Uterine Fibroids | ഗര്‍ഭാശയ മുഴയെ ഒരിക്കലും അവഗണിക്കരുത്; കാരണവും പരിഹാരവും, ലക്ഷണങ്ങളും അറിയാം!

 


കൊച്ചി: (KVARTHA) ഗര്‍ഭാശയ ഭിത്തികളില്‍ കണ്ടു വരുന്ന തടിപ്പുകളാണ് ഗര്‍ഭാശയ മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ എന്ന് അറിയപ്പെടുന്നത്. സ്ത്രീയുടെ പ്രത്യുത്പാദന അവയവത്തിനുള്ളില്‍ വളരുന്നതിനാല്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്ക് ഇതുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭപാത്രത്തില്‍ ഒരെണ്ണമോ ഒട്ടേറെയെണ്ണമോ ആയി ഇത് വളരാം. ഗര്‍ഭാശയ മുഴയുടെ വലുപ്പം ആപിള്‍ കുരുവിന്റെയത്ര ചെറുത് മുതല്‍ മുന്തിരിയോളം വരെയാവാം. ചില കേസുകളില്‍ ഗര്‍ഭാശയ മുഴക്ക് വളരെയേറെ വലുപ്പമുണ്ടാകാം.
Uterine Fibroids | ഗര്‍ഭാശയ മുഴയെ ഒരിക്കലും അവഗണിക്കരുത്; കാരണവും പരിഹാരവും, ലക്ഷണങ്ങളും അറിയാം!

ആര്‍ത്തവം നേരത്തെ തുടങ്ങുന്നവരിലും വൈകി നിലയ്ക്കുന്നവരിലും, പ്രസവിക്കാത്തവരിലും, മുലയൂട്ടാത്തവരിലുമാണ് പൊതുവേ ഗര്‍ഭാശയ മുഴ കണ്ടു വരുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഈസ്ട്രജന്‍ പ്രവര്‍ത്തനം അധികരിക്കുന്നതാണ് ഗര്‍ഭാശയ മുഴക്ക് കാരണമായി വൈദ്യശാസ്ത്രത്തില്‍ പറയുന്നത്. 30-40 വയസു വരെ പ്രായമുളളവരിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത്.

ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ തന്നെയാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. അമിതമായി മാംസാഹാരം കഴിയ്ക്കുന്നവരിലും അമിത വണ്ണമുള്ളവരിലുമെല്ലാം ഗര്‍ഭാശയ മുഴ കണ്ടു വരുന്നു. ഗര്‍ഭാശയ മുഴ പാരമ്പര്യമായി വരാം. അമ്മയ്ക്ക് ഇതുണ്ടെങ്കില്‍ മകള്‍ക്കും ഉണ്ടാവാം. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരില്‍ ഗര്‍ഭാശയ മുഴയുമായി ബന്ധപ്പെട്ട് ഏറെ ആപത് സാധ്യകളുണ്ട്.

യോനിവഴിയുള്ള പരിശോധന, എംആര്‍ഐ സ്‌കാന്‍ തുടങ്ങിയ പല മാര്‍ഗങ്ങളും ഫൈബ്രോയ്ഡ് കണ്ടെത്താനും, വലുപ്പവും സ്ഥാനവും കണ്ടെത്താനായും നിലവിലുണ്ട്. ഗര്‍ഭാശയ മുഴയുടേതായ ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ ചികിത്സ ആവശ്യമില്ല. എന്നാല്‍ ഇവ കൃത്യമായ കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. അല്ലാത്ത പക്ഷം, ഇത് കൂടുതല്‍ ബ്ലീഡിംഗിനും ഇതെത്തുടര്‍ന്ന് വിളര്‍ച പോലുളള അവസ്ഥകള്‍ക്കും മറ്റും വഴിയൊരുക്കുകയും ചെയ്യും.

ഇതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലതാണ്. കൂടുതലായുണ്ടാകുന്ന ബ്ലീഡിംഗാണ് ഗര്‍ഭാശയ മുഴയുടെ സാധാരണ ലക്ഷണം. ഇത് പ്രധാനമായും ആര്‍ത്തവ സമയത്താണ് ഉണ്ടാകുക. വലിയ മുഴകളെങ്കില്‍ ഇത് മൂത്ര തടസം, ഇടക്കിടെ മൂത്രം ഒഴിക്കല്‍ പോലുളള പ്രശ്നങ്ങള്‍ക്കും കാരണമാകും. അപൂര്‍വമായി ചിലരില്‍ ഇത് ഗര്‍ഭധാരണം വൈകിപ്പിക്കുക, അബോര്‍ഷനുണ്ടാക്കുക എന്നിവയ്ക്കും കാരണമാകുന്നു. നടുവ് വേദന, ലൈംഗിക ബന്ധത്തിലുള്ള വേദന, അടിവയറിന്റെ വികാസം എന്നിവ ഗര്‍ഭാശയ മുഴയുടെ ലക്ഷണങ്ങളാണ്. എന്നാല്‍ സാധാരണ ഗതിയില്‍ വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് ഇതു വഴി വയ്ക്കാറില്ല.

മരുന്നുകള്‍ കൊണ്ട് മാറും

സാധാരണ ഗതിയില്‍ ചെറിയ ഫൈബ്രോയ്ഡുകളെങ്കില്‍ മാത്രം ഇത് മരുന്നുകള്‍ കൊണ്ട് മാറും. മൂന്നു മുതല്‍ ആറു മാസം വരെ ഇത് കഴിക്കേണ്ടി വരും. മരുന്നുകളല്ലാതെ ശസ്ത്രക്രിയ ഒഴിവാക്കണം എന്നാഗ്രഹിക്കുന്നവര്‍ക്ക് യൂട്രൈന്‍ ഫൈബ്രോയ്ഡ് എംബ്ലോയ്സേഷന്‍ എന്ന ചികിത്സാരീതിയുണ്ട്. ഇതുവഴി ഗര്‍ഭാശത്തിലേക്കുള്ള രക്തസ്രാവം തടയുന്നതിനൊപ്പം ഫൈബ്രോയ്ഡുകള്‍ക്കുള്ള രക്തവും തടയുന്നു. ഇവയുടെ വലിപ്പം കുറയുകയും ഇവയെ നശിപ്പിക്കുകയും ചെയ്യുന്നു.

മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ കാന്‍സറിന് കാരണമാകുമോ?

ഇത്തരം മുഴകള്‍ അഥവാ ഫൈബ്രോയ്ഡുകള്‍ കാന്‍സറാകുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ ഒരു ശതമാനം മാത്രമേ കാന്‍സറായി മാറാറുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം മുഴകള്‍ പെട്ടെന്നു വളരുകയോ മെനോപോസ് ശേഷം മുഴകള്‍ രൂപപ്പെടുകയോ ചെയ്യുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. അതല്ലാതെ ഇവ കാന്‍സറായി വളരാനുള്ള സാധ്യതകള്‍ ഏറെ കുറവാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തീരെ ചെറിയ മുഴകള്‍ക്ക് ചികിത്സ തന്നെ ആവശ്യമായി വരുന്നില്ല. വളരുന്നവയാണെങ്കില്‍ മാത്രമേ ചികിത്സ വേണ്ടി വരൂ.

സാധാരണ ഗതിയില്‍ ഫൈബ്രോയ്ഡുകള്‍ ഗര്‍ഭകാലത്ത് ആകൃതിയില്‍ വ്യത്യാസപ്പെടുന്നില്ല. എന്നാല്‍ മൂന്നില്‍ ഒന്ന് ഗര്‍ഭത്തില്‍ ഇത് ആദ്യത്തെ മൂന്നു മാസം വലുതാകുന്നു. ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ വര്‍ധിയ്ക്കുന്നതാണ് ഇതിന് കാരണം. ഇതാണ് ഫൈബ്രോയ്ഡ് വളര്‍ചയേയും സ്വാധീനിയ്ക്കുന്നത്. ഇവ ഗര്‍ഭകാലത്ത് പ്രശ്നമുണ്ടാക്കാം. എന്നാല്‍ പ്രസവത്തിന് മുന്‍പുള്ള 79 ശതമാനം ഫൈബ്രോയ്ഡുകളും പ്രസവ ശേഷം വലിപ്പം കുറയുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഫൈബ്രോയ്ഡുകള്‍ പോലുള്ള പ്രശ്നമെങ്കില്‍ ഗര്‍ഭധാരണത്തിന് മുന്‍പു തന്നെ ഇവയ്ക്കുള്ള ചികിത്സ തേടുന്നതാണ് ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ലത്.

ഫൈബ്രോയ്ഡുകളുളള സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് സിസേറിയന്‍ സാധ്യത ആറിരട്ടി

ഫൈബ്രോയ്ഡുകളുളള സ്ത്രീകള്‍ക്ക് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് സിസേറിയന്‍ സാധ്യത ആറിരട്ടി അധികമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഫൈബ്രോയ്ഡെങ്കില്‍ കുഞ്ഞിന്റേത് ബ്രീച് പൊസിഷനാകാനും സാധ്യതയുണ്ട്. അതായത് നോര്‍മല്‍ പ്രസവം നടക്കാന്‍ സാധ്യതയില്ലാത്ത പൊസിഷന്‍. ഫൈബ്രോയ്ഡ് ചില അവസരങ്ങളില്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകാറുണ്ട്. ഫൈബ്രോയ്ഡുകള്‍ കാരണമുണ്ടാകുന്ന വേദന യൂട്രസ് സങ്കോചിക്കാന്‍ കാരണമാകുന്നതാണ് മാസം തികയാതെയുളള പ്രസവത്തിന് കാരണമാകുന്നത്.

Keywords: Uterine Fibroids: Causes, Symptoms & Treatment, Kochi, News, Uterine Fibroids, Treatment, Doctors, Warning, Health, Health Tips, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia