Follow KVARTHA on Google news Follow Us!
ad

Baltimore | 'വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം'; ബാള്‍ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; വെള്ളത്തില്‍ വീണ 6 തൊഴിലാളികളും മരിച്ചിരിക്കാമെന്ന് തീരസംരക്ഷണ സേന; കപ്പലിലെ 22 ഇന്‍ഡ്യക്കാരും സുരക്ഷിതര്‍

സര്‍കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് Six People, Presumed, Dead, Baltimore, Key Bridge, Collapse, Coast Guard, Ends, Search, Missing, Bridge Di
വാഷിങ്ടന്‍: (KVARTHA) അമേരികയിലെ ബാള്‍ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ വെള്ളത്തില്‍വീണ് കാണാതായ ആറുപേര്‍ മരിച്ചിരിക്കാമെന്ന് തീരസംരക്ഷണ സേന. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. 'വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനം' എന്നാണ് തിരച്ചില്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് മേരിലന്‍ഡ് ഗവര്‍ണര്‍ വെ മൂര്‍ പറഞ്ഞത്.

കാണാതായവര്‍ക്ക് വേണ്ടി എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും.

പ്രാദേശിക സമയം ചൊവ്വാഴ്ച (26.03.2024) വൈകിട്ട് ഏഴരയോടെ തന്നെ ബാക്കിയുള്ള ആറുപേരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിഗമനത്തില്‍ തീരസംരക്ഷണ സേന എത്തിയിരുന്നു. പാലം തകരുമ്പോള്‍ എട്ട് നിര്‍മാണ തൊഴിലാളികളാണ് പാലത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ രണ്ടുപേരെ ദുരന്ത സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒരാളെ ആശുപത്രിയിലെത്തിച്ചു, പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു.

ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാമെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച (27.03.2024) സംഭവസ്ഥലം സന്ദര്‍ശിക്കും.

അപകടസമയത്ത് ഇന്‍ഡ്യക്കാരായ 22 ജീവനക്കാരാണ് ഇടിച്ച കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. സിനര്‍ജി മറൈന്‍ ഗ്രൂപിന്റെ കമ്യൂനികേഷന്‍സ് വിഭാഗം പ്രസ് ഓഫിസര്‍ പാറ്റ് ആദംസണ്‍ ഇക്കാര്യം വ്യക്തമാക്കിയതായി ബ്രിടീഷ് മാധ്യമമായ ബിബിസി റിപോര്‍ട് ചെയ്തു. ജീവനക്കാരില്‍ ഒരാളുടെ തലയ്ക്കു ചെറിയ പോറല്‍ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലില്‍ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും ആദംസണ്‍ പറഞ്ഞതായാണ് റിപോര്‍ട്. എന്നാല്‍ പരുക്കേറ്റവര്‍ ആരൊക്കെയാണെന്ന വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാള്‍ടിമോറില്‍ ഫ്രാന്‍സിസ് സ്‌കോട് കീ പാലത്തിലിടിച്ച ചരക്കുകപ്പല്‍ അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ബാള്‍ടിമോറിലെ സീഗര്‍ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു.


സിനര്‍ജി മറൈന്‍ ഗ്രൂപിന് മേല്‍നോട്ട ചുമതലയുള്ള സിംഗപുര്‍ കംപനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തില്‍പെട്ടത്. 27 ദിവസം നീണ്ടുനില്‍ക്കേണ്ട യാത്രയാണു പുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ വന്‍ ദുരന്തത്തില്‍ അവസാനിച്ചത്.

മേരിലാന്‍ഡ് സംസ്ഥാനത്തെ ബാള്‍ടിമോര്‍ നഗരത്തില്‍ പറ്റാപ്സ്‌കോ നദിക്ക് മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റര്‍) ദൂരത്തില്‍ നാലുവരിയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്നു നദിയിലേക്കു വീഴുകയായിരുന്നു.

ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. ഏപ്രില്‍ 22ന് അവിടെ എത്തേണ്ടതായിരുന്നെന്ന് കപ്പല്‍ ട്രാകിങ് വെബ്സൈറ്റായ വെസല്‍ഫൈന്‍ഡര്‍ റിപോര്‍ട് ചെയ്യുന്നു. അപകടസമയത്ത് ഷിപിങ് ഭീമന്മാരായ മര്‍സ്‌കിന്റെ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് കംപനി സ്ഥിരീകരിച്ചു.

ഈ മാസം 19നാണ് ഡാലി, പനാമയില്‍നിന്ന് ബാള്‍ടിമോറില്‍ തിരിച്ചെത്തിയത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രീസ് 2015ലാണ് ഏകദേശം 1000 അടി നീളമുള്ള ഡാലി നിര്‍മിച്ചത്. 2016ല്‍ ആന്റ്വെര്‍പ് തുറമുഖത്ത് കപ്പല്‍ ഒരു മതിലില്‍ ഇടിച്ചിരുന്നു. അന്ന് കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കുണ്ടായിരുന്നില്ല.

Keywords: News, World, World-News, Accident-News, Six People, Presumed, Dead, Baltimore, Key Bridge, Collapse, Coast Guard, Ends, Search, Missing, Bridge Disaster, Ship Collision, Six people presumed dead after Baltimore Key Bridge collapses, Coast Guard says.

Post a Comment