Follow KVARTHA on Google news Follow Us!
ad

Modern Medicine | ആധുനിക മരുന്നുകളുടെ അമിതോപയോഗം മനുഷ്യ ജീവൻ കവരുന്നു; കേരളം ഏറ്റവും നല്ല വിപണി!

പൊതുവെ വിഷം കഴിക്കാൻ വിധിക്കപ്പെടുന്നവരാണ് മലയാളികൾ Health, Medicines, Pharma Companies
_കെ ആർ ജോസഫ്_

(KVARTHA) കേരളം ഇന്ന് വർഷം ചെല്ലുന്തോറും ആധുനിക മരുന്നുകളുടെ (Modern Medicines) പരീക്ഷണ ശാലയാകുന്ന സ്ഥിതി വിശേഷമാണ് കാണാൻ കഴിയുന്നത്. ഇംഗ്ലീഷ് മരുന്നുകൾ എന്നും അറിയപ്പെടുന്ന ഇവയുടെ ഏറ്റവും നല്ല വിപണിയായി മാറിയിരിക്കുകയാണ് ഈ കൊച്ചു കേരളം. ആവശ്യത്തിനും, അനാവശ്യത്തിനും എന്തു രാസപദാർത്ഥങ്ങളേയും, ഗുളിക, ദ്രാവക, ഇൻഹേലാർ തുടങ്ങിയവയൊക്കെ തന്നെ നല്ല രീതിയിൽ പണം നല്കി വാങ്ങി ഉപയോഗിക്കുവാൻ ഒരു മടിയുമില്ലാത്തവരായി, കേരള സമൂഹം തയ്യാറാകുമ്പോൾ കാര്യങ്ങൾ എളുപ്പമാവുകയാണ് ഈ ചൂഷകർക്ക്. ഒപ്പം തന്നെ ഇന്ത്യൻ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന പട്ടവും ഈ ചൂഷകർ ചാർത്തിക്കൊടുക്കുന്നു. അങ്ങനെ കേരളത്തിൽ മാത്രമല്ല ഇന്ത്യാ മഹാരാജ്യത്തു തന്നെ വളരെ വലിയൊരു ശതമാനം ധനം കൈകാര്യം ചെയ്യുന്ന വൻ വ്യവസായമായി ആധുനിക മരുന്ന് മേഖലമാറിയിരിക്കുന്നു എന്നതാണ് സത്യം.
  
Does overuse of Modern medicines destroy human life?.

ഇതിൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഉന്നതരും, വൻ വ്യവസായികളും, ഒപ്പം യൂറോപ്യൻ രാജ്യങ്ങളുടെ സാങ്കേതിക സഹകരണത്തോടെ തഴച്ചുവളരുന്ന വൻ കമ്പനികളും അണിനിരക്കുന്നു. ഇത്തരത്തിൽ രാജ്യത്തെ നിയന്ത്രിക്കുവാൻ പോന്ന സാമ്പത്തിക ശക്തികളായി മാറിയ ഔഷധ വ്യവസായം, അവയുടെ നല്ലൊരു ശതമാനവും ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഉത്പന്നങ്ങൾ വിൽക്കുവാനും, പരീക്ഷിക്കപ്പെടാനുമുള്ള ഇടമായി കേരളത്തെ മാറ്റി എടുത്തിരിക്കുന്നു എന്നു വേണം പറയാൻ. മുൻപ് ഒരു ഒരു വാർത്തയുണ്ടായിരുന്നു, നിലവാരമില്ലാത്ത മരുന്നുകൾ കഴിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും മരണവും ആവർത്തിക്കുന്നു എന്ന് പറഞ്ഞ് ഇന്ത്യൻ മരുന്നുകൾക്ക് ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന എത്തിയിരിക്കുകയാണെന്ന്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകൾക്കും കർശനമായ ഗുണപരിശോധന നടത്താൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കാരണം ഗാംബിയയിലും മറ്റ് ചില രാജ്യങ്ങളിലും കുട്ടികൾ മരിച്ചതായി പരാതി ഉയർന്നിരുന്നു എന്ന് പറഞ്ഞായിരുന്നു ഈ നീക്കം. ഇത് ഇന്ത്യയിൽ എന്നല്ല വിദേശത്തും സ്വദേശത്തുമുള്ള വലിയ മാധ്യമങ്ങളിൽ പോലും ഇടം നേടിയിരുന്നു. ഇതൊക്കെ അതിവേഗം വളരുന്ന ഇന്ത്യൻ ഔഷധ വിപണിക്ക് തിരിച്ചടിയാവുന്നതാണ്. ഇതിൻ്റെയൊക്കെ പിന്നിൽ ആധുനിക മരുന്ന് ലോബികളോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചുമമരുന്ന് കഴിച്ചുള്ള മരണത്തെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശനമുണ്ടായതോടെ ഇന്ത്യയിലെ 18 കഫ് സിറപ്പ് നിർമ്മാണ കമ്പനികൾ പൂട്ടാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്ന് ഉത്തരവിട്ടത്.

71 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാജ മരുന്നുകളോട് സഹിഷ്ണുത ഇല്ലാത്ത നയമാണ് ഇന്ത്യ പിന്തുടരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കേരളം തന്നെ നോക്കുകയാണെങ്കിൽ പ്രമുഖ മരുന്ന് കമ്പനികളുടെ നിരവധി ബ്രാൻഡുകൾ ഏറെ ഉള്ളപ്പോൾ തന്നെ മറ്റ് നൂറുകണക്കിന്ന് കമ്പനികളാണ് പ്രസ്തുത മരുന്നു നിർമ്മിച്ച് മത്സരബുദ്ധിയോടെ നമ്മുടെ മാർക്കറ്റിൽ എത്തിക്കുന്നതെന്നതാണ് ഏറെ കൗതുകകരം. വർഷം തോറും മഴക്കാലത്ത് കേരളത്തിൽ ആകെ പടർന്നു പിടിക്കുന്ന പകർച്ചപ്പനികൾ, അവയെ കഴിഞ്ഞ കാലങ്ങളിൽ പല പേരുകളിലാണ് മെഡിക്കൽ മേഖല തരം തിരിച്ചിരുന്നത്. എലിപ്പനി, തക്കാളിപനി, ഡെങ്കിപ്പനി, തുടങ്ങി പലതരത്തിലാണ് ഇവ അറിയപ്പെട്ടത്.

പൊതുവെ വിഷം കഴിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നവരാണ് മലയാളികൾ. ആധുനികമായ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി അന്തരീക്ഷമാകെ മലിനീകരിക്കപ്പെട്ട, ധാരാളം രാസപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമാക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തി കൊണ്ട്, കാർബൈഡ് പോലുള്ള മാരക വിഷങ്ങളാൽ പൊതിഞ്ഞ പഴങ്ങൾ, അമോണിയ വലിയ അളവിൽ ഉപയോഗിച്ച് ഉണ്ടാക്കുന്നെ ഐസ് പൊതിഞ്ഞ്, ഫോർമാലിൻ ലായനിയിൽ മുങ്ങി എത്തുന്ന ആഴ്ചകൾ പഴക്കമുള്ള മത്സ്യം, മാംസം തുടങ്ങിയവ ഭക്ഷിച്ചും, കുടിക്കുന്നതും, ശ്വസിക്കുന്നതും, തിന്നുന്നതും ആകെ വിഷമായപ്പോൾ ഒരു ചെറിയ പനിയെ പോലും പ്രതിരോധിക്കാനാകാതെ ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ടി വരുമ്പോൾ, മരുന്നു നിർമ്മാണ കമ്പനികളുടെ കൊള്ള ഇവിടെ യഥേഷ്ടം നടപ്പിലാവുന്നു.

പുതിയ, പുതിയ ആന്റി ബയോട്ടിക്കുകൾ പരീക്ഷിക്കുവാനുള്ള അവസരം കൂടിയാകുന്നു ഈ വേള. ശേഷമോ, ഒരു വിഷത്തിനു പകരം മരുന്നുകളുടെ രൂപത്തിൽ മറ്റൊരു വിഷം സേവിക്കാൻ അവസരം ഉണ്ടാകുന്നു മലയാളിക്ക്. അത്തരത്തിൽ ഏറെ കൗതുകകരവും, ഭയാനകവുമായ ഒന്നു തന്നെയാണ് ആധുനിക മരുന്നുകൾ. ഉദാഹരണമായി നമുക്ക് എല്ലാം തന്നെ സുപരിചിതമായ പാരസെറ്റമോളിൻ്റെ കാര്യം തന്നെ എടുക്കാം. നിർമ്മാതാക്കൾ അവയുടെ പായ്ക്കിൻ്റെ പുറത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് പാരസെറ്റമോൾ അധികം ഉപയോഗിക്കുന്നത് കരളിന് ഹാനികരം എന്നാണ്. എന്നാൽ 650 മി ഗ്രാം പാരസെറ്റമോൾ ആറ് മണിക്കൂർ ഇടവിട്ട് അഞ്ചു ദിവസത്തോളം ഒരാൾ കഴിക്കേണ്ടി വരുമ്പോൾ, അതായത് 2600 മി ഗ്രാം, ഒരു ദിവസം കഴിക്കുന്നു. ഇത് കഴിക്കുന്ന ഒരാളിൻ്റെ കരളിൻ്റെ അവസ്ഥ എന്താകും എന്നത് എന്തു കൊണ്ട് ആരും ചിന്തിക്കുന്നില്ല.

ഒരു ഡോക്ടർമാരും എന്തേ ഈ വിഷയം ചിന്തിക്കാത്തത്. ഗുളിക കഴിക്കുന്ന മനുഷ്യരും ചിന്തിക്കുന്നില്ല. എന്തെ നമ്മളൊക്കെ ഇങ്ങനെ ആകുന്നു. വേദനസംഹാരികൾ ഒരോ വർഷവും പുതിയ രൂപത്തിലും ഭാവത്തിലുമാണ് മാർക്കറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ വളരെ വർഷങ്ങൾക്ക് മുൻപ് വിപണിയിൽ എത്തിയ ഇബു പ്രൂഫൻ, പൈറോക്സിക്കം, ആസ്പിരിൻ തുടങ്ങിയ വില കുറത്ത മരുന്നുകൾ തരുന്ന ആശ്വാസം പുതിയ തലമുറ മരുന്നുകൾക്ക് തരാൻ കഴിയുന്നില്ല എന്നു വരുമ്പോൾ തട്ടിപ്പിൻ്റെ വ്യാപ്തി മനസിലാക്കാവുന്നതല്ലെയുള്ളു. ഒരു കാലത്ത് കേരളത്തിൽ നിന്നും തുരത്തിയ മാരക രോഗങ്ങളുടെ വൈറസുകൾ, കേരളത്തിൻ്റെ പുതിയ മലീമസമായ അന്തരീക്ഷത്തിൽ കൂടുതൽ ശക്തി പ്രാപിച്ച് മടങ്ങിവരുന്നു എന്ന കാര്യവും ഭയത്തോടെ തന്നെ നാം മനസിലാക്കേണ്ടതുണ്ട്.

ഇത്തരത്തിൽ മരുന്നു നിർമ്മാണ കമ്പനികളുടെ മറ്റൊരു ചൂഷണമാണ് ബ്രാൻഡഡ്, ജനറിക്ക് മരുന്നുകളുടെ നിർമ്മാണവും, വിതരണവും. ബ്രാൻഡായി വിൽക്കുന്ന ഒരു പ്രമുഖ കമ്പനിയുടെ ആൻ്റീബയോട്ടിക്കിന് വില 10 എണ്ണത്തിന് 92.60 ആയിരുന്നു അടുത്ത കാലം വരെ. എന്നാൽ അതേകമ്പനിയുടെ അതേപ്ലാൻ്റിൽ ജനറിക്ക് വിഭാഗമായി ആ മരുന്ന് നിർമ്മിച്ച് 60 രൂപ എംആർപി നിശ്ചയിച്ച് സ്വകാര്യ ആശുപത്രികൾക്കും, മറ്റും നൽകിയിരുന്നത് 22 രൂപ നിരക്കിലും എന്നാകുമ്പോൾ എന്താണ് നാം മനസിലാക്കേണ്ടത്‌?. ജനറിക്ക്, ബ്രാൻഡഡ് എന്ന പേരിൽ ഇന്ത്യയിലെ നൂറു ശതമാനം ഔഷധ കമ്പനികളും ജനങ്ങള കൊള്ളയടിക്കാൻ മത്സരിക്കുന്ന കാഴ്ച ഇവിടെ സർവസാധാരണമായിരിക്കുകയാണ്. ഇതിനിടയിൽ മെഡിക്കൽ എത്തിക്സിന് നിരക്കാത്ത രീതിയിൽ തങ്ങളുടെ നിലവാരം കളഞ്ഞു കുളിക്കുന്ന കുറച്ചു ഡോക്ടർമാരും ആതുര സേവന രംഗത്ത് ഉണ്ട് എന്നത് വളരെ ഖേദകരമാണ്.

നിലവാരമില്ലാത്തത് എന്ന് തന്നെ സംശയിക്കാവുന്ന ചില 'പ്രോപ്പഗണ്ട' കമ്പനികളുടെ മരുന്നുകൾ കമ്മീഷൻ വ്യവസ്ഥയിൽ വിറ്റ് തീർക്കുവാൻ കമ്പനികളുമായി കരാറിലാകുന്നു ഇവർ. കമ്പനികളെ സഹായിക്കുന്നതിന് വലിയ വലിയ ഓഫറുകളും കമ്പനികൾ ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത്തരം ഡോക്ടർമാരെ സമീപിക്കുന്ന രോഗികൾക്ക് കുറിച്ചു കൊടുക്കുന്നത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ ആകുമ്പോൾ രോഗാവസ്ഥയിൽ ഇരിക്കുന്ന രോഗിയുടെ കാര്യം കൂടുതൽ പറയേണ്ടതില്ലല്ലോ. ഫലമോ, ഒരു രോഗം മാറി പുതിയ രോഗം ഉടൻ അവരെ തേടിയെത്തുന്നു. കാൻസർ പോലും ഇവിടെ മുമ്പെങ്ങും ഇല്ലാത്ത വിധം കേരളത്തിൽ വർദ്ധിച്ചു വരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. അപകടകാരികളായ മരുന്നുകൾ ശരീരത്തെ പൂർണമായും നശിപ്പിക്കുന്നു എന്ന് ചുരുക്കം. ഒപ്പം തകരുന്നതോ, മനുഷ്യായുസും.

Keywords: Article, Editor’s-Pick, Health, Medicines, Pharma Companies, Does overuse of Modern medicines destroy human life?.
< !- START disable copy paste -->

Post a Comment