Healthy Weights | ഗുണ്ടുമണികളായ കുട്ടികളെ കാണാന്‍ നല്ല അഴകാണ്, എന്നാല്‍ പൊണ്ണത്തടി സൂക്ഷിക്കണം! വളര്‍ന്നുവരുമ്പോള്‍ നേരിടേണ്ടി വരുന്നത് ഗുരുതരമായ അപകടം; ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നന്ന്

 


കൊച്ചി: (KVARTHA) മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും പൊണ്ണത്തടിയുടെ ഇരകളായി മാറുന്നുണ്ട്. ഇന്നത്തെ ജീവിതശൈലിയാണ് അതിന് പ്രധാന കാരണം. വ്യായാമം ഇല്ലാത്തതാണ് ഇത്തരം പൊണ്ണത്തടികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം. പണ്ടുകാലങ്ങളില്‍ ടെലിവിഷനും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയൊന്നും തന്നെ ഇല്ലാത്തതിനാല്‍ കുട്ടികള്‍ വീടിന് പുറത്തിറങ്ങി കളിക്കുക പതിവാണ്. ഭൂരിഭാഗം സമയവും ഇവര്‍ കളിയില്‍ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ പൊണ്ണത്തടി ഉണ്ടാകുന്നില്ല.

Healthy Weights | ഗുണ്ടുമണികളായ കുട്ടികളെ കാണാന്‍ നല്ല അഴകാണ്, എന്നാല്‍ പൊണ്ണത്തടി സൂക്ഷിക്കണം! വളര്‍ന്നുവരുമ്പോള്‍ നേരിടേണ്ടി വരുന്നത് ഗുരുതരമായ അപകടം; ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നന്ന്
 
എന്നാല്‍ ഇന്നത്തെ കുട്ടികളില്‍ ശാരീരിക പ്രവര്‍ത്തനങ്ങളോടുള്ള ശ്രദ്ധ കുറയുകയും മൊബൈല്‍, ലാപ്‌ടോപ്, വീഡിയോ ഗെയിമുകള്‍, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുകയും ഇത് പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഭാവിയില്‍ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉണ്ടാകുന്നുവെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ന്നുവരുമ്പോള്‍ ഇത്തരം കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അസുഖങ്ങളാണ്.

ഇത്തരം സാഹചര്യത്തില്‍ കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നല്ലതും മോശവുമായ ഭക്ഷണങ്ങള്‍, കലോറി ഉപഭോഗം, വ്യായാമക്കുറവിന്റെ ദോഷങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

കുട്ടിളുടെ തടി കൂടുന്നതിന്റെ ഒരു പ്രധാന കാരണം കൊഴുപ്പ്, ജങ്ക് ഫുഡ് അല്ലെങ്കില്‍ സംസ്‌കരിച്ചതും പഞ്ചസാര നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതാണ്. ഇത്തരം ഭക്ഷണശീലങ്ങളില്‍ നിയന്ത്രണം വരുത്തുകയും നല്ല ഭക്ഷണരീതികള്‍ പിന്തുടരുകയും ചെയ്താല്‍ നമ്മുടെ കുട്ടികളെ അസുഖങ്ങള്‍ വരുന്നതില്‍ നിന്നും സംരക്ഷിച്ച് പൂര്‍ണ ആരോഗ്യവാന്‍മാരാക്കും. പൊണ്ണത്തടിക്ക് കാരണമാകുന്നത് എന്തൊക്കെയാണെന്നും, ആരോഗ്യം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്നും അറിയാം

*ഉദാസീനമായ ജീവിതശൈലി


കുട്ടികള്‍ ടെലിവിഷന്‍, വീഡിയോ ഗെയിമുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയാണെങ്കില്‍, അത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. ഒരേ സ്ഥലത്ത് തന്നെ അനങ്ങാതെ ഇരിക്കുന്നതു കൊണ്ടുള്ള വ്യായാമക്കുറവ് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

*മോശം ഭക്ഷണരീതി

ഇന്നത്തെ കാലത്തെ കുട്ടികള്‍ സാധാരണയായി ജങ്ക് ഫുഡ് കഴിക്കുന്ന പ്രവണതയാണ് അധികവും കാണിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ശരീരത്തില്‍ കയറുന്ന കലോറി കളയുന്നതിനായി ഇവര്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അത് അമിതവണ്ണത്തിന് കാരണമാകുന്നു.

*പാരമ്പര്യം

ചില അപൂര്‍വ ജീന്‍ തകരാറുകള്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാന്‍ കാരണമാകും. ഇത് തടയാനായി കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കണം.

അമിത സമ്മര്‍ദം

മുതിര്‍ന്നവരില്‍ മാത്രമല്ല, ചെറിയ കുട്ടികളില്‍ പോലും സമ്മര്‍ദ പ്രശ്‌നങ്ങള്‍ കണ്ടേക്കാം. ഈ സമ്മര്‍ദങ്ങള്‍ ചിലപ്പോള്‍ വ്യക്തിപരവും ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്നുമാകാം. ഇത് ചെറിയ കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും. കുട്ടികളിലെ അമിതവണ്ണം ചെറുക്കാന്‍ നല്ല ഭക്ഷണശീലം വളര്‍ത്തുക.

അമിത വണ്ണം ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത്:


കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ അമിതഭാരവും ഉയര്‍ന്ന കൊളസ്‌ട്രോളും വരാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കുക. നല്ല ഭക്ഷണങ്ങളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള ബോധം കുട്ടികളില്‍ വളര്‍ത്തുക. ഇത് അവരെ നല്ല ആരോഗ്യത്തോടെ വളരാന്‍ പ്രോത്സാഹിപ്പിക്കും.

*ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

മറ്റു ഭക്ഷണങ്ങളൊന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞ് ചില മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പലപ്പോഴും ചിപ്‌സ്, ചോക്ലേറ്റുകള്‍, ഫ്രൈ, എയറേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ നല്‍കാറുണ്ട്. ഇവയെല്ലാം ട്രാന്‍സ്-ഫാറ്റ്, എണ്ണകള്‍, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നവയാണ്. ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ഗ്യാസ്ട്രിക് പ്രശ്നങ്ങളും നേരിടുന്നു. കുട്ടികളിലെ അമിതവണ്ണം തടയാനായി ചെറുപ്രായത്തില്‍ തന്നെ അവരെ ജങ്ക് ഫുഡുകളില്‍ നിന്ന് മാറ്റിനിര്‍ത്തുക.

*ആരോഗ്യകരമായ ലഘുഭക്ഷണം

ഫ്രൂട്ട്, ഫ്രൂട്ട് സലാഡുകള്‍, നട്‌സ്, തൈര് തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നല്‍കുക. ഇത് കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ആഹാരക്രമത്തില്‍ പലതരം ഭക്ഷണം ഉള്‍പ്പെടുത്തണം. അത് കഴിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. തന്റെ പ്ലേറ്റിലുള്ളതെല്ലാം കഴിക്കുന്ന കുട്ടി നല്ല ആരോഗ്യം നേടാന്‍ സാധ്യതയുണ്ട്.

കുട്ടിക്ക് എല്ലാ ഭക്ഷണ ഗ്രൂപുകളില്‍ നിന്നുമുള്ള സാധനങ്ങള്‍ പതിവായി നല്‍കുക. അതുപോലെ രക്ഷിതാക്കളും കുട്ടികളുടെ മുന്നില്‍ വച്ച് ഒരു ഭക്ഷണത്തോടും അനിഷ്ടം കാണിക്കരുത്. ആരോഗ്യകരമായ ഭക്ഷണം നിങ്ങള്‍ ആസ്വദിക്കുന്നില്ലെങ്കില്‍, കുട്ടികളും അത് നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.

*അമിതമായ ഭക്ഷണം വേണ്ട


സാധാരണ കഴിക്കുന്ന അളവ് എത്രയാണെന്ന് കുട്ടികളെ പഠിപ്പിക്കുക. അമ്മമാര്‍ പലപ്പോഴും കുട്ടികളെ അമിതമായി ആഹാരം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് അനാരോഗ്യകരമായ ഒരു വഴിയാണ്. കാരണം ഇത് അവരെ അമിത ഭാരം ഉള്ളവരാക്കി മാറ്റാന്‍ ഇടയാക്കും.

ഭക്ഷണം കഴിക്കുമ്പോള്‍ മൊബൈല്‍ സ്‌ക്രീനിലോ ടിവിയിലോ നോക്കി കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് പതിവായി മാറിയിരിക്കുന്നു. ഇത് അങ്ങേയറ്റം അനാരോഗ്യകരമായ ഒന്നാണ്. ഇത്തരം വഴികളിലൂടെ കുട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും അവര്‍ ആവശ്യത്തിലധികമോ കുറവോ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനാല്‍, ശ്രദ്ധ തിരിക്കാതെ ഭക്ഷണം കഴിക്കുമ്പോള്‍ ആസ്വദിച്ച് കഴിക്കുക.

*വ്യായാമം


കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശാരീരിക പ്രവര്‍ത്തനം അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികള്‍ കിട്ടുന്ന സമയം മുഴുവന്‍ ചിലവഴിക്കുന്നത് മൊബൈല്‍ ഫോണുകളിലാണ്. ഈ ശീലം മാറ്റി വിനോദങ്ങള്‍ക്കായോ മറ്റ് കളികള്‍ക്കായോ സമയം നീക്കിവയ്ക്കുക. ദിവസവും ശാരീരികമായി സജീവമായിരിക്കാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പ്രോത്സാഹിപ്പിക്കുക.

Keywords: Tips to Help Children Maintain a Healthy Weight, Kochi, News, Healthy Weight, Children, Health Tips, Health, Warning, Food, Exercise, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia