Follow KVARTHA on Google news Follow Us!
ad

CAA | സിഎഎ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെന്ന ആശയത്തിനെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് വെറ്ററിനറി വിഭാഗം ശക്തിപ്പെടുത്തും CM Pinarayi Vijayan, Press Meet, Kerala News
തിരുവനന്തപുരം: (KVARTHA) ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജണ്ടയുടെ ഭാഗവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

അതിനായി സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഒറിജിനല്‍ സ്യൂട്ട് സുപ്രീം കോടതിയില്‍ നിലവിലുണ്ട്. ചട്ടങ്ങള്‍ പുറപ്പെടുവിച്ച് നിയമം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധൃതിപിടിച്ച് നടപ്പാക്കുന്ന കേന്ദ്ര നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan About CA Act, Thiruvananthapuram, News, Politics, Criticism, Congress, CPM, CM Pinarayi Vijayan, Press Meet, Kerala News.


ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ ഈ നടപടി അന്താരാഷ്ട്രതലത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നടക്കം, ഈ നിയമത്തിന്റെ വിവേചന സ്വഭാവത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു.

സിഎഎ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയെന്ന ആശയത്തിനെതിരായ വെല്ലുവിളിയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുക, ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുക ഇതാണ് ഈ നിയമത്തിന്റെ കാതല്‍. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രത്യേക മത വിശ്വാസത്തെ പൗരത്വം നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണിത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറുകളില്‍ നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്.

അനധികൃത കുടിയേറ്റക്കാര്‍ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തില്‍ വരുന്നത് 2003 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ആരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നത് നിര്‍വ്വചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019 ലെ ഭേദഗതിയാണ് പൗരത്വത്തെ നിര്‍വ്വചിക്കാനുള്ള അടിസ്ഥാനമാക്കി മതത്തെ മാറ്റിയത്. മതത്തെ അടിസ്ഥാനപ്പെടുത്തിയ പൗരത്വ സങ്കല്‍പ്പം രാജ്യത്തിന്റെ ഭരണഘടനയിലുള്ളതല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 14, 21, 25 എന്നീ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ ഒരു നിയമവും സര്‍ക്കാരുകള്‍ക്ക് കൊണ്ടുവരാന്‍ കഴിയില്ല.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്ത് ഏവര്‍ക്കും നിയമത്തിനു മുമ്പില്‍ സമത്വവും ( EQUALITY BEFORE LAW) തുല്യമായ നിയമ സംരക്ഷണവും( PROTECTION OF LAWS) ഉറപ്പു നല്‍കുന്നു. കുടിയേറ്റക്കാരെ മുസ്ലിങ്ങളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായി, മതപരമായ വിവേചനത്തെ നിയമപരമാക്കാന്‍ ശ്രമിക്കുകയാണ്.

അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കില്‍, ആ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലീം മതന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തത് എന്നും അദ്ദേഹം ചോദിച്ചു. 

 പാകിസ്ഥാനിലെ അഹമ്മദിയ മുസ്ലിങ്ങളും അഫ്ഗാനിസ്ഥാനിലെ ഹസ്സരാ വിഭാഗക്കാരും മ്യാന്‍മറിലെ റോഹിങ്ക്യകളും ശ്രീലങ്കന്‍ തമിഴ് വംശജരുമെല്ലാം പൗരത്വത്തിന്റെ പടിക്കു പുറത്താവുന്നത് പൗരത്വ ഭേദഗതി നിയമത്തിന്റെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയിട്ടുണ്ട് എന്നതുകൂടി ഓര്‍മ്മിക്കണം. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാര്‍ത്ഥ ലക്ഷ്യം.

ബുദ്ധമതക്കാരും ഹിന്ദുക്കളും സിഖുകാരും ഒഴികെയുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് നിന്ന് നീക്കം ചെയ്യുമെന്ന് പലവട്ടം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. എന്‍ആര്‍സി ബംഗാളില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പ്രഖ്യാപിച്ചു. 2019 നവംബര്‍ 21 നും 2019 ഡിസംബര്‍ 21 നും പാര്‍ലമെന്റില്‍ അമിത് ഷാ ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. എന്‍ആര്‍സി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ഒരു നുഴഞ്ഞുകയറ്റക്കാരനേയും വിടില്ലെന്നുമാണ് അന്ന് പറഞ്ഞത്.

കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തപ്പോള്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി കേരളമാകെ ഒന്നിച്ചണിനിരന്നു.

മതനിരപേക്ഷതയില്‍ നിന്ന് വ്യതിചലിക്കുന്നത് ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് തുല്യമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്ന നിലപാട് തുടക്കം മുതല്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ (എന്‍ആര്‍സി) ജനസംഖ്യ രജിസ്റ്ററോ (എന്‍പിആര്‍) കേരളത്തില്‍ നടപ്പാക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം.

എല്ലാവരേയും ഒരുമിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് സര്‍ക്കാര്‍ അന്ന് മുന്‍കൈയെടുത്തത്. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്ത് യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറായത്. സര്‍ക്കാര്‍ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മയും തുടര്‍ന്നുനടന്ന സര്‍വ്വകക്ഷി യോഗവും ഈ വിഷയത്തില്‍ ഐക്യം രൂപപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയാണ് രാജ്യത്ത് ആദ്യം പ്രമേയം പാസാക്കിയത്. 2019 ഡിസംബറിലായിരുന്നു ഇത്. ഈ വിഷയത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് 13 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി എന്ന നിലയില്‍ കത്തെഴുതുകയുമുണ്ടായി. വിശാലമായ യോജിപ്പിന് വഴിതുറക്കാനാണ് ഇത് ചെയ്തത്.

ഭരണഘടനാ സംരക്ഷണ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഇവിടെ ആര്‍ എസ് എസിന്റെ അജണ്ടകള്‍ നടപ്പിലാവില്ല എന്ന് സര്‍ക്കാര്‍ ഉറക്കെ പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനവും നമ്മുടെതാണ്.

സര്‍ക്കാര്‍ ഇങ്ങനെ ശക്തമായ നിലപാടെടുത്തപ്പോള്‍ തന്നെ എല്‍ഡിഎഫ് നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യ ചങ്ങല തീര്‍ത്തു. പൗരത്വ പ്രശ്‌നത്തില്‍ ആശങ്കയുള്ള ജനവിഭാഗത്തിന്റെയാകെ ഭീതി മാറ്റി ഒപ്പമുണ്ടെന്ന ധൈര്യം പകരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ യോജിപ്പിന് തയ്യാറായ കോണ്‍ഗ്രസ് വളരെപ്പെട്ടെന്ന് ചുവട് മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയത്തെ പോലും അന്നത്തെ കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പ്രമേയം പാസ്സാക്കിയതില്‍ മുഖ്യമന്ത്രി മേനി നടിക്കണ്ട എന്നും പ്രമേയം പാസ്സാക്കിയതുകൊണ്ട് കേന്ദ്രം പാസ്സാക്കിയ നിയമം ഇല്ലാതാകില്ലല്ലോ എന്നുമായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന.

യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന നിലപാടാണ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നും വന്നത്. വര്‍ഗ്ഗീയ വിഭജന നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു കോണ്‍ഗ്രസ്സിന്റെ ഈ തീരുമാനം. ഇടതുപക്ഷവുമായി യോജിച്ച് പൗരത്വ വിഷയത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയവര്‍ക്കുനേരെ കോണ്‍ഗ്രസ്സ് പാര്‍ടിതല നടപടി എടുക്കുന്ന നിലവരെയുണ്ടായി.

ബിജെപി സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത 2019 ഡിസംബര്‍ രണ്ടാം വാരത്തില്‍തന്നെ രാജ്യത്താകെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ്. മതനിരപേക്ഷ രാഷ്ട്രീയം മുറുകെപ്പിടിക്കുന്നവര്‍ ഡിസംബര്‍ പത്തിന് രാജ്യത്താകെ തെരുവിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ടി അദ്ധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ജനകീയ സമരത്തില്‍ പങ്കെടുത്ത സിപിഐഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാകാരാട്ട് എന്നിവര്‍ അടക്കം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ ജനകീയ സമരത്തിന് പിന്തുണയുമായി നിലകൊണ്ടു.

2019 ഡിസംബര്‍ 9 ന് ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്നും അതിനെതിരെ ഏറ്റവും ശക്തമായ ശബ്ദമുയര്‍ത്തിയത് ഒരേയൊരു അംഗം മാത്രമായിരുന്നു. ആലപ്പുഴ എംപി എഎം ആരിഫ്.

ഭരണഘടനാ വിരുദ്ധമായ ഉള്ളടക്കമുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സാങ്കേതികമായി പ്രതികരിച്ചു എന്ന് വരുത്തി മൂലക്കിരിക്കുകയായിരുന്നു കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍. കേരളത്തിനെതിരെയും കേരളത്തിലെ സര്‍ക്കാരിനെതിരെയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുക്കാനുള്ള ആവേശത്തിന്റെ നൂറിലൊന്ന് ആവേശം പോലും പൗരത്വ ബില്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസുകാര്‍ കാണിച്ചില്ല.

ലോക്‌സഭയില്‍ എന്നപോലെ രാജ്യസഭയിലും ഇടതുപക്ഷ അംഗങ്ങള്‍ അധാര്‍മ്മിക ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. ഇടതുപക്ഷ അംഗങ്ങളായ എളമരം കരീമും ബിനോയ് വിശ്വവും കെ കെ രാഗേഷും ബില്ലിനെതിരെ രാജ്യസഭയില്‍ ശക്തിയുക്തം എതിര്‍പ്പുയര്‍ത്തി. പൗരത്വ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യസഭയിലെ ഇടതുപക്ഷ അംഗങ്ങള്‍ ഭേദഗതി നിര്‍ദേശിക്കുകയും ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്ല് വോട്ടിനിടാന്‍ ആവശ്യപ്പെട്ടതും ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടാന്‍ പ്രമേയം കൊണ്ടുവന്നതും ഇടതുപക്ഷ എംപിമാര്‍ ആയിരുന്നു.

2020 ജനുവരിയില്‍ ഡല്‍ഹി രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രക്ഷോഭം കനത്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എംപിമാരെ കാണാനുണ്ടായിരുന്നില്ല.

സമരത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിന്റെ പകപോക്കല്‍ സമീപനമാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് സംഘപരിവാര്‍ ആസൂത്രണത്തില്‍ ഡെല്‍ഹിയില്‍ മുസ്ലിം വിരുദ്ധ കലാപം നടക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെയും രക്ഷകരായി എത്തിയത് ഇടതുപക്ഷ ജനപ്രതിനിധികള്‍ മാത്രമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ സംഘടിത ന്യൂനപക്ഷ വേട്ടയാണ് അവിടെ നടന്നത്. കലാപത്തിനിരയായവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായിട്ടാണ് പോലീസ് കൈകാര്യം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഷഹീന്‍ ബാഗില്‍ നടന്ന സമരത്തില്‍ പോലീസിന്റെ മൗനാനുവാദത്തോടെ സാമൂഹ്യവിരുദ്ധര്‍ ആക്രമണം അഴിച്ചു വിട്ടു. ഇതിനെതിരെയും സംരക്ഷണ കവചവുമായി ഓടിയെത്തിയത് ഇടതു എം പി മാരും ഇടതുപക്ഷ നേതാക്കളുമാണ്. കുറ്റകരമായ മൗനമാണ് കോണ്‍ഗ്രസ്സ് പുലര്‍ത്തിയത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ അങ്ങേയറ്റം വിദ്വേഷകരമായ പ്രസംഗം അന്നാണ് ഉണ്ടായത്. 'ഗോലീ മാരോ സാലോം കോ' എന്ന വിവാദ പ്രസംഗവും കലാപാഹ്വാനവും അദ്ദേഹം നടത്തുകയുണ്ടായി.

ഡെല്‍ഹിയില്‍ കലാപാഹ്വാനം ചെയ്ത കേന്ദ്രമന്ത്രിക്കെതിരെ വൃന്ദാ കാരാട്ടും സിപിഐഎം ഡെല്‍ഹി സംസ്ഥാന സെക്രട്ടറിയുമാണ് അന്ന് കോടതിയെ സമീപിച്ചത്. ഡെല്‍ഹി കലാപത്തിലെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ ഇരകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പിന്നീടുണ്ടായത്.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുമ്പോള്‍ ഇരകള്‍ ക്രൂശിക്കപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ നയിച്ചതിന്റെ പേരിലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേര് ഡല്‍ഹി പൊലീസ് കുറ്റപത്രത്തില്‍ പെടുത്തിയത്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ടിയിലെ ഒരു നേതാവിന്റെ പേരുപോലും ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ ഇല്ലായിരുന്നു. കാരണം പൗരത്വ നിയമത്തിനെതിരായ സമരങ്ങളില്‍ കോണ്‍ഗ്രസ്സ് എവിടെയും ഇല്ലായിരുന്നു.

വളരെ വൈകിയാണ് പൗരത്വ ബില്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് പരസ്യമായി നിലപാട് പറഞ്ഞതുതന്നെ. കേരളത്തെ മാതൃകയാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ് നിയമസഭാ 2020 ജനുവരിയില്‍ പൗരത്വ വിഷയത്തില്‍ പ്രമേയം പാസ്സാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ട് ഇപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്സ് ഔദ്യോഗികമായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ ആയതുകൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞുവെന്ന് ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് ഇനിയും ഒരു നിലപാടില്ലേ? ഇതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിന്റെ ദേശീയ അധ്യക്ഷനോ ഈ വര്‍ഗ്ഗീയ വിഭജന നിയമത്തിന് എതിരെ ഔദ്യോഗികമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധിയാകട്ടെ ഇതുവരെ ഇങ്ങനെയൊരു വിഷയം അറിഞ്ഞതായേ ഭാവിച്ചിട്ടില്ല.

സിഎഎക്കെതിരെ ഉറച്ച ശബ്ദത്തില്‍ നിലപാട് പറയാന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കഴിഞ്ഞിട്ടില്ല. പറഞ്ഞു എന്ന് വരുത്തി തീര്‍ക്കാന്‍ എക്‌സില്‍ ആണ് ചെറുവരി കുറിപ്പ് എഴുതിയിട്ടത്. ആസാമിലെ കോണ്‍ഗ്രസ്സ് ഘടകകക്ഷിയായ അസം ജാതീയ പരിഷത്ത് നേതാക്കള്‍ തന്നെ കണ്ട് സിഎഎക്കെതിരെ നിവേദനം നല്‍കിയ ഫോട്ടോക്ക് ഒപ്പമാണ് ഈ കുറിപ്പ് നല്‍കിയത്.

എഐസിസിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി, അദ്ദേഹം കേരളത്തില്‍ സ്ഥാനാര്‍ത്ഥിയുമാണല്ലോ - പറഞ്ഞത് ഇത്രയുമാണ് :

'പൗരത്വബില്‍ 4 വര്‍ഷവും മൂന്നു മാസവും മുന്നേ പാര്‍ലമെന്റില്‍ പാസായതാണ്. ഇത്രയും കാലം ഇല്ലാത്ത തിടുക്കം ഇപ്പോഴെന്തിനാണ്? ഇതിന് തെരഞ്ഞെടുപ്പ് വരെ കാത്തുനിന്നത് എന്തിനാണ്? കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ 4 വര്‍ഷവും മൂന്നു മാസവും മുന്നേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാമായിരുന്നില്ലേ?'

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രശ്‌നമൊന്നുമില്ല എന്നല്ലേ ഇതിനര്‍ത്ഥം? തെരഞ്ഞെടുത്ത സമയം മാത്രമാണ് പ്രശ്‌നമായി തോന്നിയത്. വൈ ദിസ് ഡിലേ? എന്നാണ് അദ്ദേഹം ആവര്‍ത്തിച്ചു ചോദിക്കുന്നത്.

കോണ്‍ഗ്രസ്സ് മീഡിയ വിഭാഗം തലവന്‍ ജയറാം രമേശും പൗരത്വ ബില്ലിന്റെ രാഷ്ട്രീയത്തെ തൊടാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബിജെപിയുടെ ധ്രുവീകരണ ശ്രമമാണ് പൗരത്വ നിയമ വിജ്ഞാപനമെന്നുമാത്രമാണ് ജയറാം രമേശ് ആകെ പറയുന്ന രാഷ്ട്രീയം.

ഇവിടെ നാല് കാര്യങ്ങളാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്,

ഒന്ന്, പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താല്പര്യങ്ങള്‍ ഹനിക്കുന്നതാണ്. അത് കേരളത്തില്‍ നടപ്പാക്കില്ല.

രണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുമാണ്. അതില്‍ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല.

മൂന്ന്, കോണ്‍ഗ്രസ് ഈ വര്‍ഗ്ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂര്‍ണ്ണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാര്‍ട്ടി വിശ്വസിക്കാന്‍ കൊള്ളാത്ത ഒന്നാണെന്ന് ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു.

നാല്, ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കെത്തുന്ന 2025 ലേക്ക് കടുത്ത വര്‍ഗ്ഗീയ ലക്ഷ്യങ്ങളാണ് സംഘപരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിന്റെതാണ്. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. മുട്ടുമടക്കുകയുമില്ല, നിശബ്ദരാകുകയുമില്ല.

പറയാനുള്ള മറ്റൊരു കാര്യം?

അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുമ്പോള്‍ വന്യജീവികള്‍ നാട്ടിലേക്കിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാവുകയാണ്. ഇത് സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു.

വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിയോഗിച്ചു. 36 വനം ഡിവിഷനുകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. വന്യ ജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് സര്‍ക്കിള്‍/ഡിവിഷന്‍ തലത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പഞ്ചായത്ത് തലത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ആര്‍ ആര്‍ ടികളിലും മനുഷ്യ - വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലുമായി 900ത്തോളം താല്‍ക്കാലിക വാച്ചര്‍മാരുടെ സേവനം ആവശ്യാനുസരണം വിനിയോഗിച്ച് വരുന്നുണ്ട്. വയനാട് മേഖലയിലെ 66 തോട്ടങ്ങളില്‍ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച് വരികയാണ്. മൂന്നാര്‍ മേഖലയിലെ തോട്ടം ഉടമ/ മാനേജര്‍മാരുടെ യോഗം വനം, റവന്യു, പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തി. നിലവില്‍ ലഭ്യമായ ജീവനക്കാരെ പുനര്‍വിന്യസിച്ച് 28 ആര്‍ആര്‍ടികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 64 പമ്പ് ആക്ഷന്‍ തോക്കുകള്‍, രണ്ട് ട്രാങ്കുലൈസര്‍ തോക്കുകള്‍, നാല് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിന് നടപടിയായിട്ടുണ്ട്.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ 264 ജനജാഗ്രതാ സമിതികള്‍ നിലവിലുണ്ട് ഇവയെ ശക്തിപ്പെടുത്തി പ്രവര്‍ത്തനസജ്ജമാക്കുന്നതാണ്. വന്യജീവി സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായതോതില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. വയനാട് വനമേഖലയില്‍ 341ഉം ഇടുക്കിയില്‍ 249 ഉം കുളങ്ങള്‍ പരിപാലിച്ചു വരുന്നു. കുളങ്ങള്‍/ചെക്ക് ഡാമുകള്‍ എന്നിവ പുതുതായി നിര്‍മ്മിക്കുന്നതിന് സിഎസ് ആര്‍ ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനുള്ള 13.70 കോടി രൂപയില്‍ 6.45 കോടി രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 7.26 കോടി രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചു വരികയാണ്. മനുഷ്യ -വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖാന്തരം അനുവദിച്ചിട്ടുള്ള 100 കോടി രൂപക്ക് പുറമേ കിഫ്ബി മുഖേന തന്നെ 110 കോടി രൂപയ്ക്കുള്ള കരട് പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ട്. ദീര്‍ഘകാല - ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശിയ ദേശിയ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതിനുള്ള പ്രപ്പോസല്‍ ഒരാഴ്ചക്കകം ലഭ്യമാകും.

കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പെട്ട ഇന്റര്‍‌സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങള്‍ ഫെബ്രുവരി 13നും 28നും ചേര്‍ന്നിട്ടുണ്ട്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തല മീറ്റിങ്ങ് ഫെബ്രുവരി 14നും മന്ത്രിതല യോഗം മാര്‍ച്ച് 10നും ബന്ദിപ്പൂരില്‍ വെച്ച് ചേര്‍ന്നു.

ഏപ്രിലില്‍ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെമിനാര്‍ സംഘടിപ്പിക്കും.

വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് വെറ്ററിനറി വിഭാഗം ശക്തിപ്പെടുത്തും. അധിനിവേശ സസ്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളും. ആനയെ അകറ്റുന്ന പ്രത്യേക തരം തേനീച്ചയെ അനുയോജ്യമായ മേഖലകള്‍ കണ്ടെത്തി വളര്‍ത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. അത്തരം തേനീച്ചകള്‍ കരടികളെ ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നുണ്ട്. അതുകൊണ്ട് കരടികള്‍ ഇല്ലാത്ത മേഖലകളിലാണ് ഇവയെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്.

Keywords: Pinarayi Vijayan About Citizenship Amendment Act, Thiruvananthapuram, News, Politics, Criticism, Congress, CPM, CM Pinarayi Vijayan, Press Meet, Kerala News.

Post a Comment