Follow KVARTHA on Google news Follow Us!
ad

Avoid Extravagance | മലയാളികളുടെ അനാവശ്യധൂർത്ത് ഒഴിവാക്കിയാൽ പട്ടിണി കൂടാതെ ജീവിക്കാം!

ശ്രദ്ധേയമായി എസ് എസ് ലാലിന്റെ കുറിപ്പ്, Extravagance, Health, Medicines, Pharma Companies
/ കെ ആർ ജോസഫ്

(KVARTHA)
ഇന്ന് നമ്മൾ സർക്കാരിനെയും ഭരണാധികാരികളെയും ഒക്കെ ധൂർത്തിൻ്റെ പേരിൽ കുറ്റപ്പെടുത്താറുണ്ട്. ജോലിക്കാർക്ക് ശമ്പളം കൊടുക്കാനില്ലാത്ത അവസ്ഥയിലും ഭരണാധികാരികളുടെ ധൂർത്തിന് ഒരു പഞ്ഞവും ഇല്ലെന്ന മട്ടിൽ. അതിൻ്റെ ഫലമോ കിട്ടാവുന്ന കടം മുഴുവൻ എടുത്ത് മുടിയുകയും വലിയൊരു നികുതി ജനത്തിൻ്റെ തലയിൽ ഇടിത്തീയായി വന്ന് ഭവിക്കുകയും ചെയ്യുന്നു. നമ്മൾ സർക്കാരിനെയും മന്ത്രിമാരെയുമൊക്കെ കുറ്റം പറയുമ്പോൾ പോലും നമ്മുടെ കുടുംബങ്ങളിൽ ധൂർത്തിന് ഒരു കുറവും ഇല്ലെന്നതാണ് സത്യം. പട്ടിണിയാണെങ്കിൽ പോലും ആഘോഷങ്ങൾക്ക് കടമെടുത്ത് പോലും അനാവശ്യ ചെലവുകൾ സർവസാധാരണമാണ്.
 
News, News-Malayalam-News, Lifestyle, Lifestyle-News, Kerala,  If avoid unnecessary extravagance, we can live without hunger.

കല്യാണമായാലും ശവസംസ്‌കാരമായാലും, കുട്ടികളുടെ മാമ്മോദീസ ആയാലും ആദി കുർബാന ആയാലും, ആദ്യത്തെ എഴുത്തിനിരുത്ത് ആയാലും സുന്നത്ത് കല്യാണമായാലും ജന്മദിനങ്ങൾ ആയാലും ആഡംബരങ്ങൾക്കും അനാവശ്യചെലവുകൾക്കും ഒരു കുറവും ഇല്ലെന്നായിരിക്കുന്നു. നമ്മൾ അനാവശ്യമായി ഇതിനായി ചെലവാക്കുന്ന തുക കൊണ്ട് പാവപ്പെട്ട ഒരാൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ പോലും സാധിക്കും. ഈ അവസരത്തിൽ പ്രശസ്ത ആരോഗ്യ വിദഗ്ധനും സാമൂഹ്യപ്രവർത്തകനുമായ ഡോ. എസ്.എസ് ലാൽ എഴുതിയ ലേഖനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അനാവശ്യ കല്യാണഘോഷങ്ങൾ എന്ന തലക്കെട്ടോടെ അദേഹം എഴുതിയ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.

'രാഷ്ട്രീയക്കാരൻ കൂടി ആയതിനാൽ എനിക്ക് നാട്ടിലെ ഒരുപാട് കല്യാണങ്ങളിൽ സംബന്ധിക്കേണ്ടി വരാറുണ്ട്. ഭൂരിഭാഗവും സാധാരണക്കാരുടെ. ചെറിയ വരുമാനക്കാരുടെ കല്യാണാഘോഷങ്ങളും അവിടെ വിളമ്പുന്ന ഭക്ഷണവുമൊക്കെ കണ്ടാൽ അതിശയം തോന്നും. വലിയ സാമ്പത്തികച്ചെലവുണ്ടാക്കുന്ന കല്യാണങ്ങളാണ് എവിടെയും. പ്ലേറ്റിന് അഞ്ഞൂറും ആയിരവുമൊക്കെ രൂപയാകുന്ന ഭക്ഷണം ആയിരവും രണ്ടായിരവുമാക്കെ പേരാണ് വന്ന് കഴിക്കുന്നത്. ഇവരിൽ ഒരു നേരത്തെ ഭക്ഷണത്തിന് പണമില്ലാത്ത ആരും ഉണ്ടാകില്ല. അപ്പോൾ എന്തിനാണ് ഇത്രയും വിലയുള്ള ഭക്ഷണം ഇത്രയധികം പേർക്ക് വിളമ്പുന്നത്?

ഈ ധൂർത്തിനുള്ള ധനം എവിടെ നിന്ന് വരുമെന്ന് ആലോചിച്ചിട്ടുണ്ട്. ചിലരോട് ചോദിച്ചിട്ടുമുണ്ട്. മിക്കവരും വലിയ പലിശയ്ക്ക് കടം എടുത്തവരാണ്. വസ്തു വിറ്റവരും ധാരാളം പേർ. കല്യാണം കഴിയുമ്പോൾ കുടുംബം കടക്കെണിയിലാവുകയാണ്. ആഘോഷവും ആഹ്ലാദത്തിമിർപ്പുമൊക്കെ നടക്കുന്നതിനിടയിൽ കല്യാണപ്പെണ്ണിൻ്റെ അച്ഛൻ്റെ മുഖം ഞാൻ ശ്രദ്ധിക്കാറുണ്ട്, അമ്മയുടെയും. കല്യാണത്തിൻ്റെ അദ്ധ്വാനത്തിൻ്റെ ക്ഷീണത്തിന് പുറമേ അവരുടെ മുഖത്ത് ആകാംക്ഷയുടെയും ഭയത്തിൻ്റെയുമൊക്കെ ചുളിവുകളും കാണാം, സൂക്ഷിച്ച് നോക്കിയാൽ. ഏറ്റവും സന്തോഷമുള്ള ആ ദിവസവും പെണ്ണിൻ്റെ അച്ഛനും അമ്മയും തമ്മിൽ കൈമാറുന്ന നോട്ടങ്ങളും നമ്മൾ കാണാതെ പോയെന്ന് വരും.

സ്ഥിര വരുമാനമോ ആദായമോ ഇല്ലാത്തവരും വലിയ കല്യാണങ്ങൾ നടത്തേണ്ടതുണ്ടോ എന്ന് അവർ തന്നെ ആലോചിക്കണം. സമൂഹത്തിൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ് നമ്മൾ ഈ ആലോഷങ്ങൾ നടത്തുന്നത്. പലപ്പോഴും ഇത് നാട്യമാണെന്ന് കാണുന്നവർക്കും അറിയാം. എങ്കിലും നമ്മൾ ഇതൊക്കെ തന്നെ ചെയ്യും. അംബാനിമാർക്കും അതുപോലുള്ള ധനികർക്കും കല്യാണങ്ങൾക്ക് എത്ര കോടി വേണമെങ്കിലും കത്തിക്കാം. ആ കോടികൾ അവരുടെ ബിസിനസിലെ ഒരു മിനിറ്റിലെ ലാഭം മാത്രമായിരിക്കാം. മാത്രമല്ല, കോടികളുടെ കല്യാണാഘോഷവും അവരുടെ ബിസിനസിൻ്റെ ഭാഗമാണ്. അതൊക്കെ കണ്ടിട്ടാണ് ഒരായുസിലെ സമ്പാദ്യവും നഷ്ടപ്പെടുത്തി ആയുസിൻ്റെ ശിഷ്ടകാലം മുഴുവൻ കടക്കാരാക്കുന്ന ലോണും നമ്മൾ എടുക്കുന്നത്.

ധനിക രാജ്യമായ അമേരിക്കയിൽ ഒരു കല്യാണത്തിൽ ശരാശരി 115 പേരാണ് പങ്കെടുക്കുന്നത്. ഇംഗ്ലണ്ടിൽ ഇത് 60 നും 150നും ഇടയ്ക്കാണ്. എന്നാൽ ഇന്ത്യയിൽ 500-നും 1000-നും ഇടയ്ക്കാണ്. കേരളത്തിൽ ഇതിലും എത്രയോ അധികമായിരിക്കും! എനിക്ക് അടുപ്പമുള്ള ചില കുടുംബങ്ങളിൽ ഇടപെടാൻ നോക്കിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും സാമ്പത്തിക സ്ഥിതി മനസിലാക്കാതെ വലിയ കല്യാണങ്ങൾക്ക് നിർബന്ധിക്കുന്ന ചെറുപ്പക്കാരെ അവിടങ്ങളിൽ കാണാറുണ്ട്. ചെറുപ്പക്കാർ ഇക്കാര്യത്തിൽ പുതിയ നിലപാടുകൾ സ്വീകരിക്കാൻ തയ്യാറാകണം. എല്ലാവർക്കും അവനവൻ്റ കല്യാണം ഏറ്റവും പ്രിയപ്പെട്ടതാണ്. അത് അവനവന് മാത്രമാണ്. നമ്മൾ വിളമ്പിയ കറികളുടെ എണ്ണമൊന്നും മറ്റാരും ഓർത്തിരിക്കില്ല.

എൻ്റെ കല്യാണത്തിൻ്റെ റിസപ്ഷൻ തിരുവനന്തപുരത്തായിരുന്നു. എൻ്റെയും അച്ഛൻ്റെയും സാമൂഹ്യ ബന്ധങ്ങൾ കാരണം ഒരുപാട് പേർ പങ്കെടുത്തു. സാധാരണ യോഗങ്ങൾ മാത്രം നടക്കുന്ന ഒരു വലിയ ഹാളിൽ ഒരു ചെറിയ ചായ കുടിയിൽ സൽക്കാരം ഞങ്ങൾ ചുരുക്കി. കടമെടുത്തുള്ള സൽക്കാരത്തിൽ എനിക്ക് താല്പര്യമില്ലായിരുന്നു. ശ്രീ. എ.കെ ആൻ്റണി ഉൾപ്പെടെയുള്ള വലിയ നേതാക്കൾ സംബന്ധിച്ചിരുന്നു. അവരുൾപ്പെടെ എല്ലാവരും ഞങ്ങളെ കാണാനായിരുന്നു വന്നത്. ചായയും ബിസ്കറ്റും കഴിച്ച് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു', ഇതായിരുന്നു ഡോ. എസ്.എസ് ലാൽ എഴുതിയ കുറിപ്പ്.

ഒരോ മലയാളിയുടെയും ധൂർത്തിൻ്റെ കൃത്യമായ നേർരേഖയാണ് അദ്ദേഹം ഇതിൽ വരച്ചുകാട്ടുന്നത്. അനാവശ്യ ധൂർത്ത് ഒഴിവാക്കിയാൽ തന്നെ കേരളത്തിലെ പല കുടുംബങ്ങൾക്കും പട്ടിണിയില്ലാതെ ജീവിക്കാം. ധൂർത്തിന് മുടക്കുന്ന പണം കൊണ്ട് സാധുക്കളെ സഹായിക്കാം. ധൂർത്തിൻ്റെ പേരിൽ സർക്കാരിനെയും ജനപ്രതിനികളെയും കുറ്റപ്പെടുത്തുമ്പോൾ ആദ്യമേ തന്നെ മാറേണ്ടതും മാതൃകയാകേണ്ടതും നാം തന്നെയെന്ന സത്യം മറക്കാതിരിക്കുക.
  
News, News-Malayalam-News, Lifestyle, Lifestyle-News, Kerala,  If avoid unnecessary extravagance, we can live without hunger.

Post a Comment