊടുത്ത് ഇറക്കിയതാണ് ഈ സിനിമ, പക്ഷെ പടം ശരാശരി ആയിപ്പോയി എന്നെ പറയാൻ ആവൂ. എല്ലാം തികഞ്ഞൊരു ഉത്തമ സിനിമയാണ് 'തങ്കമണി' എന്ന് പറയുന്നില്ല, പക്ഷെ ഇത്രയും അടിച്ചമർത്താൻ മാത്രം പിഴവുകളും ഉണ്ടെന്ന് തോന്നിയില്ല. കണ്ടപ്പോൾ. ചെറുതും വലുതുമായ പ്രശ്നങ്ങൾ നൂറിരട്ടിയായി എല്ലാവരും വിളിച്ചു പറയുമ്പോൾ മനപൂർവം വിട്ടുകളയുന്നതോ ഒഴിവാക്കുന്നതോ ആയ ഒരു കാര്യം ഉണ്ട്, ദിലീപ് എന്ന നടന്റെ മികച്ച പ്രകടനം. ആബേൽ എന്നയാളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നും ഒരു മനുഷ്യനെ സംബന്ധിച്ച് അത് എത്രത്തോളം വലുതായിരുന്നു എന്നും പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്ന സീനിലെ ഒരൊറ്റ ക്ലോസ് ഷോട്ട് കൊണ്ട് ദിലീപ് എന്ന നടൻ കാണിച്ചു തന്നു. സിനിമയ്ക്ക് പിന്നിലുള്ളവർ നേരിട്ട ആശയക്കുഴപ്പം ഈ സിനിമയെ ഏത് ഗണത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണം എന്നതാണെന്ന് തോന്നുന്നു.

ഇപ്പോഴത്തെ ട്രെൻഡായ സീരിയൽ കില്ലറിലേക്ക് നീളുന്ന അന്വേഷണ മാതൃകയിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. സ്മാർട്ടായ പൊലീസ് ഉദ്യോഗസ്ഥ, ഉന്നതനായ ഒരു നേതാവിന്റെ മരണം കൊണ്ട് വല്ലാത്ത പ്രഷർ അനുഭവിക്കുന്ന അവരുടെ മേലധികാരി തുടങ്ങി മലയാള സിനിമയുടെ നിത്യ കാഴ്ചകൾ എല്ലാം സിനിമയിലുണ്ട്. നായകന്റെ ഫ്ലാഷ്ബാക്കിൽ തുടങ്ങി സിനിമ പഴയ വൈകാരിക കുടുംബ ചിത്രങ്ങളുടെ പാറ്റേൺ പിന്തുടരുന്നു. കുടുംബം, സ്നേഹം, പ്രണയം ഒക്കെ അതിവൈകാരികതകളുടെ അതി പ്രസരത്തിലേക്ക് നീങ്ങുന്നു. ബലിഷ്ടരായ പൊലീസ് അധികാരികൾ തോക്ക് അടക്കമുള്ള സങ്കേതകൾ കൊണ്ട് ചുറ്റും നിന്നിട്ടും, വൃദ്ധനും സമാനതകൾ ഇല്ലാത്ത പൊലീസ് അതിക്രമങ്ങൾ പല കുറി നേരിട്ട് തളർന്നവനുമായ നായകൻ അവരെ അവിശ്വസനീയമാം വിധത്തിൽ തല്ലി തോൽപ്പിക്കുന്നതുമായ ആക്ഷൻ സിനിമയായി 'തങ്കമണി' പിന്നീട് മാറുന്നു.

ഇതിനിടയിൽ എവിടെയോ യഥാർത്ഥ സംഭവം നടക്കുന്നുണ്ട്. ഇതൊന്നും തന്നെ പ്രേക്ഷകരുമായി കണക്റ്റ് ആവുന്ന വിധത്തിൽ സ്‌ക്രീനിൽ എത്തുന്നില്ല. അനാവശ്യ നീളക്കൂടുതലുള്ള ഷോട്ടുകൾ, പഴയ കാലത്തെ കാണിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന മടുപ്പിക്കുന്ന കളർ ടോൺ, യഥാർത്ഥ സംഭവത്തിൽ നിന്ന് മാറി പ്ലെയ്സ് ചെയ്ത കുറേ ട്രെൻഡ് ഒപ്പിക്കുന്ന കാഴ്ചകൾ, ക്ലീഷേ സംഭാഷണങ്ങൾ, യുക്തിഭദ്രത തൊട്ടു തീണ്ടിയിട്ടില്ലാത്ത നായകന്റെ ആക്ഷൻ മാസ് ഒക്കെ കൂടി മലയാള സിനിമയിലെ പതിവുകളെ അത് പോലെ പിന്തുടരുന്നു സിനിമ. ഇതൊക്കെ ഈ സിനിമയുടെ ഒരു പോരായ്മയായി തോന്നാം.

സിറ്റി പൊലീസ് കമ്മീഷണർ അർപ്പിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'പ്രണിത' കഥാപാത്രത്തോട് ഒരു അർപ്പണവും കാണിച്ചില്ല. തോന്നിയ നെഗറ്റീവ് അതായിരുന്നു, നൈല ഉഷയോ മംത മോഹൻദാസ് വല്ലതും ചെയ്തിരുന്നെങ്കിൽ ഗംഭീരമാക്കിയേനെ എന്ന് തോന്നി. ഇമോഷണൽ രംഗങ്ങൾ നല്ലരീതിയിൽ വർക്ക്‌ ആയിട്ടുണ്ട്, പശ്ചാത്തല സംഗീതവും നല്ലതായി തോന്നി. ക്യാമറ കിടിലം, വി എഫ് എക്‌സും കൊള്ളാം. ആക്ഷൻ പുതുമ ഒന്നും ഇല്ല. എന്നാലും തരക്കേടില്ല. പക്ഷെ തിരക്കഥ ശരാശരിക്ക് താഴെ ആയിപ്പോയി. തങ്കമണി മഹത്തായ സിനിമ എന്ന് പറയുന്നില്ല. ഒരു തവണ തീയേറ്ററിൽ പോയിരുന്ന് കാണാവുന്നതാണ്.

Keywords: Movies, Entertainment, Cinema, Article, Editor’s-Pick, Cinema, Dileep, Thankamani Movie Review:.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia