Gyanvapi Mosque | 'ഹൈകോടതിയിലേക്ക് പോകൂ'; ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുപക്ഷത്തിന് ആരാധനയ്ക്ക് അനുമതി നൽകിയ ഉത്തരവിനെതിരെ സമീപിച്ച മുസ്ലീം പക്ഷത്തോട് സുപ്രീം കോടതി; തിടുക്കത്തിലും രാത്രിയുടെ ഇരുട്ടിലും ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തിയതായും ആരോപണം

 


ന്യൂഡെൽഹി: (KVARTHA) ഗ്യാൻവാപി മസ്ജിദിന്റെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ഹിന്ദു ഭക്തർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഗ്യാൻവാപി മസ്ജിദ് കേസിലെ ഹർജിക്കാരായ അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമിറ്റി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അലഹബാദ് ഹൈകോടതിയെ സമീപിക്കണമെന്ന് അഭിഭാഷകരെ അറിയിച്ചതായി ഇൻഡ്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Gyanvapi Mosque | 'ഹൈകോടതിയിലേക്ക് പോകൂ'; ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുപക്ഷത്തിന് ആരാധനയ്ക്ക് അനുമതി നൽകിയ ഉത്തരവിനെതിരെ സമീപിച്ച മുസ്ലീം പക്ഷത്തോട് സുപ്രീം കോടതി; തിടുക്കത്തിലും രാത്രിയുടെ ഇരുട്ടിലും ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ നടത്തിയതായും ആരോപണം

അഭിഭാഷകരായ ഫുസൈൽ അയ്യൂബി, നിസാം പാഷ തുടങ്ങിയവർ അടങ്ങിയ അഭിഭാഷക സംഘമാണ് വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സുപ്രീം കോടതിയുടെ അവധിക്കാല രജിസ്ട്രാറെ സമീപിച്ച്  വാരണാസി കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും നിയമപരമായ വഴികൾക്കും അഭ്യർഥിച്ചത്. പുലർച്ചെ നാലിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ രജിസ്ട്രാർ രേഖകൾ സമർപ്പിച്ചു. ഇവ പരിശോധിച്ചതിന് ശേഷം അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിൻ്റെ മുമ്പാകെ വിഷയം അവതരിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുസ്ലീം പക്ഷത്തോട് നിർദേശിക്കുകയായിരുന്നു.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് ഗ്യാൻവാപി മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഏഴ് ദിവസത്തിനകം ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തോട് കോടതി നിർദേശിച്ചിരുന്നുവെങ്കിലും വിധി വന്ന് മണിക്കൂറുകൾക്കകം ഭരണകൂടം സൗകര്യങ്ങൾ ഒരുക്കുകയും വ്യാഴാഴ്ച രാവിലെ ഹിന്ദു വിഭാഗം ആരാധന നടത്തുകയും ചെയ്തു.

അതേസമയം, ജില്ലാ ഭരണകൂടം ഹിന്ദു ഹർജിക്കാരുമായി ഒത്തുകളിക്കുകയാണെന്നും വളരെ തിടുക്കത്തിലാണ് നടപടികൾ ഉണ്ടായതെന്നും  മുസ്ലീം പക്ഷം ആരോപിച്ചു. ഏഴു മണിക്കൂറിനുള്ളിൽ ഭരണകൂടം എല്ലാ ജോലികളും പൂർത്തിയാക്കി. തിടുക്കത്തിലും രാത്രിയുടെ ഇരുട്ടിലും സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര കാരണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ഒരാഴ്ചത്തെ സമയം നൽകിയിരുന്നതായും മസ്ജിദ് കമിറ്റി വ്യക്തമാക്കി.

മസ്ജിദിൻ്റെ സീൽ ചെയ്ത ഭാഗം കുഴിച്ച് സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് വനിതാ ഹർജിക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് വാരാണസി കോടതിയുടെ ഉത്തരവ്. ഗ്യാൻവാപി മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (ASI) കണ്ടെത്തിയതായി ഹിന്ദുവിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാൽ, മുസ്ലീം പക്ഷം ഈ വാദം തള്ളുകയാണ്.

Keywords: Gyanvapi Mosque,  Varanasi, Court Verdict, New Delhi, India Today, Allahabad, Nizam Pasha, ASI, Muslim side moves Supreme Court against Gyanvapi puja order, asked to go to high court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia