Suspension | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിവാദം; വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

 


വയനാട്: (KVARTHA) പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡീന്‍ പുറത്തുവിട്ടു.

അടുത്ത ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്‌പെന്‍ഷന്‍. 33 വിദ്യാര്‍ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് സസ്പെന്‍ഷന്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടലിന് പിന്നാലെയാണ് നടപടി. ഡീന്‍ 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പുനഃസ്ഥാപിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷന്‍ എന്നിവരുടെ സസ്പെന്‍ഷനാണ് സ്റ്റേ ചെയ്തത്.

സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെയാണ് കോളജിലെ മറ്റൊരു റാഗിങ് പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തിരുന്നത്. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ട് ഈ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇടക്കാല ഉത്തരവായാണ് ഇരുവരുടെയും സസ്പെന്‍ഷന് സ്റ്റേ അനുവദിച്ചത്. ആന്റി റാഗിങ് കമിറ്റിയോട് റിപോര്‍ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ പി സി ശശീന്ദ്രന്‍ രാജിവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് പി സി ശശീന്ദ്രന്‍ പ്രതികരിച്ചത്.

രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെയാണ് പി സി ശശീന്ദ്രന്റെ രാജി. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഗവര്‍ണര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 33 വിദ്യാര്‍ഥികളെ കുറ്റ വിമുക്തരാക്കി കൊണ്ടാണ്ടായിരുന്നു വിസിയുടെ ഉത്തരവ്. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനൊപ്പം കുറ്റ വിമുക്തരാക്കുക കൂടി ചെയ്തിരുന്നു വിസിയുടെ ഉത്തരവില്‍. വിസിക്ക് എങ്ങനെ കുറ്റ വിമുക്തരാക്കാന്‍ കഴിയും എന്നായിരുന്നു രാജ്ഭവന്റെ ചോദ്യം.

Suspension | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; 33 വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിവാദം; വീണ്ടും സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെയാണ് 33 പേരെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ 31 പേര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും രണ്ട് സീനിയര്‍ വിദ്യാര്‍ഥികളും ഉള്‍പെടും. സിദ്ധാര്‍ഥനെ വിചാരണ ചെയ്യുകയോ മര്‍ദിക്കുകയോ ചെയ്യാത്തവരാണ് ഇവരെന്ന് ആന്റി റാഗിംഗ് സെല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവസമയം ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഷന്‍. നടപടി കാലാവധി പൂര്‍ത്തിയായതോടെ ഇവര്‍ നല്‍കിയ അപീല്‍ പരിഗണിച്ച് സസ്പെന്‍ഷന്‍ വി സി പിന്‍വലിച്ചു. ഇവരെ കുറ്റവിമുക്തര്‍ ആക്കുകയും ചെയ്തു. ഇതാണ് രാഷ്ട്രീയ വിവാദമായത്.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് പി സി ശശീന്ദ്രന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയില്‍നിന്ന് വിരമിച്ച അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍. മാര്‍ച് 2 നാണ് ശശീന്ദ്രനെ വെറ്റിനറി സര്‍വകലാശാല വിസിയായി നിയമിച്ചത്.

Keywords: News, Kerala, Kerala-News, Malayalam-News, 33 Students, Pookode News, Wayanad News, Veterinary College, Suspended, Sidharth Death Case, VC, Vice-Chancellor, Dr PC Saseendran, Resigned, 33 Students in Pookode Veterinary College Suspended again in Sidharth Death Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia