AK Antony | എ കെ ആൻ്റണി കോൺഗ്രസിന് വേണ്ടി ഇറങ്ങേണ്ടത് പത്തനംതിട്ടയിലാണ്, തിരുവനന്തപുരത്ത് അല്ല!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണിയാണ്. ഈ അനിൽ കെ.ആൻ്റണിയ്ക്ക് എതിരെ പിതാവ് എ കെ ആൻ്റണി കോൺഗ്രസിനു വേണ്ടി പത്തനംതിട്ടയിൽ പ്രചാരണത്തിനു പോകുമോ മകനെ തോൽപ്പിക്കാൻ പത്തനംതിട്ടക്കാരായ വോട്ടർമാരോട് ആഹ്വാനം ചെയ്യുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചു വളർന്നവരാണ് എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണിയും ലീഡർ കെ.കരുണാകരൻ്റെ മകൾ പത്മജാ വേണു ഗോപാലും. ഇവർ രണ്ടു പേരും ഇപ്പോൾ ബി.ജെ.പിയിലേയ്ക്ക് പോയിരിക്കുകയാണ്. ഈ ക്ഷീണം കോൺഗ്രസിനെ സംബന്ധിച്ച് അത്ര ചെറുതൊന്നും അല്ല.

AK Antony | എ കെ ആൻ്റണി കോൺഗ്രസിന് വേണ്ടി ഇറങ്ങേണ്ടത് പത്തനംതിട്ടയിലാണ്, തിരുവനന്തപുരത്ത് അല്ല!

എന്നിട്ടും ഇവിടുത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ജീവിച്ചിരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആൻ്റണിയെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതാണ് സത്യം. നാലു നേരം ആദർശം പറയുന്ന എ കെ ആൻ്റണി, ആ ആദർശം സത്യമാണെങ്കിൽ തന്നെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും കെ.പി.സി.സി പ്രസിഡൻ്റും ഒക്കെ ആക്കിയ കോൺഗ്രസ് പാർട്ടിയോട് അൽപ്പമെങ്കിലും കൂറും ആത്മാർത്ഥതയും ഉണ്ടെങ്കിൽ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മകനെതിരെ രംഗത്ത് വരുകയാണ് ചെയ്യേണ്ടത്. ഇല്ലെങ്കിൽ അത് കോൺഗ്രസിനെ അടിക്കാൻ മറ്റുള്ളവർക്ക് ഒരു വടിയായി മാറും. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന് ആളുകൾ പാടി നടന്നാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല.

അതുകൊണ്ട് തന്നെ കോൺഗ്രസിലെ മുതിർന്ന നേതാവായ എ കെ ആൻ്റണി മറ്റൊരു മണ്ഡലത്തിലും പ്രവർത്തനത്തിന് പോയില്ലെങ്കിലും പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി ഇറങ്ങുകയാണ് വേണ്ടത്. അത്, മറ്റ് എല്ലാ മണ്ഡലങ്ങളും കോൺഗ്രസിന് അനുകൂലമായ തരംഗമുണ്ടാക്കും. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ ഉണ്ടായ തരംഗം പോലെ എല്ലാ മണ്ഡലങ്ങളും ഇതും കോൺഗ്രസിനെ സ്വാധീനിക്കും. ഇപ്പോൾ എ കെ ആൻ്റണി എന്ന കോൺഗ്രസിലെ മുതിർന്ന നേതാവ് ചെയ്യേണ്ട കാര്യം അതാണ്. അനിൽ കെ ആൻ്റണി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി യ്ക്ക് വേണ്ടി പ്രവർത്തനത്തിന് എത്തിയപ്പോൾ എ കെ ആൻ്റണി യു.ഡി.എഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് വേണ്ടി പ്രവർത്തിക്കാൻ എത്തിയത് ആളുകളിൽ ആവേശം വിതച്ചിരുന്നു. അതുപോലെ ഇക്കുറി മറ്റൊരു മണ്ഡലത്തിലും എ കെ ആൻ്റണി പോയില്ലെങ്കിലും പത്തനംതിട്ടയിൽ എത്തുന്നത് കോൺഗ്രസിന് മൊത്തത്തിൽ ഉണർവ് ഏകും.

നിലവിൽ പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയ്ക്ക് വേണ്ടി ഡോ. തോമസ് ഐസകും ഇവിടെ മാറ്റുരയ്ക്കുന്നു. മകൻ ബി.ജെ.പി യിൽ പോയെന്നതിനാൽ ഇമേജ് നഷ്ടപ്പെട്ടിരിക്കുന്ന എ കെ ആൻ്റണിയ്ക്ക് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ കിട്ടുന്ന അവസരം കൂടിയാവും ഇത്. എ കെ ആൻ്റണി തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടി പ്രചാരണത്തിന് എത്തുമെന്നാണ് പറയുന്നത്. ആൻ്റണി അവിടെ എത്തിയില്ലെങ്കിലും തരൂർ ജയിക്കാനാണെങ്കിൽ ജയിക്കും. ഇന്ന് കേരളത്തിൽ എ കെ ആൻ്റണിയെക്കാളും കോൺഗ്രസ് പ്രവർത്തകരുടെ ഇടയിലും സാമൂഹ്യമധ്യത്തിലും തരൂരിന് വലിയ സ്വാധീനമുണ്ട്. അതിനാൽ എ കെ ആൻ്റണി ഇറങ്ങേണ്ടത് തിരുവനന്തപുരത്ത് അല്ല. മകൻ മത്സരിക്കുന്ന പത്തനംതിട്ടയിൽ തന്നെയാണ്. ഇനിയെങ്കിലും ആൻ്റണി കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും വിഡ്ഡികളാക്കരുതെന്നാണ് പ്രവർത്തകർ തന്നെ പറയുന്നത്.

36-ാം വയസ്സിൽ കോൺഗ്രസിലൂടെ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയ ആളാണ് എ കെ ആൻ്റണി. ചെറുപ്രായത്തിൽ കെ.പി.സി.സി പ്രസിഡൻ്റും ആയി. വളരെക്കാലം കേന്ദ്രമന്ത്രിയായി തുടർന്നു. രാജ്യസഭയിലൂടെ ഈ വയസസാം കാലത്തും കോൺഗ്രസ് എ കെ ആൻ്റണിയെ എം.പി യാക്കി നിലനിർത്തി. കേരളത്തിൽ മറ്റൊരു കോൺഗ്രസ് നേതാക്കൾക്കും ലഭിക്കാത്ത സൗഭാഗ്യങ്ങളാണ് കോൺഗ്രസിലൂടെ ആൻ്റണിയ്ക്ക് ലഭിച്ചത്. ഇനിയൊരു കോൺഗ്രസ് നേതാവിന് ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുമോ എന്ന കാര്യവും സംശയമാണ്. അച്ഛന്റെ പേരിൽ മാത്രം വളർന്ന ഒരു വ്യക്തി മാത്രമാണ് പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അനിൽ കെ ആൻ്റണി. അതിനാൽ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ മകനൊപ്പം അല്ല താൻ എന്ന് തെളിയിക്കേണ്ട ബാധ്യതയും എ കെ ആൻ്റണി എന്ന കോൺഗ്രസിലെ മുതിർന്ന നേതാവിനുണ്ട്.

Keywords: News, AK Antony, Thomas Isaac, Politics, Election, CPM, Congress, BJP, Candidate, AK Antony should campaign in Pathanamthitta. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia