Bharat Rice | 29 രൂപയ്ക്ക് ഒരു കിലോ അരി! 'ഭാരത് അരി' എവിടെ നിന്ന് വാങ്ങാം, റേഷൻ കാർഡ് ആവശ്യമാണോ? സബ്‌സിഡി നിരക്കിൽ വേറെയുമുണ്ട് സാധനങ്ങൾ; അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) ഒരു കിലോയ്ക്ക് 29 രൂപയ്ക്ക് 'ഭാരത് അരി' പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിൽ ഈ തീരുമാനം പ്രധാനമാണ്. രാജ്യത്തെ അരിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 43 രൂപയാണ്. വിപണിയിൽ ഭാരത് അരിയുടെ വിൽപന ആരംഭിച്ചിട്ടുണ്ട്.
 
Bharat Rice | 29 രൂപയ്ക്ക് ഒരു കിലോ അരി! 'ഭാരത് അരി' എവിടെ നിന്ന് വാങ്ങാം, റേഷൻ കാർഡ് ആവശ്യമാണോ? സബ്‌സിഡി നിരക്കിൽ വേറെയുമുണ്ട് സാധനങ്ങൾ; അറിയേണ്ടതെല്ലാം

   എന്താണ് ഭാരത് അരി?

മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സബ്‌സിഡി നിരക്കിലാണ് ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. അരി കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും അരിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അഞ്ച് കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഭാരത് അരി എവിടെ കിട്ടും?


ആദ്യ ഘട്ടത്തിൽ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികൾ വഴിയാണ് സർക്കാർ ഈ അരി വിതരണം ചെയ്യുന്നത്. നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ എല്ലാ ഫിസിക്കൽ, മൊബൈൽ ഔട്ട്‌ലെറ്റുകളിൽ നിന്നും നിങ്ങൾക്ക് ഭാരത് അരി വാങ്ങാം. അഞ്ച് ലക്ഷം ടൺ അരിയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

എൻസിസിഎഫ് സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകൾ ഉടൻ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഡ് സൊസൈറ്റികൾ വഴിയും സ്വകാര്യ സംരംഭകർ വഴിയും വിൽപന നടത്തുമെന്ന് എൻസിസിഎഫ് കൊച്ചി മാനേജർ സി കെ രാജൻ പറഞ്ഞിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള മറ്റ് ചില്ലറ വിൽപന ശൃംഖലകളിലൂടെ ഈ അരി ഉടൻ ലഭ്യമാകും. അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനും അധികൃതർ പദ്ധതിയിട്ടുണ്ട്.

റേഷൻ കാർഡ് വേണോ?


റേഷൻ കാർഡ് ഉടമകൾക്ക് മാത്രമല്ല കിലോയ്ക്ക് 29 രൂപയ്ക്ക് അരി ലഭ്യമാകുമെന്നതാണ് ഇതിൻ്റെ വലിയ പ്രത്യേകത. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല.

സബ്‌സിഡി നിരക്കിൽ വിൽക്കുന്ന മറ്റ് സാധനങ്ങൾ

കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രം 'ഭാരത് ആട്ട' എന്ന ബ്രാൻഡിൽ സബ്‌സിഡിയുള്ള ഗോതമ്പ് വിൽപ്പന ആരംഭിച്ചിരുന്നു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെ 800 മൊബൈൽ വാനുകൾ വഴിയും രാജ്യത്തുടനീളമുള്ള 2,000-ഓളം ഔട്ട്‌ലെറ്റുകൾ വഴിയും ഇത് വിൽക്കുന്നു. ഗോതമ്പിന് പുറമെ, ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും 25 രൂപയ്ക്ക് ഉള്ളിയും വിൽക്കുന്നുണ്ട്.

Keywords: Bharat rice, Lifestyle, Ration Card, New Delhi, Subsidy, Central Govt, Corps, NAFED, NCCF, Bharat Atta, Outlet, Wheat, What is Bharat rice? Check price list and where to buy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia