Thomas Chazhikadan | മാറ്റമൊന്നുമില്ല, ഇക്കുറിയും ചാഴികാടന്‍ തന്നെ; കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം)

 


കോട്ടയം: (KVARTHA) വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസിന്റെ(എം) സീറ്റായ ഇവിടെ സിറ്റിങ് എംപി തോമസ് ചാഴികാടന്‍ (71) തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ ജോസ് കെ മാണിയാണ് കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയത്തില്‍ സംശയമില്ലെന്ന് അവകാശപ്പെട്ട ജോസ് കെ മാണി പാര്‍ടിക്കുള്ളിലെ സ്ഥാനാര്‍ഥി ചര്‍ചകളില്‍ ഉയര്‍ന്നുവന്നത് ഒരേയൊരു പേരു മാത്രമാണെന്നും ചൂണ്ടിക്കാട്ടി. രാജ്യസഭയിലേക്കും അധിക ലോക്‌സഭാ സീറ്റിനും പാര്‍ടിക്ക് അര്‍ഹതയുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. അതേസമയം, പാര്‍ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത തോമസ് ചാഴികാടന്‍ പ്രതികരിച്ചു.

Thomas Chazhikadan | മാറ്റമൊന്നുമില്ല, ഇക്കുറിയും ചാഴികാടന്‍ തന്നെ; കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്(എം)


ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ ഒരു പ്രധാന മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. കോട്ടയം സീറ്റില്‍ തോമസ് ചാഴികാടന്‍ തന്നെയാകും മത്സരിക്കുകയെന്ന സൂചനകള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

കേരള കോണ്‍ഗ്രസ് (എം) നേതൃയോഗങ്ങള്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്താണ് തോമസ് ചാഴികാടന്റെ പേര് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും സെക്രടേറിയറ്റും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ടി തലവനെന്ന നിലയില്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ചയായാണ് തോമസ് ചാഴികാടനെ വീണ്ടും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

കോട്ടയത്ത് ഇത്തവണ കേരള കോണ്‍ഗ്രസുകള്‍ തമ്മിലായിരിക്കും പോരാട്ടമെന്ന അഭ്യൂഹങ്ങള്‍ക്കു കരുത്തു പകര്‍ന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടന്‍ എത്തുന്നത്. യുഡിഎഫിനായി ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാകും കോട്ടയത്തു മത്സരിക്കുക എന്നാണു വിവരം. ഫ്രാന്‍സിസ് ജോര്‍ജ്, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ഈ സീറ്റ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപോര്‍ടുകളും പ്രചരിച്ചിരുന്നു.

2019ല്‍ ഇതേ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ചാഴികാടന്‍, അതിനുശേഷം കേരള കോണ്‍ഗ്രസ് മുന്നണി മാറിയതോടെയാണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത്. ഇന്നത്തെ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനായിരുന്നു അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒരു ലക്ഷത്തിലധികം വോടിന്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടന്‍ ജയിച്ചുകയറിയത്.

1991 മുതല്‍ പാര്‍ലമെന്ററി രംഗത്ത് സജീവമാണ് എഴുപത്തൊന്നുകാരനായ തോമസ് ചാഴികാടന്‍. സഹോദരന്‍ ബാബു ചാഴികാടന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പിന്നീട് തുടര്‍ചയായി 20 വര്‍ഷത്തോളം നിയമസഭയില്‍ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. 1991, 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്ക് വിജയിച്ചത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോല്‍വി വഴങ്ങിയ ചാഴികാടന്‍, 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായി.

Keywords: LP polls 2024: Thomas Chazhikadan to contest in Kottayam seat, Kottayam, News, Lok Sabha Election, Politics, Thomas Chazhikadan, Press Meet, Jose K Mani, Assembly Election, Parliament, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia