Final Tribute | കണ്ണൂരിലെ കളരി ആചാര്യന്‍ ഭാസ്‌കരന്‍ ഗുരുക്കള്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി

 


കണ്ണൂര്‍: (KVARTHA) ആയോധന കലാരംഗത്ത് വടക്കന്‍ കേരളത്തിന്റെ കളരി ചുവടുകളുടെ ആചാര്യനായിരുന്ന അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ക്ക് (90) നാടിന്റെ അന്ത്യാജ്ഞലി. തോട്ടട അവേരയില്‍ ശിവോദയ കളരി സംഘം സ്ഥാപിച്ച് നിരവധി പേര്‍ക്ക് കളരി വിദ്യ പകര്‍ന്നു നല്‍കിയ നവതിയിലെത്തിയ ഭാസ്‌കരന്‍ ഗുരുക്കളെ കേരള ഫോക് ലോര്‍ അകാഡമി 2023-ല്‍ ഗുരുപൂജ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Final Tribute | കണ്ണൂരിലെ കളരി ആചാര്യന്‍ ഭാസ്‌കരന്‍ ഗുരുക്കള്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി

കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ രക്ഷാധികാരിയായിരുന്ന ഭാസ്‌കരന്‍ ഗുരുക്കള്‍ 1960-70 കാലഘട്ടത്തില്‍ മലബാറിലെങ്ങും അറിയപ്പെട്ട കളരിപ്പയറ്റ് ആചാര്യനായിരുന്നു. കണ്ണൂര്‍ എസ് എന്‍ കോളജിലടക്കം നിരവധി ഗുസ്തി താരങ്ങളെ വളര്‍ത്തിയെടുക്കാനും കോഴിക്കോട് സര്‍വകലാശാല ഇന്റര്‍ കോളജ് ഗുസ്തി താരങ്ങളാക്കാനും ഗുരുക്കള്‍ മുന്‍ കൈ എടുത്തു.

കളരി വിദ്യയെക്കുറിച്ച് നിരവധി പണ്ഡിതന്മാരുമായി സംവാദവും വെല്ലുവിളിയും നടത്തി കളരിപ്പയറ്റ് മത്സരവും നടത്തിയിട്ടുണ്ട്. വളപട്ടണം ശ്രീഭാരത് കളരി സ്ഥാപകനും പ്രസിദ്ധ കളരിപ്പയറ്റ് ആചാര്യനും ഗ്രന്ഥകാരനുമായിരുന്ന ചിറക്കല്‍ ടി ശ്രീധരന്‍ നായരുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഗുരുക്കള്‍ അദ്ദേഹവുമായി നടത്തിയ കളരിപ്പയറ്റ് മത്സരം 1970 കളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കേരളത്തിലെ നിരവധി കളരിപ്പയറ്റു വേദികളില്‍ സ്വാഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞ ഭാസ്‌കരന്‍ ഗുരുക്കള്‍ നല്ല ഒരു സംവാദകന്‍ കൂടിയായിരുന്നു. കളരിപ്പയറ്റിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഭാസ്‌കരന്‍ ഗുരുക്കള്‍ ആ വിദ്യയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. അത്തരക്കാരെ മുഖം നോക്കാതെ വിമര്‍ശിക്കാനും മടി കാണിച്ചിരുന്നില്ല.

ആയോധനകലകളെക്കുറിച്ച് ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരത്തിന് ഉടമയായിരുന്നു ഗുരുക്കള്‍. വിദേശ ഗവേഷകരടക്കം നിരവധി പേര്‍ ഭാസ്‌കരന്‍ ഗുരുക്കളുടെ അവേര ശിവോദയം കളരിയിലെത്തിയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. രാഷ്ട്രീയ സാമൂഹിക കലാ മേഖലകളിലെ നിരവധി പേര്‍ തോട്ടട അവേരയിലെ വീട്ടിലും പയ്യാമ്പലത്തും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഭാര്യ: പദ്മാവതി. മക്കള്‍: ഷൈമ, ഷൈനോജ്, ഷാജി. സഹോദരങ്ങള്‍: പരേതരായ കുമാരന്‍, കണ്ണന്‍.

Keywords: Kalari Acharya Bhaskaran Gurus final tribute to the country's, Kannur, News, Kalari Acharya Bhaskaran Gurus, Final Tribute, Writer, Books, Dead Body, Hospital, Treatment, Dead Body, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia