Jassie Gift | ജാസിയെ അപമാനിച്ച സംഭവം: ഈ അധ്യാപകർക്ക് ചേരുന്നത് പോൾട്രി ഫാമാണ്

 


_സോണി കല്ലറയ്ക്കൽ_

(KVARTHA) കേരളത്തിലെ ഒരു കോളേജിൽ പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റിൻ്റെ ഗാനമേള തടസപ്പെടുത്തിയത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. എറണാകുളം ജില്ലയിലെ സെൻ്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ ജാസി പാടുകയായിരുന്നു. പെട്ടന്ന് കോളജിൻ്റെ പ്രിൻസിപ്പൽ സ്റ്റേജിലേയ്ക്ക് കയറിവരികയും ജാസിയുടെ കയ്യിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ആയിരുന്നു. ഗാനമേള തടസപ്പെടുത്തിയതിനെക്കുറിച്ച് പ്രിൻസിപ്പൽ പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഇവിടെ പാടാനുള്ള അനുമതി ജാസി ഗിഫ്‌റ്റിന് മാത്രമേയുള്ളൂ. അദ്ദേഹത്തിൻ്റെ കൂടെ മറ്റൊരു ഗായകൻ കൂടി പാടുന്നുണ്ട്. അത് ഈ കലാലയത്തിൽ അനുവദനീയമല്ല'.

Jassie Gift | ജാസിയെ അപമാനിച്ച സംഭവം: ഈ അധ്യാപകർക്ക് ചേരുന്നത് പോൾട്രി ഫാമാണ്

എന്തൊരു വിചിത്രമായ വിശദീകരണം. സാമാന്യബുദ്ധിയുള്ള ഒരാൾക്കും പ്രിൻസിപ്പലിനോട് യോജിക്കാനാവുമോ?. അത്തരമൊരു നിബന്ധന ഉണ്ടായിരുന്നുവെങ്കിൽ ഗാനമേള ആരംഭിക്കുന്നതിന് മുമ്പ് ജാസിയെ അക്കാര്യം അറിയിക്കാമായിരുന്നില്ലേ? അതിനുപകരം പാതിവഴിയിൽ പാട്ട് മുറിച്ചുകളഞ്ഞ പ്രിൻസിപ്പലിൻ്റെ ഉള്ളിലിരിപ്പ് എന്താണ്? . ജാതിയമായ ഒരു വേർതിരിവ് ആണ് ജാസിയോട് പ്രിൻസിപ്പൽ കാണിച്ചതെന്നുള്ള ആക്ഷേപങ്ങളും പ്രതിഷേധങ്ങളും ഇപ്പോൾ പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നുണ്ട്. ജാസി അല്ലാതെ മറ്റൊരു ഗായകൻ ആണെങ്കിൽ പ്രിൻസിപ്പലിൻ്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. അല്ലെങ്കിൽ ഇത് അധ്യാപക സമൂഹത്തിൻ്റെ ഒരു പൊതുസ്വഭാവമാണെന്ന് വിശേഷിപ്പിക്കുന്നവരും ഉണ്ട്.
  
Jassie Gift | ജാസിയെ അപമാനിച്ച സംഭവം: ഈ അധ്യാപകർക്ക് ചേരുന്നത് പോൾട്രി ഫാമാണ്

ജാതിയുടെയോ മതത്തിൻ്റെയോ, പഠനത്തിൻ്റെയോ ഒക്കെ പേരിലുള്ള വേർതിരിവ് ഇന്നും അധ്യാപകർക്ക് ഉണ്ട് എന്ന് സമ്മതിക്കുന്നവരും കുറവല്ല. ഇതുമായി ബന്ധപ്പെട്ട് ഒരാൾ എഴുതിയ ഒരു രസകരമായ കത്ത് ഇങ്ങനെയാണ്: 'പേരന്റ്സ് മീറ്റിംഗ് എന്ന പേരിൽ സ്കൂളുകളിൽ മാതാപിതാക്കളുടെ മീറ്റീംഗുകൾ വിളിക്കും. പ്രധാനമായും കുട്ടികളുടെ കുറ്റം പറയാനും അധ്യാപകരുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ വിവരിക്കാനുമാണ് പ്രസ്തുത മീറ്റിംഗ്. കുട്ടിയുടെ അക്കാദമിക്ക് മാർക്ക് കുറവാണെങ്കിൽ തീർന്നു. കുട്ടിയെ ക്ലാസിൽ പറഞ്ഞതിന്റെ ബാക്കി മാതാപിതാക്കളെ പൊതുവായി പറയും. പൊതുവേ അധ്യാപകർക്ക് വിദ്യാർത്ഥികളോട് പരമ പുച്ഛമാണ്. ഇത്തിരി പഠിക്കുന്ന കുട്ടികളോട് അമിതമായ വാത്സല്യവും.

ഈ പുച്ഛത്തെ വിദ്യാർത്ഥികളും മാതാപിതാക്കളും വകവച്ചു കൊടുക്കുന്നതുകൊണ്ടും അധ്യാപകരാണ് സമൂഹത്തെ വാർത്തെടുക്കുന്നതെന്ന് മിഥ്യാധാരണയുള്ളതുകൊണ്ടും അധ്യാപകർക്ക് ഒരു വിചാരം ഉണ്ട് അവർ വലിയ സംഭവമാണെന്ന്. ഈഗോയിസ്റ്റുകളാണ് അധ്യാപകരിൽ ഭൂരിഭാഗവും. അവർ കുട്ടികളിൽ നിന്ന് ഒന്നും പഠിക്കാറില്ല. കുട്ടികളോട് ആജ്ഞാപിച്ചും കല്പിച്ചും ശപിച്ചും പേടിപ്പിച്ചും അച്ചടക്കം പഠിപ്പിച്ച് തൊഴിൽ ചെയ്യുന്നവരാണ്. ജാസി ഗിഫ്റ്റിനോടെന്നല്ല യേശുദാസിനോടാണെങ്കിലും ആ അധ്യാപകർ അങ്ങനെയെ പെരുമാറു. ഞാനിങ്ങനെ വടിയും കൊണ്ട് കർക്കശക്കാരിയായി നിൽക്കുന്നതു കൊണ്ടാണ് ഈ വിദ്യാഭ്യാസ സമ്പ്രദായവും പ്രസ്തുത കോളേജും നിലനിൽക്കുന്നതെന്ന് വിചാരിക്കുന്ന ഒരു സാധാരണ ടീച്ചർ. അംഗനവാടി ടീച്ചറാണെങ്കിലും ഇനി കോളേജ് ടീച്ചറാണെങ്കിലും ടീച്ചർമാർ എപ്പോഴും ടീച്ചർമാർ തന്നെ.

ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ടാന്ന് പറയുന്ന അധ്യാപകരെ പെരുമാറ്റ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയാൽ കാര്യങ്ങൾ അത്ര നന്നാവില്ല. ഒരു കലാകാരന് ചേർന്നവിധം മാന്യമായി പെരുമാറുകയും മാതൃകാപരമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത ജാസി ഗിഫ്റ്റിനൊപ്പമാണ് ഞാൻ. ഇതാണ് ആ കത്ത്. അതേ മാർക്കിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് അധ്യാപകർ കുട്ടികളെ സ്നേഹിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്. പ്രത്യേകിച്ച് മലയാളികൾ. അതുകൊണ്ടു തന്നെ മാർക്ക് എന്ന ആയുധം വച്ചുതന്നെയാണ് മാതാപിതാക്കളുടെയും കുട്ടികളുടെയും പുറത്ത് അധ്യാപകൻ കുതിര കയറുകയും പരിഹസിക്കുകയും ചെയ്യുന്നത്. അപ്പോൾ ജാസി ഗിഫ്റ്റിനോട് അല്ല കുട്ടികളോടും അധ്യാപകർക്കും പലരീതിയിൽ വിവേചനം പതിവാണ്.

ജാസി ഗിഫ്റ്റ് കേരളത്തിൽ പെട്ടെന്ന് മുളച്ച് വന്നതല്ല. സംഗീത ലോകത്ത് തന്റേതായ കഴിവും ശൈലിയിലും വ്യത്യസ്ത പ്രകടിപ്പിച്ച് വളർന്ന് വന്ന ഒരു സാധാരണക്കാരനാണ്. 'അദ്ദേഹത്തിൻ്റെ സംഗീത ശൈലി കേരള ജനതക്ക് മുഴുവൻ അറിയാവുന്നതുമാണ്. ഈ കോളേജിലെ മാനേജ്മെന്റും പ്രിൻസിപ്പൽ മാഡവും ഇത് ഒക്കെ നേരത്തേ അറിഞ്ഞ് വച്ച് അദ്ദേഹത്തിനെ വിളിച്ച് അപമാനിക്കാൻ ശ്രമിക്കരുതായിരുന്നു. അദ്ദേഹത്തിൻ്റെ രൂപത്തിലും നിറത്തിലും ഉള്ള പ്രിൻസിപ്പളിൻ്റെ അപകർഷധാബോധമായിരിക്കാം പൊതുസമൂഹത്തിൻ്റെ മുമ്പിൽ ഇങ്ങനെ തരംതാണ ഒരു പ്രവണത കാട്ടിയത്. പക്ഷേ ഇവിടുത്ത ഒരു കലാകാൻമാരുടെ സംഘടനയും ഇതിനെതിരെ പ്രതിഷേധിക്കാതിരുന്നത് സാംസ്കാരിക കേരളത്തിൽ കഷ്ടം തന്നെ.

നഞ്ചമ്മ എന്ന ആദിവാസി ഗായികയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഉണ്ടായ ഒച്ചപ്പാടുകൾ ഓർമ്മിക്കുന്നില്ലേ? ജാസി ഗിഫ്റ്റുമാരെയും നഞ്ചമ്മമാരെയും അംഗീകരിക്കാൻ ചിലർക്ക് മടിയാണ്. പ്രിവിലേജ്ഡ് അല്ലാത്ത മനുഷ്യരോട് തോന്നുന്ന ഒരുതരം പുച്ഛമാണത്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആ പ്രിൻസിപ്പാൾ. ജാസി പാടിയ 'ലജ്ജാവതിയേ' എന്ന ഗാനം കേരളത്തിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. പക്ഷേ പാരമ്പര്യവാദികൾക്ക് ആ പാട്ട് ഒട്ടുംതന്നെ രസിച്ചിരുന്നില്ല. ശുദ്ധസംഗീതത്തിൻ്റെ മരണത്തെക്കുറിച്ച് എത്രയെത്ര ലേഖനങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്.

മലയാള സിനിമ ജാസി ഗിഫ്റ്റിനോട് വർണവിവേചനം കാണിച്ചിട്ടുണ്ട് എന്ന നിരീക്ഷണം ഒരുപാട് പേർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു പഴയകാല അഭിമുഖത്തിൽ ജാസി തന്നെ അക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും ജാസി സൂപ്പർഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മലയാളി ഉള്ളിടത്തോളം കാലം 'ലജ്ജാവതിയേ' എന്ന പാട്ടും നിലനിൽക്കും. ചരിത്രം ജാസിയെ വാഴ്ത്തും. ജാസിയെ കല്ലെറിയുന്നവർ അക്കാര്യം ഓർത്തുകൊള്ളുക. ഒരേ ബുദ്ധിയിൽ ഒരേ തൂക്കത്തിൽ ഒരേ വളർച്ചയിൽ ഒരേപോലെ ഉള്ളവ ഉണ്ടാകണം എന്ന് വാശി പിടിക്കുന്ന ചിലരുണ്ട്. അവർക്കു അധ്യാപനത്തെക്കാൾ ചേരുക പോൾട്രി ഫാമാണ്.


Keywords:   Jassie Gift, Movie, Politics, News, News-Malayalam-News, Kerala, Kerala-News, Poultry Farm, Jassie Gift's performance interrupted: Joining these teachers is Poultry Farm. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia