Follow KVARTHA on Google news Follow Us!
ad

Arrest | പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം; '20 കാരന്‍ നേരിട്ടത് ക്രൂര പീഡനം; മറ്റുള്ളവരുടെ മുന്നില്‍ വിവസ്ത്രനാക്കി നിര്‍ത്തി ആള്‍കൂട്ട വിചാരണയും മര്‍ദനവും'; കൂടുതല്‍ അറസ്റ്റ് ഉടന്‍; ഉപവാസ സമരവുമായി എ ബി വി പിയും കെ എസ് യുവും

2 പേര്‍ ഗൂഢാലോചനയില്‍ ഉള്‍പെടെ പങ്കെടുത്തതായി പൊലീസിന്റെ സംശയം Pookode Veterinary College, Student, Death, Arrest, Police, Lakkidi News, KSU, ABV
കല്‍പറ്റ: (KVARTHA) വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവും. കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ് എഫ് ഐ നേതാക്കള്‍ ഉള്‍പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം.

യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, ഭാരവാഹി എന്‍ ആസിഫ് ഖാന്‍ (20), എസ് എഫ് ഐ യൂണിറ്റ് സെക്രടറി അമല്‍ ഇഹ്സാന്‍ (20), കെ അഖില്‍ (23), ആര്‍ എസ് കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ അജയ് (20), ഇ കെ സൗദ് റിസാല്‍ (22), എ അല്‍ത്താഫ് (22), വി ആദിത്യന്‍ (22), എം മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണ വിധേയമായി കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, കാംപസ് യൂണിയന്‍ നേതാക്കള്‍ ഉള്‍പെടെ അറസ്റ്റിലായ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപിയും, കെ എസ് യുവും വ്യാഴാഴ്ച സര്‍വകലാശാലയ്ക്ക് മുന്നില്‍ ഉപവാസ സമരം നടത്തും.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹന്‍ ബിനോയ് ഉള്‍പെടെ ബുധനാഴ്ച അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് കാംപസിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ഥിയെ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പെടെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ച് നഗ്‌നനാക്കിയായിരുന്നു സിദ്ധാര്‍ഥനെ ആള്‍കൂട്ട വിചാരണ ചെയ്തത്. രണ്ട് ബെല്‍റ്റുകള്‍ മുറിയുന്നതുവരെ ഉപദ്രവിച്ചു. 130 ഓളം വിദ്യാര്‍ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാള്‍ പോലും അക്രമം തടയാന്‍ ചെല്ലാത്തത് സിദ്ധാര്‍ഥനെ തളര്‍ത്തി. അടുത്ത സുഹൃത്തുക്കള്‍ പോലും സിദ്ധാര്‍ഥനെ രക്ഷിക്കാന്‍ നോക്കിയില്ല. ക്രൂരമര്‍ദനത്തിന് ശേഷം 20 കാരന്‍ മനോവിഷമത്തിലായിരുന്നു.


മൂന്ന് മണിക്കൂര്‍ നീണ്ട പീഡനം കഴിഞ്ഞ് ഒളിവിലുള്ള പ്രതി സിന്‍ജോ ജോണ്‍സന്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഇതാണ് ആരും സഹായത്തിന് എത്താതിരുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവാനും ഒരുങ്ങാത്തതിനും പിന്നില്‍. അതോടെ ശാരീരികമായും മാനസികമായും അവശനായ സിദ്ധാര്‍ഥന്‍ ജീവനൊടുക്കുകയായിരുന്നു.

സിദ്ധാര്‍ഥിനെ മര്‍ദിക്കുന്നതിന് മുന്‍പ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിപട്ടികയിലുള്‍പെട്ട 18 പേര്‍ക്ക് പുറമെ അഞ്ചുപേരെ കൂടി ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ ഗൂഢാലോചനയില്‍ ഉള്‍പെടെ പങ്കെടുത്തതായാണ് സംശയമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Police-News, Crime, Crime-News, Pookode Veterinary College, Student, Death, Arrest, Police, Lakkidi News, KSU, ABVP, SFI, Accused, Arrest, Custody, Pookode Veterinary college student death; More arrests soon.

Post a Comment