Follow KVARTHA on Google news Follow Us!
ad

Custody Extended | മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കേജ് രിവാളിന് കോടതിയില്‍ തിരിച്ചടി; തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും

ഉത്തരവ് പുറപ്പെടുവിച്ചത് സ്പെഷ്യല്‍ സിബിഐ ജഡ്ജ് കാവേരി ബവേജ Liquor Policy Case, Arvind Kejriwal, ED Custody, Extended, National News
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് കോടതിയില്‍ തിരിച്ചടി. കസ്റ്റഡി കാലാവധി നീട്ടി. തിങ്കളാഴ്ച വരെ ഇ ഡി കസ്റ്റഡിയില്‍ തുടരും. നാലു ദിവസത്തേക്ക് കൂടിയാണ് കേജ് രിവാളിന്റെ കസ്റ്റഡി കാലാവധി ഡെല്‍ഹി റോസ് അവന്യു കോടതി നീട്ടിയത്. ഏപ്രില്‍ ഒന്നിന് രാവിലെ 11.30നു മുന്‍പായി കേജ് രിവാളിനെ കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.

മാര്‍ച് 21-ന് അറസ്റ്റുചെയ്യപ്പെട്ട കേജ് രിവാള്‍ ഏപ്രില്‍ ഒന്നുവരെ കസ്റ്റഡിയില്‍ തുടരും. കോടതിയില്‍ കേജ് രിവാളിന്റേയും ഇഡിയുടേയും വാദങ്ങള്‍ കേട്ടശേഷം ഡെല്‍ഹി റോസ് അവന്യൂ കോടതി സ്പെഷ്യല്‍ സിബിഐ ജഡ്ജ് കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Liquor policy case: Arvind Kejriwal's ED custody extended till April, New Delhi, News, Liquor Policy Case, Arvind Kejriwal, ED Custody, Extended, Politics, Allegation, National News

അതേസമയം, കേജ് രിവാളിന് ഡെല്‍ഹി മുഖ്യമന്ത്രിയായി തുടരാം. കേജ് രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്നു ജഡ്ജ് പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹര്‍ജി തള്ളിയത്.

ഏഴുദിവസം കൂടി കേജ് രിവാളിന്റെ കസ്റ്റഡി നീട്ടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കുമെന്നും കോടതിയിലേക്ക് കൊണ്ടുപോകുംവഴി കേജ് രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അരവിന്ദ് കേജ് രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രമേഷ് ഗുപ്ത ഹാജരായി. അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജുവും സ്‌പെഷ്യല്‍ കോണ്‍സല്‍ സൊഹേബ് ഹുസൈനും ഇഡിക്കുവേണ്ടി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായി. വേര്‍തിരിച്ചെടുത്ത ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് എസ് വി രാജു കോടതിയെ അറിയിച്ചു. ഇ ഡിയുടെ ചോദ്യങ്ങള്‍ക്ക് കേജ് രിവാള്‍ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേജ് രിവാള്‍ അന്വേഷണത്തോട് ബോധപൂര്‍വം സഹകരിക്കുന്നില്ല. പഞ്ചാബിലെ എക്‌സൈസ് ഓഫീസര്‍മാരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ് വി. രാജു പറഞ്ഞു. അതേസമയം, കേജ് രിവാളിന് സംസാരിക്കണമെന്ന് അഡ്വ. രമേഷ് ഗുപ്ത കോടതിയെ അറിയിച്ചു. പിന്നാലെ, കോടതിയെ അഭിസംബോധന ചെയ്യാന്‍ ബെഞ്ച് അനുമതി നല്‍കി.

മദ്യനയവുമായി ബന്ധപ്പെട്ട യഥാര്‍ഥ അഴിമതി ആരംഭിച്ചത് ഇഡി അന്വേഷണത്തിന് ശേഷമാണെന്ന് പറഞ്ഞ കേജ് രിവാള്‍ കേസില്‍ അറസ്റ്റിലായ ശരത് റെഡ്ഡിയില്‍ നിന്ന് ബിജെപി 55 കോടി കൈപ്പറ്റിയെന്നും ആരോപിച്ചു. എന്നാല്‍, ബിജെപിക്ക് ലഭിച്ച സംഭാവനയ്ക്ക് മദ്യ അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നാണ് ഇഡിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു വാദിച്ചത്.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അരവിന്ദ് കേജ് രിവാള്‍ പറഞ്ഞത്. കേസില്‍ ഉള്‍പെട്ട നാലുപേരാണ് തനിക്കെതിരെ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയെ അറസ്റ്റുചെയ്യാന്‍ വെറും നാലുപേരുടെ മൊഴി മാത്രം പര്യാപ്തമാണോ എന്നും അദ്ദേഹം കോടതിയോട് ചോദിച്ചു. ഈ നാലുപേരും ആദ്യം നല്‍കിയ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്ന് പറഞ്ഞ കേജ് രിവാള്‍ പിന്നീട് ഇതില്‍ ചിലര്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞശേഷമാണ് തനിക്കെതിരെ മൊഴി നല്‍കിയതെന്നും ഇത് ഇഡിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നും ആരോപിച്ചു.

യഥാര്‍ഥ മദ്യനയ അഴിമതി ആരംഭിച്ചത് ഇഡി അന്വേഷണത്തിന് ശേഷമാണ്. കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയാക്കി. ബി ജെ പിക്ക് 55 കോടി സംഭാവന നല്‍കിയ ശേഷമാണ് റെഡ്ഡിയെ മാപ്പു സാക്ഷിയാക്കിയത്. ഇപ്പോഴും റെഡ്ഡിയും ബിജെപിയും തമ്മിലുള്ള പണം ഇടപാട് നടക്കുകയാണെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കേജ് രിവാള്‍ കോടതിയില്‍ പറഞ്ഞു.

ഒരു കോടതിയും തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും കേജ് രിവാള്‍ വാദിച്ചു. സിബിഐ. 31,000 പേജുകളുള്ള റിപോര്‍ട്ടാണ് ഫയല്‍ ചെയ്തത്. ഇഡി 25,000 പേജുകള്‍ ഉള്ള റിപോര്‍ടും ഫയല്‍ ചെയ്തു. ഇത് എല്ലാം കൂട്ടിവായിച്ചാലും തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ലെന്ന് കേജ് രിവാള്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, കേജ് രിവാളിന്റെ ആരോപണങ്ങളെ ഇ ഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ എസ് വി രാജു തള്ളി. ബിജെപിക്ക് ലഭിച്ച സംഭാവനയും മദ്യനയവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം മദ്യനയം തയാറാക്കുന്നതില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്നും ആരെങ്കിലും, ആര്‍ക്കെങ്കിലും സംഭാവന നല്‍കുന്നത് തങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും കോടതിയില്‍ വ്യക്തമാക്കി.

ഗാലറിക്കുവേണ്ടിയാണ് കേജ് രിവാള്‍ സംസാരിക്കുന്നതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജെനറല്‍ കുറ്റപ്പെടുത്തി. കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ അഡീഷനല്‍ സോളിസിസ്റ്റര്‍ ജെനറല്‍ കേജ് രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കി. മൊബൈല്‍ ഫോണിന്റെ പാസ് വേര്‍ഡ് ഇതുവരെ കേജ് രിവാള്‍ നല്‍കിയിട്ടില്ല. പാസ് വേര്‍ഡ് നല്‍കിയില്ലെങ്കില്‍ മറ്റു മാര്‍ഗത്തിലൂടെ അത് തുറക്കേണ്ടിവരുമെന്നും ഇഡി കോടതിയെ അറിയിച്ചു.

ഹൈകോടതി തള്ളിയ കാര്യങ്ങളാണ് കേജ് രിവാള്‍ ഇപ്പോള്‍ വിചാരണ കോടതിയില്‍ ഉന്നയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ഭാവനാ വിലാസത്തിലുള്ള കാര്യങ്ങളാണ് കേജ് രിവാള്‍ പറയുന്നത്. കേജ് രിവാള്‍ മുഖ്യമന്ത്രി ആയതുകൊണ്ട് അറസ്റ്റുചെയ്യാന്‍ പറ്റില്ലെന്ന നിലപാട് തെറ്റാണ്. നിയമത്തിന് മുന്നില്‍ മുഖ്യമന്ത്രിയും സാധാരണക്കാരനും ഒന്നുപോലെയാണെന്നും ഇ ഡിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സമ്മര്‍ദം ചെലുത്തിയാണ് തനിക്കെതിരെ മൊഴികള്‍ ഉണ്ടാക്കുന്നതെന്ന കേജ് രിവാളിന്റെ വാദം ഇഡി തള്ളി. സമ്മര്‍ദത്തിലാക്കിയാണോ മൊഴി നല്‍കിയതെന്ന കാര്യം വിചാരണയിലാണ് തെളിയേണ്ടതെന്നും കേജ് രിവാളിന് പല സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

നിരവധി സീനിയര്‍ അഭിഭാഷകരാണ് കേജ് രിവാളിന് വേണ്ടി ഹാജരാകുന്നത്. എന്നാല്‍ അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാകും കേജ് രിവാള്‍ സ്വന്തമായി വാദിക്കുന്നത്. വിശ്വാസം ഇല്ലെങ്കില്‍ കേജ് രിവാള്‍ അഭിഭാഷകരെ മാറ്റണം, അഭിഭാഷകര്‍ ഉണ്ടെങ്കില്‍ കേജ് രിവാള്‍ സ്വന്തമായി വാദിക്കാന്‍ പാടില്ലെന്നും എസ് വി രാജു കോടതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: Liquor policy case: Arvind Kejriwal's ED custody extended till April, New Delhi, News, Liquor Policy Case, Arvind Kejriwal, ED Custody, Extended, Politics, Allegation, National News.

Post a Comment