Follow KVARTHA on Google news Follow Us!
ad

Wildlife attacks | കേരളത്തിലെ വന്യജീവി ആക്രമണങ്ങൾ: എവിടെയാണ് പ്രശ്നം, ആരാണ് ഉത്തരവാദി?

കാടിറങ്ങാതെ കാക്കണം Pulpally, Wayanad, Wildlife attacks,
_മിന്റാ മരിയ തോമസ്_

(KVARTHA) കേരളത്തിൽ വയനാട്, മൂന്നാർ പോലെയുള്ള സ്ഥലങ്ങൾ വന്യജീവി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതുമൂലം ഗ്രാമപ്രദേശത്ത് ജീവിക്കുന്നവരുടെ സാഹചര്യം വളരെ ബുദ്ധിമുട്ടിലാണ്. ഇവിടെയൊക്കെ ഇപ്പോൾ ആന, പുലി, കടുവ ഇറക്കമൊക്കെ സർവ സാധാരണം ആയിരിക്കുകയാണ്. ഇവിടെയുള്ള മനുഷ്യരുടെ ജീവൻ അപകടത്തിലാകുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ വീണ്ടും കടുവ ആക്രമണം ഉണ്ടായി. ആടിക്കൊല്ലി 56 ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയിൽ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ പിൻഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ് ആക്രമിച്ചത്.

Wildlife attacks, animal incursions make life difficult.

മനുഷ്യനെയും വന്യമൃഗങ്ങൾ ഓടിച്ചിട്ട് ആക്രമിക്കുന്നു. മാത്രമല്ല, സ്വന്തം കൃഷി സ്ഥലത്ത് കൃഷി ചെയ്യാൻ പോലും ഇവിടെയുള്ള മനുഷ്യർക്ക് സാധിക്കുന്നില്ല. ആന മുതൽ മുള്ളൻ പന്നി വരെ എല്ലാം കൃഷികൾ നശിപ്പിക്കുന്നു. ശരിക്ക് പറഞ്ഞാൽ ജോലിക്ക് പോകാതെ ജീവിക്കാൻ എല്ലാമുണ്ടായിരുന്നു പറമ്പിൽ. ഇപ്പോൾ തരിശുഭൂമിയായി ഒന്നും ബാക്കി വെക്കുന്നില്ല. വളരെ ഭീകരമായൊരു അവസ്ഥതന്നെയാണ് വയനാട്ടിലും മൂന്നാറിലുമൊക്കെ കാണാൻ ആവുന്നത്. മരുഭൂമി, പീഠഭൂമി, വനം, സമതലം, സമുദ്രം എന്നിങ്ങനെ ഭൂമിയെ തരം തിരിച്ചിട്ടുണ്ട്. വനം കയ്യേറി ഇവിടെ ജീവിക്കുന്നവരും വളരെയാണ്. അത്തരം ഭൂ മാഫിയാകൾക്ക് വലിയൊരു വോട്ട് ബാങ്ക് ഇവിടെ ഉണ്ട്. അത് ആലോചിക്കുമ്പോൾ വനം കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഒരു നടപടിയും മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് സത്യം.

Wildlife attacks, animal incursions make life difficult.

പട്ടയം ഇല്ലാതെ ഇവിടെ എത്രയോ ആളുകൾ അനധികൃത ഭൂമി കൈവശം വെച്ചിരിക്കുന്നു. ഇത് യാഥാർത്ഥ്യമാണ്. ഇത്തരക്കാരെ ഒഴിപ്പിക്കാൻ ഒരു നീക്കവും സർക്കാരിൻ്റയോ ഭരണകൂടങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് നാം കാണാതെ പോകരുത്. കാടിറങ്ങുന്നതിനെയെല്ലാം വെടിവച്ചു കൊല്ലാനും കാടു കയറിയതിനൊയൊക്കെ തിരഞ്ഞു പിടിച്ചു കൊല്ലാനും മാത്രമല്ല ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. കാടിറങ്ങാതെ കാക്കണം. മനുഷ്യരെ, കാടിറങ്ങാതെ കാക്കണം. മൃഗങ്ങളെ. കാടിറങ്ങാതെയിരിക്കാൻ കാട്ടിൽ വല്ലതുമൊക്കെ ബാക്കിയുണ്ടാവണം. ഇടമുറിഞ്ഞുപോയ വന്യത നഷ്ടപ്പെട്ട കാടുകൾ വെറും തേക്കിൻ തോട്ടങ്ങളും യൂക്കാലിസ്റ്റ് തോട്ടങ്ങളും സെന്നക്കാടുകളും ആയി. ഒക്കെ വേരോടെ പിഴുതുമാറ്റി ചെയ്യേണ്ടവർ വല്ലതും ചെയ്യാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും ജനങ്ങൾ പ്രതികരിക്കും.

റേഡിയോ കോളർ എന്നത് ആനയെ പിടിക്കുമ്പോൾ ഇട്ടുകൊടുക്കുന്ന ആഭരണമല്ല. അതിന്റെ നീക്കങ്ങളെ നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വേണ്ടിയുള്ള സംവിധാനമാണ്. ഈ സംവിധാനം വെറുതെ പ്രഹസനമാക്കരുത്. ഈ ഭൂമിയുടെ അവകാശികൾ എല്ലാവരുമാണ്. അതിർത്തികൾ നിശ്ചയിക്കുന്ന മനുഷ്യരും, അതിർത്തികൾ തിരിച്ചറിയാനാവാത്ത മൃഗങ്ങളും എല്ലാം. വന്യജീവികൾക്ക് വനം അന്യമാവുകയാണ്. വനം കയ്യേറ്റങ്ങളും വനങ്ങളുടെ പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കലും ഒക്കെയാണ് ഇന്ന് നടന്നുവരുന്ന വന്യജീവി ആക്രമണങ്ങളുടെ യഥാർത്ഥ കാരണം.

പശ്ചിമഘട്ടത്തിനെ സംരക്ഷിക്കാനുള്ള ഗാഡ്ഗിൽ സമിതി റിപ്പോർട്ടിനെതിരെ ബന്ദും ഹർത്താലും നടത്തിയ പ്രബുദ്ധ മലയാള പരിസ്ഥിതി സ്നേഹം കാട്ടിയവരാണ് നമ്മൾ. അതായത്, വനം കയ്യേറ്റക്കാർക്ക് വോട്ട് ബാങ്കുള്ള കേരളം. വന്യ ജീവികളുടെ ആവാസ സ്ഥലങ്ങളിൽ നിന്ന് മനുഷ്യൻ മാറി താമസിക്കണം. അതാണ് ഇന്നുള്ള പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം. കാട്ടാന വനത്തിൽ അല്ലാതെ എവിടെ നിൽക്കും. ആനക്ക് കാട്ടിലും നിൽക്കാൻ പാടില്ലെങ്കിൽ അതിൻ്റെ ഉത്തരവാദികൾ വനം കയ്യേറ്റക്കാർ തന്നെ. പിന്നെ നല്ലൊരു ചികിത്സാ സംവിധാനം പോലും ഇവിടെയുള്ള സ്ഥലങ്ങളിൽ ആവിഷ്ക്കരിച്ച് നടപ്പാക്കുവാൻ സർക്കാരിന് സാധിക്കുന്നില്ലെന്നത് അതീവ ലജ്ജാകരം തന്നെ.

എന്തായാലും ഇപ്പോൾ മനുഷ്യൻ നേരിടുന്ന വന്യജീവി ആക്രമണം വലിയൊരു വിപത്ത് തന്നെയാണ്. ഇതിനെ മുളയിലെ നുള്ളിയില്ലെങ്കിൽ വരും കാലങ്ങളിൽ മനുഷ്യന് ഇവിടെ ജീവിക്കാൻ സാധിക്കാതെ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാകും. ഇതിന് ഇപ്പോഴെ ഭരണകൂടങ്ങൾ ഒരു ശാശ്വതപരിഹാരം കണ്ടെ മതിയാകൂ. അനധികൃതമായി വനം വെട്ടിപ്പിടിച്ച് കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് അത് തിരികെ പിടിച്ച് അതിൽ മൃഗങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണം.

നേരത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് അങ്ങനെയൊരു നീക്കം നടന്നുവെങ്കിലും ഭൂ മാഫിയാകളുടെ ഇടപെടൽ മൂലം അദ്ദേഹത്തെ ഒടിച്ച് മടക്കി മൂലയ്ക്ക് ഇരുത്തി എന്ന് വേണം പറയാൻ. അതിൻ്റെയൊക്കെ പരിണിത ഫലമാണ് ഇന്ന് വയനാട്, മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ മനുഷ്യൻ അനുഭവിക്കുന്നത്. ഇതിനെ ബന്ധപ്പെട്ട മന്ത്രിയും സർക്കാരുമൊന്നും കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ 'കാട് മൃഗങ്ങൾക്ക് വിട്ടുകൊടുക്കുക..അവരും ജീവിക്കട്ടെ.. നാട്ടിൽ നമുക്ക് സമാധാനത്തോടെ ജീവിയ്ക്കാം'.


Article, Editor’s-Pick, Animal, Pulpally, Wayanad, Wildlife attacks, animal incursions make life difficult.
< !- START disable copy paste -->

Post a Comment