Follow KVARTHA on Google news Follow Us!
ad

Speech Therapy Course | സ്പീച് തെറാപ്പി: മറ്റുള്ളവരുടെ ജീവിതത്തിൽ പ്രസാദാത്മക മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന കരിയർ; അറിയേണ്ടതെല്ലാം

കേരളത്തിലും പഠിക്കാം Speech Therapy, Lifestyle, Career, Education
_നിസാർ പെറുവാഡ്_

(KVARTHA) മൂന്നു വയസ്സു വരെ മിണ്ടാതിരുന്ന ഈയിരിക്കുന്ന എൻ്റെ പ്രിയപ്പെട്ട മകൻ. ഇനിയൊരിക്കലും ജീവിതത്തിൽ സംസാരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ കരുതിയിരുന്ന അവനെ സംസാരിപ്പിച്ചു എന്ന് മാത്രമല്ല, ഇന്നലെ രണ്ടാം ക്ലാസിൽ അവൻ പ്രസംഗ മത്സരത്തിൽ പങ്കെടുത്തു സമ്മാനം നേടുകയും ചെയ്തു. ഇതിനെല്ലാം കാരണക്കാരി ഈ ഇരിക്കുന്ന മാഡം ആണ്. എനിക്ക് ഇവരെ എങ്ങനെ മറക്കാൻ പറ്റും?'

Careers in Speech Therapy.

ഞാൻ കഴിഞ്ഞ തവണ ഖത്തറിൽ ചെന്നപ്പോൾ കേട്ടത്. ദോഹയിൽ സ്വന്തമായി ക്ലിനിക് നടത്തുന്ന സ്പീച് തെറാപ്പിസ്റ്റ് ആയ എൻ്റെ മകളെ കാണാൻ അവിടെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം ജില്ലക്കാരിയായ യുവതി മകനെയും കൂട്ടി വന്നപ്പോൾ അവിടെയുണ്ടായിരുന്ന എന്നോട് പറഞ്ഞ വാക്കുകളാണിത്. ഇങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൻ്റെ ഗതി തന്നെ ശുഭകരമായ ദിശയിലേക്ക് മാറ്റി മറിക്കാൻ ഉതകുന്ന ഒരു കരിയർ നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ?

പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രിയോടൊപ്പം ബയോളജി/ മാത്ത്സ് ഇതിൽ ഏതെങ്കിലും വിഷയം നിങ്ങൾ പഠിച്ചതാണോ? ക്ഷമ, സഹാനുഭൂതി, പ്രശ്‌നപരിഹാരത്തിന് പരമ്പരാഗത സമീപനങ്ങൾക്കപ്പുറം നൂതനമായ
ആശയങ്ങളും മാർഗങ്ങളും അവലംബിക്കാനുള്ള ത്വര എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ തിളങ്ങാൻ പറ്റിയ ഒരു കരിയറാണ് സ്പീച് ലാംഗ്വേജ് പാതോളജിസ്റ്റ് എന്ന സ്വീച് തെറാപ്പിസ്റ്റിൻ്റേത്.

എങ്ങനെ ആവാം?

ബിഎഎസ്എൽപി (Bachelor of Audiology & Speech Language Pathology) എന്ന കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് ആർസിഐ (Rehabilitation Council of India) യിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പ്ലസ് ടുവിൽ ബയോളജി ഇല്ലാതെ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ചവർക്ക് ചേരാൻ കഴിയുന്ന ചുരുക്കം പാരാമെഡിക്കൽ കോഴ്സുകളിൽ ഒന്നാണിത്.

എത്ര കാലം പഠിക്കണം?

പുനരധിവാസ മേഖലകളിലെ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി മുതലായ ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കാൻ നാലര വർഷ മെടുക്കുമ്പോൾ ബിഎഎസ്എൽപി ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് അടക്കം നാലു കൊല്ലം കൊണ്ട് പഠിച്ചിറങ്ങാം.

എന്തൊക്കെയാണ് ഇവർ ചെയ്യുക?

മനുഷ്യരുടെ ശ്രവണ, സംസാര സംവിധാനങ്ങൾ , അവയിലുണ്ടാകുന്ന തകരാറുകൾ, പരിഹാര മാർഗങ്ങൾ തുടങ്ങിയവയുടെ വിശദ പഠനമാണ് ബിഎഎസ്എൽപി. കുട്ടികളിൽ മാത്രമല്ല ആശയ വിനിമയ പരാധീനതയുള്ള ഏതു പ്രായക്കാർക്കിടയിലും ഫലപ്രദമായി പ്രവർത്തിക്കുന്നതിന് കഴിവും വൈദഗ്ധ്യവുമുള്ളവരെ വാർത്തെടുക്കുക എന്നതാണ് ഈ കോഴ്സിൻ്റെ ലക്ഷ്യം.

പ്രായമായിട്ടും മിണ്ടാൻ കഴിയായ്ക, വിക്ക് അടക്കമുള്ള സംസാര വൈകല്യങ്ങൾ, ഭാഷാ പ്രയോഗത്തിൽ വരുന്ന ഡിസ്ലെക്സിയ (Dyslexia) പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ, ഭക്ഷണം വിഴുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ മുതലായവ ശാസ്ത്രീയമായി വിലയിരുത്തി പരിഹാരത്തിനുള്ള ഇടപെടൽ നടത്തുന്ന സ്പീച് ലാംഗ്വേജ് പാതോളജിസ്റ്റ് ആയി മാത്രമല്ല, കേൾവി ശക്തി പരിശോധിക്കുകയും ആവശ്യമായ ശ്രവ്യ ഉപകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഓഡിയോളജിസ്റ്റുകളായും ഈ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രവർത്തിക്കാം.

ജോലി എവിടെ?

ആശുപത്രികൾ, സ്പെഷ്യൽ സ്കൂളുകൾ, ചൈൽഡ് ഡെവലപ്മെൻ്റ് സെൻററുകൾ, സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ശ്രവണ ഉപകരണ നിർമ്മാണ ശാലകൾ, വൈകല്യമുള്ളവരെ സഹായിക്കുന്ന ഗവൺമെൻറ്, ഗവൺമെൻ്റിതര ഏജൻസികൾ, റിസർച്ച് സെൻ്ററുകൾ, ചൈൽഡ് ഗൈഡൻസ് സെൻ്ററുകൾ എന്നിവിടങ്ങളിൽ ധാരാളം തൊഴിലവസരങ്ങളുണ്ട്. കൂടാതെ അക്കാദമിക താല്പര്യമുള്ളവർക്ക് ബിരുദാനന്തര ബിരുദം നേടിക്കഴിഞ്ഞാൽ കോളജ് അധ്യാപകരാകാനും ഗവേഷണത്തിൽ വ്യാപൃതരാകാനും സാധിക്കും.

യു.കെ, പശ്ചിമ യുറോപ്പ്, യു.എസ്.എ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, യു എസ് എ മുതലായ ഇടങ്ങളിൽ മികച്ച അവസരങ്ങളുണ്ട്. ചില രാജ്യങ്ങളിൽ ക്ലിനിക്കൽ പ്രാക്ടീസിന് ചുരുങ്ങിയത് ബിരുദാനന്തര ബിരുദം നിശ്കർഷിക്കുന്നുണ്ട്. സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ ഓഡിയോളജി ആൻഡ് സ്പീച്ച് ക്ലിനിക്കുകൾക്കും വീട്ടിലെത്തിയുള്ള സേവനങ്ങൾക്കും സാധ്യതകൾ ഇന്ന് ഏറേയാണ്.

തുടർപഠനത്തിന് താല്പര്യമുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (MASLP), എം.എസ് സി ഇൻ സ്പീച്ച് ആൻഡ് ഹിയറിംഗ്, എം.എസ് സി ഇൻ ഓഡിയോളജി, പിഎച്ച്ഡി പ്രോഗ്രാമുകൾ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ ഫോറൻസിക് സയൻസ്, ലിംഗ്വിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പി.ജി ഡിപ്ലോമ കോഴ്സുകൾക്കും അവസരമുണ്ട്.

എവിടെ പഠിക്കാം?

ഇന്ത്യയിൽ ബി.എ.എസ്.എൽ.പി പഠനത്തിന് പരിഗണിക്കാവുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. തെക്കനേഷ്യയിലെ ഏറ്റവും മികച്ച പഠന ഗവേഷണ കേന്ദ്രമായ മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH - All India Institute of Speech & Hearing) അതിലൊന്നാണ്. കൂടാതെ അലിയാവർ ജംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (മുംബൈ, സെക്കന്ദരാബാദ്, കൊൽക്കത്ത, നോയിഡ കേന്ദ്രങ്ങൾ), പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (PGIMER) ചണ്ഡീഗഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻറ് ഓഫ് പേഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസബിലിറ്റീസ് (NIEPMD) ചെന്നൈ, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, ഡോ: എസ്.ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ബെംഗളൂരു, മണിപ്പാൽ കോളേജ് ഓഫ് ഹെൽത്ത്‌ പ്രൊഫഷൻസ്, പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള ഹോളി ക്രോസ്സ് കോളേജ് ട്രിച്ചി തുടങ്ങിയ സ്ഥാപനങ്ങളിലും ബി.എ.എസ്.എൽ.പി കോഴ്സ് ലഭ്യമാണ്. അഖിലേന്ത്യാ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കേരളത്തിൽ പ്ലസ് ടു മാർക്കടിസ്ഥാനത്തിലും

പഠനം കേരളത്തിൽ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) തിരുവനന്തപുരം, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് (ICCONS) ഷൊർണൂർ, ബേബി മെമ്മോറിയൽ കോളേജ് ഓഫ് അലൈഡ് മെഡിക്കൽ സയൻസസ് കോഴിക്കോട്, മാർത്തോമ്മ കോളേജ് കാസർകോട്, എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ കോളേജ് കോഴിക്കോട് എന്നീ സ്ഥാപനങ്ങളിലാണ് അവസരമുള്ളത്. എൽ.ബി.എസ് സെൻറർ (www(dot)lbscentre(dot)kerala(dot)gov(dot)in) വഴി പ്ലസ് ടു മാർക്കടിസ്ഥാനത്തിലാണ് പ്രവേശനം. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും പ്രവേശന പരീക്ഷ വഴി
ബി.എ.എസ്.എൽ.പി കോഴ്സിന് പ്രവേശനം നേടാവുന്നതാണ്. കേരളത്തിൻ്റെ തൊട്ടയൽപ്പക്കമായ മംഗലാപുരത്ത് ഫാദർ മുള്ളർ മെഡിക്കൽ കോളജ്, എ.ജെ. മെഡിക്കൽ കോളജ്, യേനപ്പോയ മെഡിക്കൽ കോളജ്, നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട്, ഡോ.എം.വി. ഷെട്ടി കോളേജ് എന്നിവടങ്ങളിലും ഇത് പഠിക്കാം

(Content Support: അൻവർ മുട്ടഞ്ചേരി)
  
Article, Editor’s-Pick, Speech Therapy, Lifestyle, Career, Education, Careers in Speech Therapy.

Keywords: Article, Editor’s-Pick, Speech Therapy, Lifestyle, Career, Education, Careers in Speech Therapy.

Post a Comment