9.16 Crore | മുഖ്യമന്ത്രിയുടെ പടം അടിച്ച സി ആപ്റ്റിന് 9.16 കോടി; സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ നവ കേരള സദസിന്റെ ബില്‍ പാസാക്കി തുക അനുവദിച്ചു

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ നവ കേരള സദസിന്റെ കോടികളുടെ ബില്‍ പാസാക്കി സര്‍കാര്‍ തുക അനുവദിച്ചു. നവ കേരള സദസിനായി മുഖ്യമന്ത്രിയുടെ പടമുള്ള 25.40 ലക്ഷം പോസ്റ്റര്‍ അടിച്ചതിന് സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വടേഷന്‍ വിളിക്കാതെയാണ് പിആര്‍ഡി കരാര്‍ സി ആപ്റ്റിന് നല്‍കിയത്.

മുഖ്യമന്ത്രിയുടെ കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സര്‍കാര്‍ അനുവദിച്ചു. നവ കേരള സദസിന്റെ തുടര്‍ച്ചയായ പരിപാടിക്കാണ് ചെലവ്. ഇതില്‍ 20 ലക്ഷം കൃഷിവകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് നല്‍കുന്നത്. ബാക്കി വകുപ്പിന് കീഴില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപായി കണ്ടെത്താനാണ് ഉത്തരവ്.

കര്‍ഷകര്‍ക്ക് പല സബ്‌സിഡി ഇനങ്ങളില്‍ കോടികണക്കിന് രൂപ കുടിശ്ശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്. ഹോര്‍ടികോര്‍പിന് പച്ചക്കറി വിറ്റവകയിലും പമ്പിംഗ് സബ്‌സിഡി, വിള നാശ നഷ്ട പരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശികയാണുള്ളത് നല്‍കാനുള്ളത്. ഇതിനിടെയാണ് കാര്‍ഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ചത്.

ജീവനക്കാരുടെ ശമ്പള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ തുക അനുവദിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, സര്‍കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല.

9.16 Crore | മുഖ്യമന്ത്രിയുടെ പടം അടിച്ച സി ആപ്റ്റിന് 9.16 കോടി; സര്‍കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ നവ കേരള സദസിന്റെ ബില്‍ പാസാക്കി തുക അനുവദിച്ചു

ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ സര്‍കാരിന് മുന്നറിയിപ്പ് നല്‍കി. സ്പീകര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേന്ദ്രത്തിനെതിരെ കേരളം സമര്‍പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സംസ്ഥാന സര്‍കാര്‍. അടിയന്തരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Keywords:
News, Kerala, Kerala-News, Malayalam-News, 9.16 Crore, Sanctioned, Nava Kerala Sadas, Poster Expense, Government, Politics, Salary, Government Employees, Financial Crisis, Kerala news, Thiruvananthapuram News, 9.16 Crore sanctioned for Nava Kerala Sadas's poster expense.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia