PC George | പിണറായിയും സര്‍കാരും അനുഭവിക്കുന്നത് ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമെന്ന് പി സി ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) പിണറായിയും സര്‍കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികള്‍ക്കും കാരണം ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ നടത്തിയ ശ്രമത്തിന്റെ തുടര്‍ചയാണെന്ന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പിസി ജോര്‍ജ്.

കണ്ണൂരില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാര ലംഘനം നടത്തി ശബരിമലയെ കളങ്കപ്പെടുത്താനും ആയിരക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കാനും നടത്തിയ നീക്കങ്ങള്‍ക്ക് ശേഷം ഇന്നോളം പിണറായിക്ക് സ്വസ്ഥമായി കഴിഞ്ഞുകൂടാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

PC George | പിണറായിയും സര്‍കാരും അനുഭവിക്കുന്നത് ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ അനന്തരഫലമെന്ന് പി സി ജോര്‍ജ്
 
പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയായി, റേഷന്‍ കിട്ടാതായി, ശമ്പളം കിട്ടാതായി, ആശുപത്രികളില്‍ മരുന്നില്ലാതായി. അഴിമതിക്കാരനായി മാറി, ജനങ്ങള്‍ വെറുക്കുന്ന ഭരണാധിപനായി മാറി. കഴിഞ്ഞ എട്ടുവര്‍ഷക്കാലം എന്തെങ്കിലും ഒരു നല്ല കാര്യം പിണറായി സര്‍കാര്‍ ചെയ്തതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? അഴിമതിയിലൂടെ നേടിയ പണം പിണറായിയും കുടുംബവും വിദേശ രാജ്യങ്ങളില്‍ ചുറ്റിയടിച്ച് വിദേശത്ത് നിക്ഷേപിച്ച് മക്കള്‍ക്ക് വേണ്ടി വ്യവസായ സ്ഥാപനങ്ങളാരംഭിച്ചു.

നികുതി പണം നല്‍കി ജീവിക്കുന്ന സാധാരണക്കാരായ ജനം പാപ്പരായി. സംസ്ഥാനം കടക്കെണിയിലായി. ചെയ്ത പ്രവര്‍ത്തികളുടെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പിണറായി. ഇനിയും അനുഭവിക്കും. ജയിലിലടയ്ക്കപ്പെടുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയില്‍ ഭൂരിപക്ഷമുളള വിഭാഗത്തെ പ്രീണിപ്പിച്ച് വോട് നേടി ജയിക്കാനുളള തത്രപ്പാടിലാണ് ഇടതും വലതും. തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലടക്കം ഇരുകൂട്ടരുടേയും പ്രീണനത്തിന്റെ തുടര്‍ചയാണ്. 2009 ല്‍ ഞായറാഴ്ചയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തിയത്. ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിനമാണ് അന്ന്. എന്നാല്‍ താനടക്കമുളളവര്‍ പളളിയില്‍ പോയി പ്രാര്‍ഥിച്ചിട്ടാണ് വോട് ചെയ്യാന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരേയും തുല്യമായി കാണുന്ന ഭരണകൂടം യാഥാര്‍ഥ്യമാകണമെങ്കില്‍ മൂന്നാമതും നരേന്ദ്രമോദി അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു. മാറ്റത്തിന് കേരളവും തയാറായി കഴിഞ്ഞുവെന്നും ഇക്കുറി എന്‍ഡിഎ പ്രതിനിധിയായി കേരളത്തില്‍ നിന്നുളളവരും ലോക്സഭയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അറുപത് വര്‍ഷം ഒന്നും ചെയ്യാത്ത കോണ്‍ഗ്രസിന് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മോദി ഭരണകൂടത്തെ കുറ്റം പറയാന്‍ എന്ത് അര്‍ഹതയാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു.

യു ഡി എഫും എല്‍ഡിഎഫും കേന്ദ്രത്തിലെത്തി ഒന്നായി കൈപൊക്കാന്‍ കേരളത്തിലെന്തിന് പരസ്പരം മത്സരിക്കുന്നു. ആശയപരമായ പോരാട്ടം നടത്തുന്ന എന്‍ഡിഎയെ വിജയിപ്പിക്കാന്‍ ജനം തയാറെടുത്തു കഴിഞ്ഞു. പൗരാവകാശത്തിന്റെ പേരില്‍ മുസ്ലീം ജനവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും. നിയമത്തില്‍ നിഷ്‌ക്കര്‍ഷിക്കപ്പെട്ട വിദേശ രാജ്യങ്ങളിലെ പീഡനം അനുഭവിച്ച് അഭയംതേടി ഇന്‍ഡ്യയിലെത്തിയ ഹിന്ദുമത വിശ്വാസികളടക്കമുളള വളരെ കുറച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കാനിരിക്കുന്നത്.

ഒരാളെ പോലും രാജ്യത്ത് നിന്നും പുറത്താക്കാന്‍ പോകുന്നില്ല. വിവാദങ്ങളുണ്ടാക്കി ഇസ്ലാം മതവിശ്വാസികളെ ഭയചകിതരാക്കി വോട് തട്ടാനാണ് ഇരുകൂട്ടരുടേയും ശ്രമം. ഇത് ജനം തിരിച്ചറിയണം. എന്നും ഇസ്ലാമിക വിശ്വാസികളെ താലോലിച്ച് ബഹുമാനിച്ച് പോന്ന ചരിത്രമാണ് ഭാരതത്തിനുളളത്. ബിജെപി മേഖലാ ജെനറല്‍ സെക്രടറി കെകെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

Keywords: PC George Criticized CM Pinarayi Vijayan, Kannur, News, PC George, Criticized, LDF, UDF, Politics, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia