Follow KVARTHA on Google news Follow Us!
ad

PayTM | അത്ഭുതപ്പെടുത്തുന്നത് പേടിഎമ്മിൻ്റെ കഥ; ഒപ്പം വിജയ് ശേഖർ ശർമയുടേതും; ഒരു കാലത്ത് ഇംഗ്ലീഷ് അറിയാത്തതിന് പരിഹാസങ്ങൾ നേരിട്ടു, പിന്നീട് പിടിവാശിയോടെ കോടികളുടെ കമ്പനി കെട്ടിപ്പടുത്തു; ആ വിജയഗാഥ ഇങ്ങനെ!

'ഭക്ഷണത്തിന് വേണ്ടി കടം വാങ്ങിയിട്ടുമുണ്ട്' PayTM, Success Story, ദേശീയ വാർത്തകൾ
ന്യൂഡൽഹി: (KVARTHA) പേടിഎമ്മിൻ്റെ ഓഹരികൾ തുടർച്ചയായി ഇടിയുകയാണ്. പേടിഎം പേയ്‌മെൻ്റ് ബാങ്കിന്മേലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നടപടികൾ കമ്പനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിജയ് ശേഖർ ശർമ്മ 2010ലാണ് പേടിഎം ആരംഭിച്ചത്. ഇദ്ദേഹം ഇന്ന് കോടീശ്വരനാണ്. എന്നാൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിക്കാൻ ഭക്ഷണത്തിനും പാനീയത്തിനും വേണ്ടി സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങേണ്ടി വന്ന മോശം ദിനങ്ങളും താൻ നേരിട്ടിട്ടുണ്ടെന്ന് വിജയ് ശേഖർ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Vijay Shekhar Sharma's Success Story

യുപിയിലെ അലിഗഢ് ജില്ലയിലെ ചെറിയ ഗ്രാമത്തിൽ നിന്നുള്ള വിജയ് ശേഖർ ശർമ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിൻ്റെ ഉയരങ്ങൾ താണ്ടിയത്. ഇദ്ദേഹം ഇന്ന് യുവ ഇന്ത്യൻ വ്യവസായികൾക്ക് പ്രചോദനത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു. പരാജയങ്ങളിൽ തോൽക്കാതെ പോയവരിൽ ഒരാളാണ് വിജയ് ശേഖർ ശർമ. പുതിയ പ്രതിസന്ധി അദ്ദേഹം എങ്ങനെ തരണം ചെയ്യുമെന്നത് ഏവരും ഉറ്റുനോക്കുകയാണ്.

ഹിന്ദി മീഡിയം കാരണം പരിഹാസം

അലിഗഢിലെ ചെറിയ പട്ടണമായ ഹർദുഗഞ്ചിലെ ഹിന്ദി മീഡിയം സ്‌കൂളിൽ നിന്നായിരുന്നു വിജയ് ശേഖറിൻ്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഡൽഹി കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി. പ്രാഥമിക വിദ്യാഭ്യാസം മുഴുവൻ ഹിന്ദി മീഡിയത്തിലായിരുന്നു. എൻജിനീയറിംഗ് പഠിക്കാൻ വിജയ് ശേഖർ ഡൽഹിയിലെത്തിയപ്പോഴാണ് ഹിന്ദിയും ഇംഗ്ലീഷും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ച് അറിയുന്നത്.

ഹിന്ദി മീഡിയത്തിൽ പഠിച്ചിരുന്ന വിജയ് ശേഖർ ശർമയുടെ ഇംഗ്ലീഷ് അത്ര നല്ലതായിരുന്നില്ല. ഇതുകാരണം ഒരുമിച്ച് പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ പലതവണ കളിയാക്കാറുണ്ടായിരുന്നു. ഒരു ദിവസം പ്രൊഫസർ വിജയിനോട് ഒരു ചോദ്യം ചോദിച്ചപ്പോൾ, ചോദ്യം മനസ്സിലാകാത്തതിനാൽ വിജയ്ക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, ഇംഗ്ലീഷ് പഠിക്കാൻ വേണ്ടി ചില സുഹൃത്തുക്കളെയും അദ്ദേഹം കണ്ടെത്തി. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ വിജയ് നേരിട്ടു, പലപ്പോഴും പരാജയപ്പെട്ടു, പക്ഷേ അത് പഠിച്ചാലേ അതിജീവിക്കാൻ കഴിയൂ എന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു. തന്റെ ഇച്ഛാശക്തി കൊണ്ട് അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടി.

പേടിഎം തുടങ്ങുന്നു

വിജയ് ശേഖർ ശർമ്മ 1997-ൽ എൻജിനീയറിംഗ് പഠനകാലത്ത് 'ഇന്ത്യ സൈറ്റ്' എന്ന പേരിൽ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിരുന്നു. ഇത് പിന്നീട് ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റു. അതിനുശേഷം, 2000-ൽ അദ്ദേഹം വൺ 97 (one97) കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. തമാശകളും റിംഗ്‌ടോണുകളും പരീക്ഷാഫലങ്ങളും ക്രിക്കറ്റ് മാച്ച് സ്‌കോറുകളും ഇതിലൂടെ ആളുകളിലേക്കെത്തിച്ചു. പേടിഎമ്മിൻ്റെ മാതൃ കമ്പനിയാണ് ഈ വൺ 97. 2010ൽ സൗത്ത് ഡൽഹിയിലെ വാടക മുറിയിൽ നിന്നാണ് വിജയ് ശേഖർ പേടിഎം ആരംഭിച്ചത്. ഇതിന് ശേഷം വിജയ് ശേഖർ ശർമ്മ തിരിഞ്ഞു നോക്കിയില്ല. വിജയത്തിൻ്റെ ഉയരങ്ങൾ തൊടുന്നത് തുടർന്നു.

നിക്ഷേപകനെ കണ്ടുമുട്ടുന്നു

ഒരു വലിയ പ്രോജക്റ്റിൻ്റെ ജോലി തന്ന പ്രശസ്ത നിക്ഷേപകനെ കണ്ടുമുട്ടിയതോടെയാണ് വിജയുടെ കമ്പനി ആരംഭിച്ചത്. ജോലിയിൽ സന്തുഷ്ടനായ അദ്ദേഹം വിജയിയെ കമ്പനിയുടെ സിഇഒ ആകാൻ വാഗ്ദാനം ചെയ്തു. എന്നാൽ തനിക്ക് സ്വന്തമായി കമ്പനിയുണ്ടെന്ന് പറഞ്ഞ് വിജയ് ഈ ഓഫർ നിരസിച്ചു. 40 ശതമാനം ഷെയറും ഓഫീസും ജോലിക്ക് പകരം എട്ട് ലക്ഷം രൂപയും വിജയ്ക്ക് നൽകി. ക്രമേണ വിജയ്‌യുടെ കമ്പനി ട്രാക്കിലേക്ക് വന്നു, തുടർന്ന് 2010 ൽ സ്മാർട്ട്‌ഫോണുകളുടെയും ഇൻ്റർനെറ്റിൻ്റെയും യുഗം ആരംഭിച്ചു. ഇതുവഴി പേടിഎം ക്ലിക്കായി.

ബിസിനസ് ആശയം ഉടലെടുത്തത്

വിജയ് ഡൽഹിയിൽ താമസിക്കുമ്പോൾ അവധി ദിവസങ്ങളിൽ മാർക്കറ്റുകൾ സന്ദർശിക്കുകയും ഫോർച്യൂൺ, ഫോർബ്സ് തുടങ്ങിയ മാസികകളുടെ പഴയ കോപ്പികൾ വാങ്ങുകയും ചെയ്യുമായിരുന്നു. ഈ സമയത്ത്, ഒരു പഴയ മാസികയിൽ ഒരു ബിസിനസുകാരൻ്റെ വിജയഗാഥ വായിച്ചു. അമേരിക്കയിലെ സിലിക്കൺ വാലിയിൽ താമസിക്കുന്ന ഒരാൾ തൻ്റെ ഗാരേജിൽ നിന്ന് ഒരു കമ്പനി ആരംഭിച്ച് അത് വിജയിപ്പിച്ചതെങ്ങനെയെന്ന് അതിൽ വിവരിച്ചിരുന്നു. ഈ കഥ വിജയ് ശേഖറിനെ വളരെയധികം സ്വാധീനിക്കുകയും ബിസിനസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നേരിട്ടെങ്കിലും വിജയ് ശേഖർ ശർമ പലർക്കും പ്രചോദനമാകുന്ന വ്യക്തിത്വമാണെന്ന കാര്യത്തിൽ സംശയമില്ല.

Keywords: News, National, New Delhi, PayTM, Success Story, Hindi Medium School, Business, Vijay Shekhar Sharma's Success Story.
< !- START disable copy paste -->

Post a Comment