Dance | സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്ക് പോകാന്‍ പറ്റില്ല, മറ്റൊരു പരിപാടിയുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍

 


പാലക്കാട്: (KVARTHA) സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിയില്‍ പങ്കടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍. അതേ ദിവസം തന്നെ മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നത് എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളില്‍ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജില്‍, കോളജ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Dance | സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്ക് പോകാന്‍ പറ്റില്ല, മറ്റൊരു പരിപാടിയുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍
 

രാമകൃഷ്ണന്റെ വാക്കുകള്‍:

2016ല്‍ ഒരു നൃത്ത പരിപാടിയുമായി ബന്ധപ്പെട്ടാണ് കലാമണ്ഡലം സത്യഭാമ ആദ്യമായി വിളിക്കുന്നത്. നീ ഏതു മോഹനനാ, എന്നു മുതലാണ് മോഹിനിയാട്ടം ആടിത്തുടങ്ങിയത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ആദ്യം ചോദിച്ചത്. കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയത്തും മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നു. 

പി എസ് സി വഴി പരീക്ഷ എഴുതി നിയമനം ലഭിക്കാതിരിക്കാന്‍ എനിക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി. പിന്നീട് ഞാന്‍ അവതരിപ്പിച്ച നൃത്തത്തിനു നേരെ അനാവശ്യ വിമര്‍ശനമുന്നയിച്ചു. ഇപ്പോള്‍ വിവാദമായ പരാമര്‍ശങ്ങള്‍ നിങ്ങള്‍ക്കറിയാം. എന്റെ അമ്മ എങ്ങനെയാണ് എന്നെ സ്‌നേഹിച്ചതെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതില്ല.

നൃത്തത്തില്‍ ആകാരത്തിനും ഭംഗിക്കും നല്‍കുന്നത് 10 മാര്‍ക്കു മാത്രമാണ്. അതിനും നിറം മാത്രമല്ല പരിഗണിക്കുന്നത്. അവതരണത്തിനും നൃത്തത്തിന്റെ ശാസ്ത്രീയമായ മറ്റു വശങ്ങള്‍ക്കുമാണ് 90 മാര്‍ക്ക് നല്‍കുന്നത്. അപ്പോള്‍ വെളുത്ത നിറമുള്ളവര്‍ മാത്രമേ നൃത്തം അവതരിപ്പിക്കാവൂ എന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? വഴിയോരങ്ങളില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് പ്രതിഷേധിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. പെണ്‍വേഷത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഇങ്ങനെ തന്നെയേ ചെയ്യുകയുള്ളൂ- എന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

വിവാദത്തിന് പിന്നാലെ കുടുംബ ക്ഷേത്രമായ കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചിരുന്നു. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സര്‍കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി അറിയിച്ചു.

കറുത്ത നിറമുള്ള ആളുകള്‍ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണന്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. സംഭവത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു.



Keywords: RLV Ramakrishnan declines Suresh Gopi's invitation to perform at Kollam temple, Palakkad, News, RLV Ramakrishnan, Dancer, Suresh Gopi, Controversy, Social Media, Inauguration, College Day, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia