Electric Vehicles | ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ തോതിലുള്ള ചൈനീസ് അധിനിവേശം ഉണ്ടായേക്കാമെന്ന് പഠനം, കാരണമിതാണ്!

 


ന്യൂഡെൽഹി: (KVARTHA) കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സർക്കാർ അതിവേഗം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തെ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ ഇത് സഹായിക്കും. എന്നിരുന്നാലും, ഇലക്ട്രിക് വാഹനങ്ങളുടെ ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ ശ്രമങ്ങൾ ഇന്ത്യൻ ആഭ്യന്തര വിപണിയിലേക്ക് ചൈനീസ് വാഹന നിർമാതാക്കളുടെ വലിയ തോതിലുള്ള കടന്നുവരവിന് കാരണമാകുമെന്ന് തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിൻ്റെ (GTRI) റിപ്പോർട്ട് വെളിപ്പെടുത്തി.
  
Electric Vehicles | ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ തോതിലുള്ള ചൈനീസ് അധിനിവേശം ഉണ്ടായേക്കാമെന്ന് പഠനം, കാരണമിതാണ്!

ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിൽ ചൈനീസ് വാഹന കമ്പനികൾ ആധിപത്യം പുലർത്തുന്ന സമയത്താണ് ഈ കണ്ടെത്തലുകൾ. ചൈനീസ് ഗവൺമെൻ്റിൻ്റെ ഗണ്യമായ പിന്തുണയോടെ രാജ്യത്തെ ഇലക്ട്രിക് വാഹന കമ്പനികൾ വിവിധ രാജ്യങ്ങളിലെ വാഹന വിപണികളിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. ഗവൺമെൻ്റിൻ്റെ ഗണ്യമായ പിന്തുണയാൽ ചൈനയുടെ ഓട്ടോമൊബൈൽ വ്യവസായം വൈദ്യുത വാഹന സാങ്കേതികവിദ്യയിൽ അതിവേഗം വികസിച്ചതായി ജിടിആർഐ പറയുന്നു. ഇത് ഇവിയുടെയും അനുബന്ധ ഘടകങ്ങളുടെയും പ്രധാന കയറ്റുമതിക്കാരായി ചൈന മാറിയിട്ടുണ്ട്.

ഇന്ത്യയെ വൈദ്യുതി വാഹന നിർമാണ കേന്ദ്രമാക്കാനുള്ള നീക്കങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങളെ ആശ്രയിക്കുന്നത് കുത്തനെ വർധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2022-23 ൽ ഇന്ത്യയുടെ വാഹന യന്ത്രഭാഗങ്ങളുടെ ഇറക്കുമതി 20.3 ബില്യൺ ഡോളറായിരുന്നു എന്നതും ഇതിൽ 30 ശതമാനവും ചൈനയിൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനാൽ ചൈനയിൽ നിന്നുള്ള വാഹന ഘടകങ്ങളുടെ ഇറക്കുമതി ഇനിയും വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഇന്ത്യൻ ഇവി വിപണിയിലേക്ക് ചൈനീസ് കമ്പനികളുടെ വലിയ തോതിലുള്ള കടന്നുവരവിന് കാരണമായേക്കാം

നിലവിൽ, ലോകത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഉൽപ്പാദന ശേഷിയുടെ 75 ശതമാനവും ചൈനയുടേതാണ്, ഒരു ഇലക്ട്രിക് വാഹനത്തിൻ്റെ മൊത്തം വിലയുടെ 40 ശതമാനവും ബാറ്ററിക്കാണ് വരുന്നത്. ആഗോള ഇലക്ട്രിക് വാഹന ഉൽപ്പാദനത്തിൻ്റെയും ലോകമെമ്പാടുമുള്ള വിപണികളിലേക്കുള്ള യന്ത്രഭാഗങ്ങളുടെ കയറ്റുമതിയുടെയും 50 ശതമാനത്തിലധികം ചൈനയുടെ സംഭാവനയാണ്. ഇന്ത്യൻ ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ നിലവിലെ സാഹചര്യം കണക്കാക്കി, അടുത്ത കുറച്ച് വർഷങ്ങളിൽ, ഇന്ത്യൻ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ മൂന്നിലൊന്ന് ചൈനയുടേത് ആയിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇവ ചൈനീസ് കമ്പനികൾ വഴിയോ ഇന്ത്യൻ കമ്പനികളുമായുള്ള സംയുക്ത സംരംഭങ്ങൾ വഴിയോ ആകാം.

യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി കുറയുന്നതിനാൽ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവ് ചൈനീസ് കമ്പനികൾക്ക് വലിയ ആശ്വാസം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ എസ്എഐസിയുടെയും ഇന്ത്യൻ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻ്റെയും സംയുക്ത സംരംഭമായ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ വരവിനു ശേഷമാണ് ഈ കണക്ക് പുറത്തുവരുന്നതെന്നാണ് ശ്രദ്ധേയം. സംയുക്ത സംരംഭത്തിന് രൂപം നൽകിയ ഈ രണ്ട് കമ്പനികളും 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 2024 സെപ്തംബർ മുതൽ ഓരോ മൂന്ന് മുതൽ ആറ് മാസം വരെ ഒരു പുതിയ കാർ ഇന്ത്യയിൽ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായം രാജ്യത്തിൻ്റെ ജിഡിപിയിലേക്ക് 7.1 ശതമാനം സംഭാവന നൽകുന്നുണ്ട്. 19 ദശലക്ഷത്തിലധികം വ്യക്തികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നു.

Keywords: News, News-Malayalam-News, National, National-News, NEw Delhi, Electric Vehicles, Automobile, China, 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia